ചുട്ട മറുപടിയുമായി ഇന്‍ഡ്യ: ഒഐസി യോഗത്തില്‍ കശ്മീരിനെക്കുറിച്ചുള്ള ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം രാജ്യം തള്ളിക്കളഞ്ഞു; അഭിപ്രായം പറയാന്‍ അധികാരമില്ലെന്ന് തുറന്നടിച്ച് അരിന്ദം ബാഗ്ചി
Mar 24, 2022, 09:52 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ജമ്മു കശ്മീരിനെ കുറിച്ച് നടത്തിയ പരാമര്‍ശം കേന്ദ്രസര്‍കാര്‍ തള്ളിക്കളഞ്ഞു.
കശ്മീര്‍ ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യമാണെന്നും ചൈന ഉള്‍പെടെയുള്ള രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ഇന്‍ഡ്യ ശക്തമായ പ്രതികരണം നടത്തിയത്.
'ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ങ്ങള്‍ ഇന്‍ഡ്യ തള്ളിക്കളയുന്നു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്. ചൈന ഉള്‍പെടെയുള്ള രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരമില്ല. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ അഭിപ്രായങ്ങളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന കാര്യം ചൈന ശ്രദ്ധിക്കണം,' ബാഗ്ചി പറഞ്ഞു.
ലോകത്ത് ബഹുധ്രുവീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്ലാമിക രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ചൊവ്വാഴ്ച ഒഐസി യോഗത്തെ അഭിസംബോധന ചെയ്ത് വാങ് യി പറഞ്ഞിരുന്നു. 'കശ്മീരിനെ കുറിച്ച്, പല ഇസ്ലാമിക സുഹൃത്തുക്കളുടെയും ആഹ്വാനം ഞങ്ങള്‍ വീണ്ടും കേട്ടു. ചൈനയും അവരുടെ പ്രതീക്ഷയ്‌ക്കൊപ്പമാണ്'- അദ്ദേഹം പറഞ്ഞു.
ഒഐസിയുടെ 48-ാമത് വിദേശകാര്യ മന്ത്രിമാരുടെ (സിഎഫ്എം) സമ്മേളനം ബുധനാഴ്ച ഇസ്ലാമാബാദില്‍ സമാപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.