Tension Alert | ഇറാനെതിരെയുള്ള ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ; സംയമനം പാലിക്കണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്ക് തിരികെയെത്തണമെന്നും അഭ്യര്‍ഥന


● ആശങ്ക അറിയിച്ചത് പ്രസ്താവനയിലൂടെ
● ശനിയാഴ്ച രാവിലെയാണ് ഇറാന്റെ സേനാത്താവളങ്ങളില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്
● ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
ന്യൂഡെല്‍ഹി: (KVARTHA) ഇറാന്റെ സൈനികത്താവളങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ കലുഷിതമാകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. സംയമനം പാലിക്കണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്ക് തിരികെയെത്തണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

'പശ്ചിമേഷ്യയിലെ സാഹചര്യങ്ങളില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. സംയമനം പാലിക്കാനും നയതന്ത്രത്തിന്റെ പാതയിലേക്ക് തിരികെവരാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു'- എന്നാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറുമണിയോടെയാണ് ഒക്ടോബര്‍ ഒന്നിലെ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സേനാത്താവളങ്ങളില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപത്തടക്കം സ്‌ഫോടനമുണ്ടായി. ടെഹ് റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി.
ഇറാനില്‍ നടത്തിയ വ്യോമാക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍ പ്രതിരോധസേന അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് ആക്രമണമെന്നും ഇസ്രാഈല്‍ അറിയിച്ചു. ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നേരിടാന്‍ ഇസ്രാഈല്‍ പ്രതിരോധസേന ജാഗ്രതയിലാണ്.
ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രാഈലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ശനിയാഴ്ചത്തെ ഇസ്രാഈലിന്റെ ആക്രമണം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രാഈല്‍ തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു.
ഇസ്രാഈലിന്റെ സൈനിക തയാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവന്നത്. ഇസ്രാഈല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.
ഹമാസ് മേധാവി ഇസ്മഈല്‍ ഹനിയയെ ടെഹ് റാനില്‍ വച്ചും ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രാഈലിലേക്ക് തൊടുത്തത്.
#IndiaDiplomacy #IsraelIranTensions #MiddleEastCrisis #PeaceCalls #GlobalConflict