Trapped | അതിര്‍ത്തി കടന്ന് വിവാഹത്തിനുപോയ യുപി സ്വദേശികള്‍ പാകിസ്താനില്‍ കുടുങ്ങിയത് രണ്ടോ മൂന്നോ ദിവസമല്ല, 2 വര്‍ഷം; നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിച്ച് കുടുംബം
ലക്‌നൗ: (KVARTHA) അതിര്‍ത്തി കടന്നു വിവാഹത്തിനുപോയ യുപി സ്വദേശികള്‍ പാകിസ്താനില്‍ കുടുങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശികളായ മജീദ് ഹുസൈനും ഭാര്യയും മക്കളുമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ അധികൃതരുടെ കനിവും കാത്ത് പാകിസ്താനില്‍ കഴിയുന്നത്. ഹുസൈന്റെ ഭാര്യ താഹിര്‍ ജബീന്‍ പാക് സ്വദേശിയാണ്. 2007ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്.
വിവാഹശേഷം താഹിര്‍ ഇന്‍ഡ്യയിലെത്തി സ്ഥിരതാമസം ആരംഭിച്ചു. ഇതിനിടെ 2022ല്‍ താഹിറിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം പാകിസ്താനിലേക്ക് പോവുകയായിരുന്നു. രണ്ടു മാസത്തേക്കാണ് പോയത്. എന്നാല്‍ ചില സാഹചര്യങ്ങളെ തുടര്‍ന്ന് കൃത്യ സമയത്ത് മടങ്ങിയെത്താനായില്ല. വിസയുടെ കാലാവധി തീര്‍ന്നതോടെ കുടുംബം പാകിസ്തനില്‍ കുടുങ്ങുകയും ചെയ്തു.
ജന്മനാട്ടിലേക്ക് മടങ്ങിയെത്താന്‍ എല്ലാ വഴികളും തേടിയെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ കുടുംബാംഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മജീദിന്റെ അമ്മയും സഹോദരങ്ങളും ഇന്‍ഡ്യന്‍ സര്‍കാരിന്റെ സഹായം തേടിയിരിക്കുകയാണ്. എല്ലാ രേഖകളും സമര്‍പ്പിച്ചെങ്കിലും പാക് അധികൃതരില്‍ നിന്ന് അനുകൂലമായ നടപടികളുണ്ടാകുന്നില്ലെന്ന് മജീദിന്റെ അമ്മ ഫാമിദ പറയുന്നു.
മജീദും കുട്ടികളും വിസയ്ക്ക് യോഗ്യത നേടിയെങ്കിലും താഹിറിന്റെ അപേക്ഷ തുടര്‍ചയായി തള്ളുകയാണെന്നാണ് ബന്ധു ശക്കീര്‍ അലിയുടെ ആരോപണം. അതുകൊണ്ടുതന്നെ ഉന്നതോദ്യോഗസ്ഥരെ സമീപിച്ച് ഇവരെ മടക്കിക്കൊണ്ടുവരാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് കുടുംബം.