മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്‍ഡ്യ

 


അഹ് മദാബാദ്: (www.kvartha.com 11.02.2022) മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്‍ഡ്യ. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ ഇന്‍ഡ്യന്‍ ബൗളര്‍മാര്‍ 37.1 ഓവറില്‍ 169 റണ്‍സിന് എറിഞ്ഞിട്ടു. ഇതോടെ മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു.
മൂന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്‍ഡ്യ

266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ നികോളാസ് പുരന്‍ 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.

ഷായ് ഹോപ് (5), ബ്രെന്‍ഡന്‍ കിങ് (14), ഷമാര ബ്രൂക്സ് (0), ഡാരന്‍ ബ്രാവോ (20), ജേസന്‍ ഹോള്‍ഡര്‍ (6) ഫാബിയാന്‍ അലന്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

അല്‍സാരി ജോസഫ് 56 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് അവസാന വികെറ്റായി മടങ്ങി. ഹെയ്ഡന്‍ വാല്‍ഷ് 13 റണ്‍സെടുത്തു.

ഇന്‍ഡ്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വികെറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വികെറ്റ് വീതം നേടി.

വിന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍ മൂന്നും അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ടു വികെറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഒരിക്കല്‍ കൂടി തുടക്കം തകര്‍ന്ന ഇന്‍ഡ്യയ്ക്ക് മധ്യനിര രക്ഷയായപ്പോള്‍ 266 റണ്‍സ് വിജയലക്ഷ്യമാണ് ടീം വെസ്റ്റിന്‍ഡീസിന് മുന്നില്‍ വെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ കൃത്യം 50 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔടായി.

ആദ്യ 10 ഓവറുകള്‍ക്കുള്ളില്‍ 42 റണ്‍സിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), വിരാട് കോലി (0), ശിഖര്‍ ധവാന്‍ (10) എന്നിവരെ നഷ്ടമായ ഇന്‍ഡ്യയെ നാലാം വികെറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - ഋഷഭ് പന്ത് കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്‍ഡ്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പന്ത് 54 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്ത് പുറത്തായി.

ഇവര്‍ക്ക് ശേഷം വാലറ്റത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ചാഹറും 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും ചേര്‍ന്നാണ് ഇന്‍ഡ്യയെ 250 കടത്തിയത്. ഏഴാം വികെറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് ഇന്‍ഡ്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിന് (6) ഈ മത്സരത്തില്‍ മികവിലേക്കുയരാന്‍ സാധിച്ചില്ല. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ മുഹമ്മദ് സിറാജിനെ (4) പുറത്താക്കി ജേസന്‍ ഹോള്‍ഡര്‍ ഇന്‍ഡ്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്‍ഡ്യ നാലു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹല്‍, ശാര്‍ദുല്‍ താകൂര്‍ എന്നിവര്‍ക്ക് പകരം ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി.

ഋതുരാജ് ഗെയ്ക് വാദ്, പേസര്‍ ആവേശ് ഖാന്‍, രവി ബിഷ്ണോയ് എന്നിവര്‍ ഇതോടെ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. വിന്‍ഡീസ് നിരയില്‍ അകീല്‍ ഹുസൈനു പകരം ഹെയ്ഡന്‍ വാര്‍ഷ് ഇടംപിടിച്ചു.

Keywords:  India secure series sweep; beat WI by 96 runs, Ahmedabad, News, Cricket, Winner, Virat Kohli, Rohit Sharma, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia