Criticism | ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വീഴ്ച; 24 കോടി രൂപ നഷ്ടവും റിലയന്‍സിന് നേട്ടവും; സിഎജിയുടെ കണ്ടെത്തൽ പുറത്തുവരുമ്പോൾ


● ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ റിലയൻസ് ഇന്ത്യയുമായി സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടിരുന്നു.
● അസോസിയേഷന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തി.
● റിലയൻസിന് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്ന് ആരോപണം.
ആദിത്യൻ ആറന്മുള
(KVARTHA) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും റിലയന്‍സ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറിലെ പിഴവ് കാരണം കായിക സംഘടനയ്ക്ക് 24 കോടി രൂപ നഷ്ടമുണ്ടാക്കുകയും കമ്പനിക്ക് അനാവശ്യമായ ആനുകൂല്യം നല്‍കുകയും ചെയ്തുവെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് രാജ്യാന്തര കായിക മത്സരങ്ങളില്‍ രാജ്യത്തെ അത്ലറ്റ് സംഘത്തെ നിയന്ത്രിക്കുന്നത്. പി ടി ഉഷയാണ് അസോസിയേഷന്റെ പ്രസിഡന്റ്.
2022, 2026 ഏഷ്യന്‍ ഗെയിംസ്, 2022, 2026 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2024 പാരിസ് ഒളിമ്പിക്‌സും 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് എന്നിവയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ 'ഔദ്യോഗിക പാര്‍ട്ണര്‍' ആകാന്‍ റിലയന്‍സ് ഇന്ത്യയ്ക്ക് അവകാശം ലഭിച്ചതായി സെപ്തംബര്‍ 12 ലെ റിപ്പോര്‍ട്ടില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പറഞ്ഞു. 2022 ഓഗസ്റ്റ് ഒന്നിനാണ് ഈ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പിട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കരാര്‍ നിബന്ധനകള്‍ അനുസരിച്ച്, ഒളിമ്പിക്‌സിനിടെയില്‍ രാജ്യത്തിന്റെ സംസ്‌കാരവും ആതിഥ്യമര്യാദയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പവലിയന്‍ 'ഇന്ത്യ ഹൗസ്' നിര്‍മ്മിക്കാനുള്ള അവകാശവും റിലയന്‍സ് ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. 2023 ഡിസംബര്‍ 5 ന്, 2026 ലും 2030 ലും നടക്കുന്ന ശീതകാല ഒളിമ്പിക് ഗെയിംസിനും യൂത്ത് ഒളിമ്പിക് ഗെയിംസിനും റിലയന്‍സ് ഇന്ത്യക്ക് അധിക അവകാശം നല്‍കുന്നതിനായി കരാര്‍ ഭേദഗതി ചെയ്‌തെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അവരുടെ താല്‍പ്പര്യം സംരക്ഷിച്ചില്ല, കാരണം പരിഗണിക്കുന്ന തുകയില്‍ മാറ്റമൊന്നുമില്ല, അതായത് 2023 ഡിസംബര്‍ 5 ന് ഒപ്പുവച്ച സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ വരാനിരിക്കുന്ന നാല് കായിക മാമാങ്കങ്ങളുടെ അവകാശം റിലയന്‍സിന് നല്‍കിയത് 35 കോടി രൂപയ്ക്കാണെന്ന് സിഎജി പറഞ്ഞു.
കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ അഭിപ്രായത്തില്‍, സ്പോര്‍ട്സ് അസോസിയേഷന്‍ പരിഗണനാ തുക 35 കോടിയില്‍ നിന്ന് 59 കോടി രൂപയായി ഉയര്‍ത്തേണ്ടതായിരുന്നു, കാരണം ആറ് ഗെയിമുകളുടെ അവകാശങ്ങളുടെ പരിഗണന തുക 35 കോടി രൂപയായിരുന്നു, ഇത് ഓരോ ഗെയിമിനും ശരാശരി 6 കോടി രൂപയായി കണക്കാക്കി. ഇത് വഴി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ ഉഷയോട് ഓഡിറ്റിംഗ് ബോഡി മറുപടി തേടിയിരുന്നു. ടെന്‍ഡറിലെ 'പിഴവ്' കാരണം കരാര്‍ വീണ്ടും ചര്‍ച്ച ചെയ്തതായി ഉഷയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് കുമാര്‍ നാരംഗ് പറഞ്ഞു. 'കരാര്‍ ഒപ്പിടുകയും പേരിടാനുള്ള അവകാശം 2022ല്‍ നല്‍കുകയും ചെയ്തപ്പോള്‍, സ്‌പോണ്‍സര്‍മാരുടെ പേരിലാണ് നല്‍കിയത്, അദ്ദേഹം പറഞ്ഞു. 2022-ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിസ്പോണ്‍സര്‍മാരുടെ പേര് കണ്‍ട്രി ഹൗസിനൊപ്പം അനുവദിച്ചെന്നും. 2023-ല്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യവസ്ഥകള്‍ മാറ്റി, സ്‌പോണ്‍സര്‍ക്ക് പേര് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അത് രാജ്യത്തിന്റെ പേരിലുള്ളതായിരിക്കണമെന്നും പറഞ്ഞു.
പുതിയ നിയമം ഗുണമാകില്ലെന്ന് മനസിലാക്കിയ റിലയന്‍സ് ഇന്ത്യ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയെന്നും ഇത് കണക്കിലെടുത്ത്, നാല് ഇവന്റുകളുടെ അധിക അവകാശം നല്‍കിയെന്നും നാരംഗ് പറഞ്ഞു. കൂടാതെ, സിഎജി ഒരു ഇവന്റിന് പ്രോ-റാറ്റ കണക്കാക്കിയിട്ടുണ്ട്, ഇത് ഒരു ഗെയിമിന് 6 കോടി രൂപയാകും. ഒരു സ്‌പോണ്‍സര്‍ക്ക് ലഭിക്കുന്ന പ്രചരണത്തെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. സമ്മര്‍ ഒളിമ്പിക്സിനെ അപേക്ഷിച്ച് വിന്റര്‍ ഒളിമ്പിക്സിലും യൂത്ത് ഒളിമ്പിക്സിലും ഇന്ത്യയുടെ പങ്കാളിത്തം വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറിലെ ഭേദഗതിയെക്കുറിച്ച് എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോടും സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയോടും കൂടിയാലോചിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ സഹദേവ് യാദവ് അവകാശപ്പെട്ടു. റിലയന്‍സ് നേട്ടമുണ്ടാക്കി, ഇത് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെയോ ഫിനാന്‍സ് കമ്മിറ്റിയുടെയും സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെയും അറിവിലില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്തുകൊണ്ടാണ് കരാര്‍ മാറ്റിയതെന്നും ആരാണ് ഒപ്പിട്ടതെന്നും പ്രസിഡന്റ് ഉത്തരം നല്‍കണം. ഇത് അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടാക്കി. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയ്‌ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നിലവിലുണ്ട്. പാരീസ് ഒളിമ്പിക്ക്‌സില്‍ വിനേഷ് ഫൊഗോട്ടിനെ മത്സര ഇനം മാറ്റിനല്‍കുകയും ഫൈനലില്‍ പങ്കെടുക്കാനുള്ള അപ്പീല്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. ആശുപത്രിയിലായ തന്നെ കണ്ട് സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുക മാത്രമാണ് പിടി ഉഷ ചെയ്തതെന്നും വിനേഷ് ആരോപിച്ചിരുന്നു. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ രാജ്യാന്തര സംഘടന വിലക്കിയിട്ടും അതിന്റെ തലപ്പത്തിലിക്കുന്നവര്‍ ഒളിമ്പിക്‌സ് വില്ലേജില്‍ തങ്ങിയതും ദുരൂഹമാണ്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കായിക ലോകം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കോടികളുടെ സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് സിഎജി പുറത്തുവിട്ടത്.
#IndianOlympicAssociation #IOA #PTUsha #Reliance #corruption #sports #Olympics #CAG #India