പഹൽഗാമിലെ കണ്ണീരിന് പകരം ചോദിച്ച് ഇന്ത്യ; 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, 100 പേർ കൊല്ലപ്പെട്ടു; പ്രകോപിപ്പിച്ചാൽ ഇനിയും തിരിച്ചടി; സർവ്വകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി

 
Symbolic image of Indian Army operation.
Symbolic image of Indian Army operation.

Photo Credit: Facebook/ Indian Armed Forces

● കര, നാവിക, വ്യോമസേനകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
● ജയ്ഷെ, ലഷ്കർ, ഹിസ്ബുൾ താവളങ്ങളാണ് തകർത്തത്.
● സർവ്വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
● സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

(KVARTHA) ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും ഇതിനോടകം 100-ൽ അധികം ഭീകരരെ വധിച്ചെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഒരു സർവ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇന്ത്യക്ക് താല്പര്യമില്ല. എന്നാൽ പാകിസ്താൻ പ്രകോപിപ്പിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും പുരോഗമിക്കുകയാണെന്നും അതിനാൽ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ എണ്ണം ഇപ്പോൾ പറയാൻ സാധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്താൻ സൈന്യത്തിന് സാധിച്ചു. ഏകദേശം 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്. ഭീകരരുടെ താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പാകിസ്താനെതിരായ ഈ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നൽകിയ പിന്തുണയ്ക്ക് കേന്ദ്രസർക്കാർ നന്ദി അറിയിച്ചു. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുന്ന ഈ സമയത്ത് രാഷ്ട്രീയ നേതാക്കൾ പക്വതയോടെ പെരുമാറിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന് സൈന്യത്തെ അഭിനന്ദിച്ചെന്നും സർക്കാരിനും സൈന്യത്തിനും പിന്തുണ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രാജ്യത്തിനുണ്ടായ വേദനയ്ക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന സന്തോഷവാർത്തയോടെയാണ് രാജ്യം ഉണർന്നത്. അതിർത്തി കടന്നുള്ള പാകിസ്താന്റെ ഭീകരതയ്ക്ക് അവരുടെ മണ്ണിൽ ചെന്ന് സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തി. ഭീകരരുടെ പ്രധാന കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഒമ്പത് താവളങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്നു. കര, നാവിക, വ്യോമസേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്.


പ്രധാനമായും ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് സൈന്യം തകർത്തത്. ഹവൽപൂരിലെ മർകസ് സുബ്ഹാന, മുരിഡ്‌കെയിലെ മർകസ് ത്വയ്ബ, നരോവാലിലെ സർജാൽ/തെഹ്റ കലാൻ, സിയാൽക്കോട്ടിലെ മഹ്‌മൂന ജൂയ, ബർണാല ടൗണിലെ മർകസ് അഹ്‌ലെ ഹദീസ്, കോക്ലിയിലെ മർകസ് അബ്ബാസ്, കോക്ലിയിലെ മസ്‌കർ റഹീൽ ഷാഹിദ്, മുസഫറാബാദിലെ ഷവായ് നല്ലാഹ്, മുസഫറാബാദിലെ മർകസ് സൈദിനാ ബിലാൽ എന്നിവയാണ് തകർത്ത പ്രധാന ഭീകര കേന്ദ്രങ്ങൾ.


മർകസ് സുബ്ഹനല്ല 


2015 മുതൽ പ്രവർത്തിച്ചുവരുന്ന ഭീകരകേന്ദ്രമാണ് ഹവൽപൂരിലുള്ള മർകസ് സുബ്ഹാന. ജയ്ഷെ മുഹമ്മദ് ഭീകരരുടെ പ്രധാന പരിശീലന കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെയാണ് ജയ്ഷെ തലവൻ മൗലാന മസൂജ് അഷർ അടക്കമുള്ള ഭീകര നേതാക്കളുടെ വസതികളുള്ളത്.


