Border Crossed | സീമ ഹൈദറിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് സമാനമായ സംഭവം; ഫേസ്ബുക് സുഹൃത്തിനെ കാണാന്‍ രാജസ്താനില്‍നിന്ന് പാകിസ്താനിലേക്ക് കടന്ന് യുവതി
Jul 24, 2023, 14:54 IST
ജയ്പുര്‍: (www.kvartha.com) പാകിസ്താനില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് പാക് വനിതയായ സീമ ഹൈദര്‍ എത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും തനിയാവര്‍ത്തനം. രാജസ്താന്‍ സ്വദേശിനിയായ വീട്ടമ്മ ഫേസ്ബുക് വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ പാകിസ്താനിലേക്ക് കടന്നിരിക്കുകയാണ്.
പൊലീസ് പറയുന്നത്: 35 കാരിയായ അഞ്ജുവാണ് 29 കാരനായ നസ്റുല്ലയെ കാണുന്നതിനായി അതിര്‍ത്തി കടന്നത്. ഇന്‍ഡ്യന്‍ യുവതി ഫേസ്ബുക് സുഹൃത്തിനെ കാണാന്‍ പാകിസ്താനിലെത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തതോടെ രാജസ്താന്‍ പൊലീസ് അഞ്ജുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു.
വാഗ അതിര്‍ത്തി വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് സുഹൃത്തിനെ കാണാനായി കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ പിന്നീടാണ് അഞ്ജു പാകിസ്താനിലേക്കാണ് പോയതെന്ന് മാധ്യമങ്ങള്‍ വഴിയാണ് അരവിന്ദ് അറിയുന്നത്.
പാകിസ്താനിലെത്തിയ അഞ്ജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരുടെ രേഖകള്‍ ശരിയാണെന്ന് കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നല്‍കി. പാകിസ്താനിലെ അപര്‍ ദിര്‍ ജില്ലയിലാണ് നിലവില്‍ അഞ്ജുവുള്ളത്. മാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവും നസ്റുല്ലയും ഫേസ്ബുക് വഴി സുഹൃത്തുക്കളാകുന്നത്.
2007 ലാണ് അരവിന്ദും അഞ്ജുവും വിവാഹിതരായത്. ബിവാഡിയിലെ ഒരു സ്ഥാപനത്തിലാണു ഇരുവരും ജോലിചെയ്തിരുന്നത്. 15 വയസുള്ള പെണ്‍കുട്ടിയും ആറ് വയസുള്ള ആണ്‍കുട്ടിയും ദമ്പതികള്‍ക്കുണ്ട്.
2019ല്‍ പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി ഇന്‍ഡ്യയിലക്ക് എത്തിയ പാകിസ്താന്‍ സ്വദേശി സീമ ഗുലാം ഹൈദറിന്റെ കഥയുമായി സാമ്യമുള്ളതാണു അഞ്ജുവിന്റെ കഥ. എന്നാല്‍ സീമ രാജ്യത്തെത്തിയത് വീസയില്ലാതെ നേപാള്‍ വഴിയായിരുന്നു. അഞ്ജുവാകട്ടെ കൃത്യമായ രേഖകളുമായി, നിയമപരമായി വാഗാ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്താനിലെത്തിയത്.
അതേസമയം ഇന്‍ഡ്യന്‍ വനിത പാകിസ്താനിലേക്ക് കടന്നതോടെ പാകിസ്താനില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുവര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക് വഴി പരിചയപ്പെട്ടത്. എന്നാല്‍ അഞ്ജു പാകിസ്താനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം പറയുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് അഞ്ജുവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തിരിച്ചുവരുമെന്നും അവര്‍ അറിയിച്ചതായി ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്യുന്നു. അഞ്ജുവിന് പാകിസ്താനില്‍ 30 ദിവസം നില്‍ക്കാന്‍ അനുമതി ലഭിച്ചതായും റിപോര്‍ടുണ്ട്.
Keywords: News, National, National-News, Police, Family, Husband, Indian, Woman, Border Crossed, Love, Pakistan, Indian Woman Crosses Border To Meet Lover In Pakistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.