പകരച്ചുങ്കത്തിനെതിരെ പുതിയ പടയൊരുക്കം: ഇന്ത്യ-അമേരിക്ക ബന്ധം പ്രതിസന്ധിയിൽ


● ട്രംപിന്റെ നടപടി ഇന്ത്യയെ മറ്റു സഖ്യങ്ങളിലേക്ക് അടുപ്പിച്ചേക്കാം.
● അമേരിക്കൻ ഉപരോധത്തിനെതിരെ ഇന്ത്യ, റഷ്യ, ചൈന കൂട്ടുകെട്ടിന് സാധ്യത.
● ബ്രസീലും ഈ കൂട്ടായ്മയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു.
● വിദേശനയത്തിൽ കാതലായ മാറ്റങ്ങൾക്ക് ഇന്ത്യ തയ്യാറായേക്കും.
ഭാമനാവത്ത്
(KVARTHA) ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഇതുകൂടാതെ, ഉക്രെയ്‌നെതിരായ യുദ്ധത്തിന് ഇന്ത്യ റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെ ബാധിക്കുന്നതാണ് പകരച്ചുങ്കം ഏർപ്പെടുത്തിയ ട്രംപിൻ്റെ നടപടി.

ഇത് രാജ്യത്തിൻ്റെ വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കും. സമുദ്രോത്പന്നങ്ങൾ, കശുവണ്ടി, കയർ തുണിത്തരങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തുകൽ ഉത്പന്നങ്ങൾ, വാഹന ഭാഗങ്ങൾ തുടങ്ങിയ പ്രധാന മേഖലകളെല്ലാം തിരിച്ചടി നേരിടും.
ട്രംപിനെ ഉറ്റസുഹൃത്തായി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘപരിവാറിനും ഏറ്റ കനത്ത തിരിച്ചടിയാണ് അമേരിക്കയുടെ ഈ നടപടി.
ഇന്ത്യയ്ക്കെതിരായ ട്രംപിൻ്റെ നീക്കം വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ വെല്ലുവിളിയാകും.
ഇന്ത്യൻ രൂപയുടെ മൂല്യം കുറയുക, കയറ്റുമതിയെ ആശ്രയിച്ചുള്ള കമ്പനികളുടെ ഓഹരികൾ ഇടിയുക, അമേരിക്കൻ വാങ്ങലുകാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവയ്ക്കുക എന്നിവയാണ് ഇന്ത്യൻ വ്യാപാരമേഖല അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന വെല്ലുവിളികൾ.
പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ തൊഴിലധിഷ്ഠിത മേഖലകളിൽ തൊഴിൽ നഷ്ടത്തിനും വിതരണ ശൃംഖലയിൽ തടസ്സങ്ങൾക്കും ഇത് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അപകടകരമായ വ്യാപാര നയങ്ങളും പ്രതികാരബുദ്ധിയോടെയുള്ള പകരച്ചുങ്ക നടപടികളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളിയായാണ് കേന്ദ്ര സർക്കാർ കാണുന്നത്.
അതുകൊണ്ടുതന്നെ അമേരിക്കയോടുണ്ടായിരുന്ന പഴയ ഊഷ്മളത ഇനിയുണ്ടാകണമെന്നില്ല. വിദേശനയത്തിൽ കാതലായ മാറ്റങ്ങൾക്കും ചുവടുവയ്പ്പുകൾക്കും കടക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയാണ്.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പകരച്ചുങ്കത്തിന് മറുപടിയായി ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കിടയിൽ നയതന്ത്രപരമായ നീക്കങ്ങൾ സജീവമായിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നൽകുന്നത് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇന്ത്യക്കെതിരായ പകരച്ചുങ്കം അൻപത് ശതമാനമായി ഉയർത്തുകയും തുടർന്ന് ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നത്.
റഷ്യൻ സഖ്യകക്ഷികളെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാനും, നിലച്ചുപോയ ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യയെ പ്രേരിപ്പിക്കാനുമുള്ള നീക്കങ്ങളാണ് ഈ നടപടികൾക്ക് പിന്നിലെന്നും വിദഗ്ധർ പറയുന്നു.
ട്രംപിനെ ഉറ്റ സുഹൃത്തായി വാഴ്ത്തിയിരുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘപരിവാറുമൊക്കെ. അതുകൊണ്ടുതന്നെ പകരച്ചുങ്കം ഏർപ്പെടുത്തിയ ട്രംപിൻ്റെ നടപടിക്ക് ഉചിതമായ മറുപടി നൽകാൻ ഇന്ത്യ തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദർശനത്തിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ റഷ്യ സന്ദർശനത്തിനും ഈ അവസരത്തിൽ പ്രാധാന്യമേറുന്നുണ്ട്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ചൈനയിലെത്തിയത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉടൻ റഷ്യയിലെത്തുമെന്ന് കരുതുന്നു. ഈ സന്ദർശനങ്ങളൊക്കെ ഏറെ പ്രാധാന്യമുള്ളതാണ്. കാരണം ഇന്ത്യയും ചൈനയും റഷ്യൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരാണ്.
ഇരു രാജ്യങ്ങളും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കും സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകി ട്രംപിൻ്റെ ഭീഷണികളെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ട്രംപിനെയും അമേരിക്കയെയും പേരെടുത്ത് പറഞ്ഞ് വിമർശിച്ചില്ലെങ്കിലും കർഷക താൽപര്യം സംരക്ഷിക്കുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ അമേരിക്കൻ ഉപരോധത്തിനെതിരെ ഇന്ത്യയും റഷ്യയും ചൈനയും ഒരുമിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ കൂടാതെ, യുഎസ് അൻപത് ശതമാനം പകരച്ചുങ്കം ചുമത്തിയ ബ്രസീലും ഈ കൂട്ടായ്മയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ട്രംപിന് വഴങ്ങുന്നതിന് പകരം തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച് പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മോദിയെയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനെയും സമീപിക്കുമെന്ന് ബ്രസീലിയൻ പ്രസിഡൻ്റ് അറിയിച്ചു. ട്രംപിൻ്റെ നടപടികൾ ഈ രാജ്യങ്ങളെ അമേരിക്കയ്ക്കെതിരെ ഒന്നിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് വിദേശകാര്യ രംഗത്തെ പുതിയ സംഭവവികാസങ്ങൾ.
ട്രംപിന്റെ ഈ നടപടികളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: India and US trade relations face crisis over new tariffs.
#USIndiaRelations #TradeWar #TrumpTariff #IndiaForeignPolicy #BRICS #Geopolitics