മർകസ് ത്വയ്ബ 


ലഷ്കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രമാണ് പാക് പഞ്ചാബിലെ മുരിഡ്‌കെ നഗരത്തിലുള്ള മർകസ് ത്വയ്ബ. 2000 മുതൽ ഭീകര പരിശീലനം തകൃതിയായി നടക്കുന്ന ഇവിടെ ആയുധ പരിശീലനമാണ് പ്രധാനമായും നടന്നിരുന്നത്. ത്വയ്ബ കോംപ്ലക്‌സിൻറെ നിർമ്മാണത്തിന് ഒസാമ ബിൻ ലാദൻ 10 ദശലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു. 


മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രണം നടന്ന പ്രധാനയിടങ്ങളിലൊന്നായ ഇവിടെയാണ് അജൽ കസബ് പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രകൻമാരായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും തഹാവൂർ റാണയും മുരിഡ്‌കെ മുമ്‌ബ് സന്ദർശിച്ചിരുന്നു.


സർജാൽ/തെഹ്റ കലാൻ 


പാക് പഞ്ചാബിലെ നരോവാൽ ജില്ലയിൽ സ്ഥിതി ചെയ്തിരുന്ന പാക് ഭീകരതാവളമാണ് സർജാൽ. ജമ്മു കശ്മീരിലേക്ക് പാക് തീവ്രവാദികളെ നുഴഞ്ഞുകയറ്റാനായി ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടന സ്ഥാപിച്ചതാണ് ഈ താവളം. ഇവിടെ നിന്നാണ് അതിർത്തിതുരന്ന് ഭീകരർ ഇന്ത്യയിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാറ്. ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോണുകൾ വഴി ആക്രമണം നടത്താനുള്ള ലോഞ്ചിംഗ് ഇടമായും പാകിസ്താൻ ഈ പ്രദേശത്തെ കണക്കാക്കി.


മഹ്‌മൂന ജൂയ 


സർക്കാർ സ്ഥാപനത്തിൻറെ മറവിൽ ഭീകര താവളം പ്രവർത്തിപ്പിക്കാനുള്ള പാകിസ്ഥാൻ-ഐഎസ്ഐ ഗൂഢാലോചനയുടെ മറ്റൊരു തെളിവാണ് സിയാൽക്കോട്ടിലുള്ള മഹ്‌മൂന ജൂയ ഭീകരകേന്ദ്രം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ അവർക്ക് ആയുധ പരിശീലനം നടത്തിവന്നിരുന്നു. കൊടുംഭീകരനായ ഇർഫാൻ താണ്ടയാണ് ഈ ഹിസ്ബുൾ ഭീകര താവളത്തിൻറെ കമാൻഡർ.


മർകസ് അഹ ഹദീസ് 


ബർണാല ടൗണിൽ പാക് അധീന കശ്മീരിൽ ലഷ്‌കർ ഭീകരുടെ മറ്റൊരു പ്രധാന താവളമാണിത്. പുഞ്ച്, രജൗരി സെക്ടറുകളിലേക്ക് ലഷ്‌കർ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിനും മർകസ് അഹ്‌ലെ ഹദീസ് ഉപയോഗിക്കുന്നു. 


ഇന്ത്യയിലേക്ക് നുഴഞ്ഞുകയറും മുമ്ബ് ലഷ്‌കർ ഭീകരർ സ്റ്റേജിംഗ് കേന്ദ്രമായും ഇവിടം ഉപയോഗിച്ചുവരികയായിരുന്നു. 150 വരെ ഭീകരരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ താവളത്തിലാണ് ഖ്വാസിം ഗുജ്ജാറിനെയും ഖ്വാസും ഖണ്ഡയെയും അനസ് ജരാറിനെയും പോലുള്ള കൊടുംഭീകരർ പ്രവർത്തിക്കുന്നത്.


മർകസ് അബ്ബാസ് 


പാക് അധീന കശ്മീരിലെ കോക്ലിയിൽ സ്ഥിതി ചെയ്യുന്ന ജയ്‌ഷെ ഭീകരകേന്ദ്രമാണ് മർകസ് അബ്ബാസ്. ജയ്ഷെ നേതാവ് മുഫ്തി അബ്ദുൾ റൗഫ് അസ്മറിൻറെ പ്രധാന സഹായിയായ ഹാഫിസ് അബ്ദുൾ ഷകൂറാണ് ഈ ഭീകര താവളത്തിൻറെ തലവൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഷകൂർ നേരിട്ട് പങ്കാളിയാണ്. 


