SWISS-TOWER 24/07/2023

Disqualification | ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി; ശക്തമായി തിരിച്ചുവരാന്‍ ആവശ്യം, ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 
 

 
Indian Wrestler Disqualified, PM Modi Expresses Support
Indian Wrestler Disqualified, PM Modi Expresses Support

Image Credit: X/ Narendramodi, Facebook/ Vinesh Phogat

ADVERTISEMENT

പ്രതിരോധത്തിന്റെ പ്രതീകമാണെന്നും വെല്ലുവിളികളെ തലയുയര്‍ത്തിത്തന്നെ നേരിടുന്നതാണ് രീതിയെന്നും പ്രശംസ
 

ന്യൂഡെല്‍ഹി: (KVARTHA) പാരിസ് ഒളിംപിക്‌സില്‍ സ്വര്‍ണ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ട് രാജ്യത്തിനുവേണ്ടി സ്വര്‍ണമോ വെള്ളിയോ നേടുമെന്ന് ഉറച്ച വിശ്വാസം കായിക പ്രേമികള്‍ക്കെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. 125 കോടി ജനങ്ങളാണ് ഇതോടെ നിരാശരായത്. 

Aster mims 04/11/2022


അതിനിടെയാണ് വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി താരത്തെ ആശ്വസിപ്പിച്ചത്. ചാംപ്യന്‍മാരുടെ ഗണത്തിലെ ചാംപ്യനാണ് താങ്കളെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. ഓരോ ഇന്‍ഡ്യക്കാരനും പ്രചോദനവും അഭിമാനവുമാണ് വിനേഷ് എന്നും മോദി കുറിച്ചു.

 

മോദിയുടെ കുറിപ്പ്:

 

വിനേഷ്, താങ്കള്‍ ചാംപ്യന്‍മാരുടെ ചാംപ്യനാണ്. താങ്കള്‍ ഇന്‍ഡ്യയുടെ അഭിമാനവും ഓരോ ഇന്‍ഡ്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഈ നിമിഷം ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. പ്രതിരോധത്തിന്റെ പ്രതീകമാണ് താങ്കളെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തിത്തന്നെ നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട്- എന്ന് മോദി കുറിച്ചു.


ഡെല്‍ഹിയിലെ ജന്തര്‍ മന്തറിലെ തെരുവുകളില്‍ അനീതിക്കെതിരെ പോരാടിയ ഗുസ്തി താരങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശം, സമരത്തെ അവഗണിച്ച കേന്ദ്രസര്‍കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പെടെയുള്ളവര്‍ക്കുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയില്‍ അയോഗ്യയാക്കപ്പെട്ടതും പുറത്തായതും. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷ നിലനില്‍ക്കെയാണ്, ആശ്വാസവാക്കുകളുമായി അദ്ദേഹം രംഗത്തെത്തിയത്.

കലാശപ്പോരിന് മുന്നോടിയായി രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. നേരത്തെ, കടുത്ത പോരാട്ടത്തില്‍ പ്രീക്വാര്‍ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഒക്‌സാന ലിവാച്ച് എന്നിവരെ തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് സെമിയില്‍ ഇടംപിടിച്ചത്. 

ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മന്‍ ലോപസിനെ 5- 0ന് മലര്‍ത്തിയടിച്ചാണ് വിനേഷ് ഫൈനല്‍ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. രാത്രി 9.45നായിരുന്നു പോരാട്ടം നടക്കേണ്ടിയിരുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia