Vaccine | ഡെങ്കിപ്പനിക്ക് എതിരെ ഇന്ത്യയുടെ വലിയ കുതിപ്പ്; സ്വന്തം വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു
* ക്ലിനിക്കൽ പരീക്ഷണം വിജയകരമായാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസം.
ന്യൂഡൽഹി: (KVARTHA) ഡെങ്കിപ്പനിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക നാഴികക്കല്ലിലേക്ക്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), മരുന്ന് കമ്പനിയായ പനേസിയ ബയോടെക്കിനൊപ്പം ചേർന്ന് വികസിപ്പിച്ച ഡെങ്കി വാക്സിൻ ‘ഡെൻഗിഓൾ’ (DengiAll) ന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു.
ഇന്ത്യയുടെ ആദ്യത്തെ സ്വദേശി ഡെങ്കി വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ തുടക്കം ഡെങ്കിപ്പനിക്ക് എതിരായ പോരാട്ടത്തിൽ ഒരു നിർണായക നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു. ഐസിഎംആർ-പനേസിയ ബയോടെക് സഹകരണം നമ്മുടെ ജനതയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നമ്മുടെ ദർശനത്തെ ബലപ്പെടുത്തുന്നതോടൊപ്പം ആരോഗ്യമേഖലയിലെ ആത്മനിർഭർ ഭാരതത്തിന്റെ സ്വപ്നത്തെയും ഉയർത്തിപ്പിടിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെങ്കി പനി ഗുരുതരമായ ആരോഗ്യ പ്രശ്നമായി ഇന്ത്യയിൽ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് ഫലപ്രദമായ തടയാൻ വാക്സിൻ വികസിപ്പിക്കുന്നത് അത്യാവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ സ്വദേശി ഡെങ്കി വാക്സിൻ വികസിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നിയത്. ഡെൻഗിഓൾ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായാൽ ഡെങ്കി പനി പ്രതിരോധത്തിൽ ഇന്ത്യ ഒരു മുന്നേറ്റം കൈവരിക്കും.
ഈ പദ്ധതിയുടെ വിജയത്തിലൂടെ ഇന്ത്യയുടെ വൈദ്യശാസ്ത്ര ഗവേഷണ മേഖലയുടെ കഴിവ് വീണ്ടും ലോകത്തിന് മുന്നിൽ പ്രകടമാകുന്നതിനൊപ്പം ഡെങ്കി പനി ബാധിതരായ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഈ വാക്സിൻ വലിയ ആശ്വാസമായിരിക്കും. മഴക്കാലത്ത് പ്രത്യേകിച്ച്, ഡെങ്കി പനി ബാധിതരുടെ എണ്ണം വർദ്ധിക്കാറുണ്ട്.
#denguevaccine #India #ICMR #PanaceaBiotec #health #medicalresearch #clinicaltrials #denguefever #madeinindia