മർകസ് അബ്ബാസിൽ 125 ജയ്ഷെ ഭീകരർ വരെയുണ്ടാവാറുണ്ട് എന്നാണ് നിഗമനം. പൂഞ്ച്- രജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള ജെയ്ഷെ മുഹമ്മദിൻറെ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഈ കേന്ദ്രത്തിൽ നിന്നാണ്.


മസ്ക‌ർ റഹീൽ ഷാഹിദ് 


കോക്ലിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഭീകര താവളമായ മസ്‌കർ റഹീൽ ഷാഹിദ്, ഹിസ്ബുൾ മുജാഹിദ് ഭീകരരുടെ പഴക്കം ചെയ്യ കേന്ദ്രങ്ങളിലൊന്നാണ്. 200 വരെ ഭീകരരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഈ ഭീകര താവളത്തിനുണ്ട്. പ്രധാനമായും വെടിവെപ്പ് പരിശീലനമാണ് ഇവിടെ നടക്കുന്നത്.


ഷവായ് നല്ലാഹ് 


പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഷവായ് നല്ലാഹ് ഭീകര ക്യാംപ് സ്ഥിതി ചെയ്തിരുന്നത്. ഇതും ലഷ്‌കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അയ്മൽ കസബിന് ഇവിടെ പരിശീലനം ലഭിച്ചിരുന്നു. ലഖർ ഭീകരരുടെ റിക്രൂട്ട്മെൻറിനും പരിശീലനത്തിനും ഉപയോഗിച്ചുവന്നിരുന്ന ഷവായ് നല്ലാഹ് ക്യാംപ് 2000ത്തിൻറെ തുടക്കം മുതൽ പ്രവർത്തിച്ചുവരികയായിരുന്നു. 


ലഷ്കർ സാങ്കേതികവിദ്യകളിലുള്ള പരിശീലനം ഉൾപ്പടെ നേടിയിരുന്നത് ഇവിടെയാണ്. ലഷ്‌കർ ഭീകരർക്ക് ഇവിടെ പാക് സൈന്യത്തിൽ നിന്നുള്ള വിദഗ്ഗർ ആയുധ പരിശീലനം നൽകിയിരുന്നു. ഒരേസമയം 250 ലഷ്കർ ഭീകരർക്ക് വരെ പരിശീലനം നൽകാൻ സൗകര്യമുള്ള വലിയ ഭീകര പരിശീലന കേന്ദ്രമാണ് ഷവായ് നല്ലാഹ്.


മർകസ് സൈദിനാ ബിലാൽ 


പാക് അധീന കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരുടെ മറ്റൊരു പ്രധാന താവളമാണ് മർകസ് സൈദിനാ ബിലാൽ. മുസഫറാബാദിലെ റെഡ് ഫോർട്ടിന് എതിർവശത്തായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജമ്മു കശ്മീരിലേക്ക് അയക്കും മുമ്ബ് ഭീകരുടെ ഇടത്താവളമായി ഇത് അറിയപ്പെടുന്നു. 


100 വരെ ഭീകരരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രത്തിൻറെ മേൽനോട്ടം ജെയ്ഷെ ഓപ്പറേഷൻ കമാൻഡർ മുഫ്തി അസ്മർ ഖാൻ കശ്മീരി നേരിട്ടാണ് വഹിച്ചിരുന്നത്. ഈ ഭീകര കേന്ദ്രത്തിൽ, പാക് സൈന്യത്തിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകൾ എത്തി ജയ്ഷെ ഭീകർക്ക് പരിശീലനം നൽകിയിരുന്നു.


പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Summary: Following the terrorist attack in Pahalgam, India launched Operation Sindoor, destroying nine major terrorist camps and killing over 100 terrorists, as announced by the Defence Minister. The joint operation by the Army, Navy, and Air Force targeted key bases of Jaish-e-Mohammed, Lashkar-e-Taiba, and Hizbul Mujahideen. India has warned Pakistan against further provocation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia