History | രാജ്യം എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അതിന്റെ ചരിത്രപരമായ താളുകളെ കുറിച്ച് അറിയാം

 
Indian Independence Day, freedom struggle, Mahatma Gandhi, British Raj, Indian history, August 15, 1947, national flag, national anthem

Representational Image Generated By Meta

ഇന്ത്യയില്‍ കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭരണം കൈക്കലാക്കല്‍ ആയി അവരുടെ പ്രധാന ലക്ഷ്യം. 

ന്യൂഡെല്‍ഹി: (KVARTHA) രാജ്യം എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അതിന്റെ ചരിത്രപരമായ താളുകളെ കുറിച്ച് പലര്‍ക്കും വ്യക്തമായ അറിവുകള്‍ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളികളെ കുറിച്ച് എപ്പോഴും ഓര്‍ക്കണം. 


നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് 1947ല്‍ നമുക്ക് സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത്. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പലരും ജീവന്‍ വെടിഞ്ഞതിന്റെ ഫലമായി ലഭിച്ചതാണ്. ബ്രിട്ടിഷാധിപത്യത്തില്‍ നിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയില്‍ പല ഭാഗത്തായി വിവിധ സമരങ്ങള്‍ നടന്നു. ഈ സമര സംരംഭങ്ങളെ മൊത്തത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നു പറയാന്‍ സാധിക്കും. 

 

ഇന്ത്യയില്‍ കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭരണം കൈക്കലാക്കല്‍ ആയി അവരുടെ പ്രധാന ലക്ഷ്യം. അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് അവര്‍ ഭരണം പിടിച്ചെടുത്തു. ഇതിനെതിരെ 19ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചെറിയ തോതിലുള്ള സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 


 ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന് തുടക്കം കുറിച്ച 1757 ലെ പ്ലാസി യുദ്ധം മുതല്‍ ആരംഭിച്ച് 1857ലെ ശിപായി ലഹളയും 1947 ലെ ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനവും എല്ലാം ഓരോ ഭാരതീയന്റെയും രാജ്യത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഓര്‍മകളാണ്. മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. 


ഏകദേശം 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒട്ടനവധി ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. നിരവധി പ്രസ്ഥാനങ്ങളും നേതാക്കളും പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു.


ആധുനിക വിദ്യാഭ്യാസം നേടിയ വിരലിലെണ്ണാവുന്ന ദേശസ്നേഹികളുടെ കൂട്ടത്തില്‍ മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇന്ത്യയിലെ ദരിദ്രരായ ജനങ്ങളെ വിമോചനപ്പോരാട്ടത്തിന് മുന്നില്‍ നിന്ന് നയിക്കുകയും അവര്‍ക്ക് പുതിയ വഴി തെളിയിച്ചുകൊടുക്കുകയും ചെയ്ത യുഗപുരുഷന്‍ എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ചരിത്രം രേഖപ്പെടുത്തുന്നത്. 


ബാപ്പുജി, ഗാന്ധിജി എന്നീ പേരുകളില്‍ അദ്ദേഹം അറിയപ്പെടാറുണ്ട്. അഹിംസയുടെ ആള്‍രൂപമാണ് അദ്ദേഹം. സമ്പന്ന കുടുംബംത്തില്‍ ജനിച്ച അദ്ദേഹം പാവങ്ങളുടെ കൂടെയാണ് ജീവിച്ചത്. ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. 

ഗാന്ധിജിക്കൊപ്പം ജവഹര്‍ലാല്‍ നെഹ് റു, സുബാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്,  ചന്ദ്ര ശേഖര്‍ ആസാദ്, ബാല ഗംഗാധര തിലകന്‍, ഗോപാല കൃഷ്ണ ഗോഖലെ തുടങ്ങി ഒട്ടനവധി നേതാക്കളും ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടാന്‍ മുന്‍പന്തിയില്‍ നിന്നും പ്രയത്‌നിച്ചു. 


