അന്താരാഷ്ട്ര പിക്നിക് ദിനം: തിരക്കുകൾ മാറ്റിവെച്ച് ഒത്തുചേരാം, സന്തോഷം പങ്കുവെക്കാം!

 
Family enjoying picnic in a scenic park, celebrating International Picnic Day.
Family enjoying picnic in a scenic park, celebrating International Picnic Day.

Representational Image Generated by Gemini

● മാനസിക സന്തോഷത്തിനും ബന്ധങ്ങൾ ദൃഢമാക്കാനും സഹായകരം.
● ഫ്രഞ്ച് വിപ്ലവാനന്തരം പ്രചാരം നേടിയ ആഘോഷം.
● സ്വയം പാകം ചെയ്ത ഭക്ഷണം പങ്കിട്ട് ആഘോഷിക്കുന്നു.
● പോർച്ചുഗൽ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ദേശീയ ദിനം.
● ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം.
● ആധുനിക അണുകുടുംബങ്ങൾക്ക് ഒത്തുചേരാൻ അവസരം.

നവോദിത്ത് ബാബു

(KVARTHA) ജൂൺ 18 അന്താരാഷ്ട്ര പിക്നിക് ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. തിരക്കുകളിൽ നിന്ന് മാറി, കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം ഒരു ദിവസം ചെലവഴിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ ദിനാചരണത്തിന് പിന്നിൽ.

ചെറിയ യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പ്രിയപ്പെട്ടവരുമായി നടത്തുന്ന ഇത്തരം ചെറിയ ഒത്തുചേരലുകൾ പരസ്പരം കൂടുതൽ അടുക്കാനും സൗഹൃദം പങ്കുവെക്കാനും സഹായിക്കുന്നു. ഇത് മനുഷ്യജീവിതത്തിൽ വലിയ സന്തോഷം നൽകുന്ന ഒന്നാണ്. ഇത്തരം ലഘു കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പിക്നിക് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ആധുനിക അണുകുടുംബ വ്യവസ്ഥിതിയിൽ കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇത്തരം ഒത്തുചേരലുകളുടെയും പങ്കുവെക്കലുകളുടെയും പ്രാധാന്യം വളരെ വലുതാണ്. മാനവരാശിക്ക് തിരക്കുകളും ജോലിഭാരവും മറന്ന് കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള ഒരു അവസരമായാണ് ഈ ദിനം വിഭാവനം ചെയ്തിരിക്കുന്നത്.

ഉല്ലാസയാത്രയും വിനോദസഞ്ചാരവും തമ്മിൽ വ്യത്യാസമുണ്ട്. വിനോദസഞ്ചാരം എന്നത് പൊതുവെ പരിചയമില്ലാത്ത ഒരു കൂട്ടം ആളുകൾ വിനോദത്തിനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതാണെങ്കിൽ, ഉല്ലാസയാത്ര കുടുംബങ്ങളോ അടുത്തറിയുന്നവരോ തങ്ങൾ തയ്യാറാക്കിയ ഭക്ഷണവുമായി ശാന്തമായ സ്ഥലങ്ങളിൽ നടത്തുന്ന ഒത്തുചേരലാണ്.

തിരക്കേറിയ ലോകത്ത് മനുഷ്യന് യാത്രകളും ഒത്തുചേരലുകളും അത്യാവശ്യമാണ്. എല്ലാ വിഷമങ്ങളും ദുഃഖങ്ങളും മാറ്റിവെച്ച് പ്രകൃതിരമണീയമായ സ്ഥലത്ത് ഒത്തുചേർന്ന് സന്തോഷമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുമ്പോൾ ജീവിതത്തിൽ പുതിയ ലക്ഷ്യബോധം ഉണ്ടാകുമെന്നത് യാഥാർത്ഥ്യമാണ്. പലർക്കും ദുരിതങ്ങളിൽ നിന്ന് മാറി പുതിയൊരു ജീവിതം ആരംഭിക്കാൻ ഇത്തരം മനസ്സ് തുറന്നുള്ള ഒത്തുചേരലുകൾ സഹായിക്കാറുണ്ട്.

'പിക്നിക്' എന്ന വാക്ക് ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഉത്ഭഭവിച്ചത്. 1800-കളുടെ മധ്യത്തിൽ ഫ്രഞ്ച് വിപ്ലവത്തിനുശേഷം രാജ്യത്തെ രാജകീയ പാർക്കുകളിൽ വീണ്ടും പ്രവേശിക്കാൻ അനുവാദം ലഭിച്ചതിന്റെ ഓർമ്മയ്ക്കായി ഫ്രാൻസിൽ ഇത് ഒരു ജനപ്രിയ വിനോദമായി ആരംഭിക്കുകയും പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നേരത്തെ പറഞ്ഞതുപോലെ, സ്വന്തമായി തയ്യാറാക്കിയ ഭക്ഷണം കൊണ്ടുവന്ന് കഴിച്ചുകൊണ്ടാണ് സാധാരണയായി പിക്നിക് ആഘോഷിക്കുന്നത്. ഒരു അനൗപചാരിക ഭക്ഷണ ഉത്സവമായി കുടുംബങ്ങൾ ഇത് ആചരിച്ചുവരുന്നു. പല രാജ്യങ്ങളും ഈ ദിനാചരണത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താറുണ്ട്.

നമ്മുടെ രാജ്യത്ത് പിക്നിക് ദിനം അത്ര പ്രചാരത്തിലില്ലെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് വളരെ പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. പോർച്ചുഗൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പിക്നിക് ദേശീയ ദിനമായി ആചരിക്കുന്ന സാഹചര്യവുമുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത തീയതികളിലും ഇത് ആചരിച്ചുവരുന്നുണ്ട്.

യൂറോപ്യൻ രീതികളും ആചാരങ്ങളും നമ്മുടെ നാട്ടിലേക്കും ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പിക്നിക് ദിനാചരണവും നാളെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!


Article Summary: Celebrating International Picnic Day to foster family bonds and relaxation.

#InternationalPicnicDay #FamilyTime #KeralaNews #PicnicDay #WorkLifeBalance #Celebration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia