Army | അർജുനെ കണ്ടെത്താൻ ഷിരൂരിൽ സൈന്യമിറങ്ങി; പ്രതീക്ഷയോടെ ലോകം
ഷിരൂർ: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ (32) കണ്ടെത്താൻ സൈന്യമെത്തി. കാണാതായി ആറാം ദിവസം ഞായറാഴ്ച ഉച്ചയോടെയാണ് ബെലഗാവിയിൽ നിന്നും 40 അംഗ സൈന്യം ഷിരൂരിൽ എത്തിയത്. സൈന്യത്തിന്റെ ഇടപെടൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്നും അർജുനെ ജീവനോടെ കണ്ടെത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സൈന്യം എൻഡിആർഎഫ് സംഘവുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തും. കേരള-കർണാടക ഏരിയ കമാൻഡറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. മണ്ണിടിച്ചിലിന്റെ കാരണം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഇനിയും മണ്ണിടിച്ചിൽ സംഭവിക്കാനുള്ള സാധ്യത എന്നിവ സൈന്യം പരിശോധിക്കും. മണ്ണുനീക്കം ചെയ്യുന്നതിനും തിരച്ചിൽ ഊർജിതമാക്കുന്നതിനും സൈന്യം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കും.
മൂന്ന് വലിയ വാഹനങ്ങളിലാണ് സൈന്യം ഷിരൂരിലെത്തിയത്. തിരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അർജുന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഷിരൂരിൽ ഇപ്പോഴും മഴ പെയ്യുകയാണ്. മഴ ശക്തമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണ്. ഇതിനിടെ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ദുരന്ത സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തുന്നുണ്ട്.