ദേശീയഗാനം അംഗീകരിച്ചത് 1950 ല്‍ 

സ്വാതന്ത്ര്യം ലഭിച്ച 1947 ല്‍ ഇന്ത്യയ്ക്ക് സ്വന്തമായി ദേശീയഗാനം ഇല്ലായിരുന്നുവെന്നാണ് ചരിത്രം പരിശോധിച്ചാല്‍ തെളിയുന്നത്. രവീന്ദ്രനാഥ ടാഗോര്‍ 1911 -ല്‍ രചിച്ച ഭരോടോ ഭാഗ്യോ ബിധാതാ എന്ന ഗാനം 'ജന്‍ ഗണ മന' എന്ന് പുനര്‍നാമകരണം ചെയ്യുകയും 1950 ജനുവരി 24 -ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഇതിനെ ദേശീയഗാനമായി അംഗീകരിക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.


നോവലില്‍ നിന്നുമെടുത്ത വന്ദേ മാതരം

 

രാജ്യത്തിന്റെ ദേശീയ ഗീതമായ വന്ദേ മാതരം യഥാര്‍ത്ഥത്തില്‍ ഒരു നോവലില്‍ നിന്നുമാണ് എടുത്തത് എന്നാണ് ചരിത്രം പറയുന്നത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗീതം അദ്ദേഹത്തിന്റെ തന്നെ ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായിരുന്നു. 1880 കളില്‍ ആയിരുന്നു ഇത് എഴുതിയത്, 1896 ല്‍ രവീന്ദ്രനാഥ ടാഗോറാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്. വന്ദേമാതരം 1950 ജനുവരി 24 ന് ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.


അതിര്‍ത്തി രേഖപ്പെടുത്തിയ റാഡ് ക്ലിഫ് ലൈന്‍

പഞ്ചാബിലെയും ബംഗാളിലെയും പാകിസ്ഥാന്‍, ഇന്ത്യന്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി സര്‍ സിറിള്‍ റാഡ് ക്ലിഫ് വരച്ച അതിര്‍ത്തി രേഖയായ റാഡ് ക്ലിഫ് ലൈന്‍ 1947 ഓഗസ്റ്റ് മൂന്നിനാണ് പൂര്‍ത്തിയായത്. എന്നാല്‍ ഇന്ത്യ അത് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് 1947 ആഗസ്റ്റ് 17 ന് ആയിരുന്നു. അതായത് ഇന്ത്യ സ്വാതന്ത്ര്യം നേടി രണ്ട് ദിവസങ്ങള്‍ക്കു ശേഷം.


ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

ഓഗസ്റ്റ് 15ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേറെയും അഞ്ച് ലോകരാജ്യങ്ങളുണ്ട്. കൊറിയ, ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിക്റ്റന്‍സ്‌റ്റൈന്‍, ബഹ്‌റിന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 14 ന് ആണ്


ഇന്ത്യയോട് ഏറ്റവും അവസാനം ചേര്‍ന്ന ഗോവ

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും ഗോവ ഒരു പോര്‍ച്ചുഗീസ് കോളനിയായി തന്നെ നിലനിന്നു. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ക്ക് ശേഷം  1961 ല്‍ ആണ് ഗോവ ഇന്ത്യന്‍ സൈന്യം രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്. അങ്ങനെ, ഇന്ത്യന്‍ പ്രദേശത്ത് അവസാനമായി ചേര്‍ന്ന സംസ്ഥാനമായി ഗാവ.


ദേശീയ പതാക

ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ പതാകയുടെ ആദ്യ വകഭേദം രൂപകല്‍പന ചെയ്തത് 1921 -ല്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പിംഗലി വെങ്കയ്യ ആയിരുന്നു. കുങ്കുമവും വെള്ളയും പച്ചയും നിറങ്ങളും മധ്യത്തില്‍ അശോക് ചക്രവുമുള്ള പതാക 1947 ജൂലൈ 22 -ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ആഗസ്റ്റ് 15 -ന് ഉയര്‍ത്തുകയും ചെയ്തു. കര്‍ണാടകയിലെ ധാര്‍വാഡില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന് മാത്രമാണ് ഇന്ത്യന്‍ പതാക നിര്‍മിക്കാനും വിതരണം ചെയ്യാനും അവകാശമുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia