ഇന്ത്യയുടെ ദേശീയപതാക ദിനം: ത്രിവർണ്ണ പതാക ലോക വാനിൽ പാറിപ്പറക്കട്ടെ!


● പതാകയുടെ പ്രദർശനത്തിനും ഉപയോഗത്തിനും കർശന നിയമങ്ങളുണ്ട്.
● പൊതുജനങ്ങൾക്ക് പതാക പ്രദർശിപ്പിക്കാൻ 2002-ൽ അനുമതി ലഭിച്ചു.
● ദേശീയ ദുഃഖാചരണ വേളകളിൽ പതാക പകുതി താഴ്ത്തിക്കെട്ടും.
● ഉപയോഗശൂന്യമായ പതാകകൾ മാന്യമായി നിർമാർജനം ചെയ്യണം.
നവോദിത്ത് ബാബു
(KVARTHA) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.
1947 ജൂലൈ 22-ന് ചേർന്ന ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരെയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി. ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് സാധാരണയായി അറിയപ്പെടുന്നത്.
ഇന്ത്യയുടെ ദേശീയ പതാക: ഒരു ദർശനം
ഇന്ത്യയുടെ ദേശീയ പതാകയുടെ അനുപാതം 2:3 ആണ്. ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ള, താഴെ പച്ച നിറങ്ങളാണ് ഉള്ളത്. മധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്. പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.
അശോക ചക്രവും പതാകയുടെ പരിണാമവും
ഇന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യത്തിനു മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക അതിന്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമതവിഭാഗങ്ങളേയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്.
ഐർലൻഡിന്റെ ദേശീയപതാകയിലേതു പോലെ വെള്ള രണ്ട് പ്രധാന മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നൊരു വാദവും ഉണ്ടായിരുന്നു. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ, മധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത മറ്റൊരു പതാക അതിന്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരിട്ടുള്ള മതപരമായ പ്രതിരൂപാത്മകത്വം ഒന്നും കല്പിച്ചിരുന്നില്ല.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയാക്കാൻ തീരുമാനിച്ചു.
ഏറ്റവും പ്രധാനപ്പെട്ട മാറ്റം മധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്. മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്പിച്ചിരുന്നതിനാൽ, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധമില്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിർവചിക്കുകയും ചെയ്തു:
‘കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്പര്യമില്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു.
പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവയായിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി.
ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവനാണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞുനിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.’
കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂയിഷ്ഠതയേയും, ചക്രം നീതിയേയുമാണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്.
പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്.
ചരിത്രപരമായ നാഴികക്കല്ലുകൾ
● 1904: സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ഭാരതത്തിന് ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചു. 'സിസ്റ്റർ നിവേദിതയുടെ പതാക' എന്നറിയപ്പെട്ട ഇതിൽ വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു.
'വന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നത്.
● 1906 ഓഗസ്റ്റ് 7: കൽക്കട്ടയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയത്. 'കൽക്കട്ട പതാക' എന്നറിയപ്പെട്ട ഇതിൽ ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു.
● 1907 ഓഗസ്റ്റ് 22: ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ ചുരുൾവിടർത്തി. ഇതിൽ പച്ച, കാവി, ചുവപ്പ് നിറങ്ങളുണ്ടായിരുന്നു.
● 1917: ബാലഗംഗാധരതിലകും ആനിബസന്റും ചേർന്നു രൂപം നൽകിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി ചുവപ്പും പച്ചയും ഇടകലർന്ന് അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാക സ്വീകരിച്ചു.
● 1916: ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തി.
● 1931: കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാക അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.
ചർക്ക ഭാരതത്തിന്റെ സാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.
● 1947 ഓഗസ്റ്റ് 15: സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ഇന്നത്തെ ത്രിവർണ്ണ പതാക ആദ്യമായി ഉയർന്നു. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചുകൊണ്ട് ദേശീയപതാകയ്ക്ക് അന്തിമരൂപം കൈവന്നു.
പതാകയുടെ നിർമ്മാണം
1950-ൽ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യൻ നിലവാര കാര്യാലയം (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് അഥവാ ബി.ഐ.എസ്) 1951-ൽ ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആദ്യമായി കൊണ്ടുവന്നു. 1964-ലും 1968 ഓഗസ്റ്റ് 17-നും ഇവയ്ക്ക് ഭേദഗതി വരുത്തി.
അളവുകൾ, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം, ചണനൂൽ തുടങ്ങി പതാകയുടെ നിർമ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം കർക്കശമാണ്. പതാകയുടെ നിർമ്മാണത്തിൽ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിന് ഉപയോഗിക്കാവൂ. ഖാദിക്കുള്ള അസംസ്കൃത വസ്തുക്കൾ പരുത്തി, പട്ട്, കമ്പിളി എന്നിവയിൽ ഒതുങ്ങുന്നു.
രണ്ടു തരത്തിലുള്ള ഖദർ ഉപയോഗിക്കുന്നതിൽ, ആദ്യത്തേത്, പതാക നിർമ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേത് പതാകയെ കൊടിമരത്തോട് ബന്ധിപ്പിക്കുന്ന മഞ്ഞകലർന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണ്. ഒരു ചതുരശ്ര സെന്റിമീറ്ററിൽ കൃത്യമായും 150 ഇഴകളും ഒരു തുന്നലിൽ നാല് ഇഴകളും ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രാം ഭാരവും വേണമെന്ന് ഈ മാർഗ്ഗരേഖ അനുശാസിക്കുന്നു.
ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണ്. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി (Khadi Development and Village Industries Commission (KVIC)) ആണ് ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നത്.
ഒരിക്കൽ ഖാദി നെയ്തു കഴിഞ്ഞാൽ അത് ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂർണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട്. മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ മുകളിൽ മഹാരാഷ്ട്ര സർക്കാർ ഉപയോഗിച്ചിരിക്കുന്ന പതാകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പതാക.
പതാകയുമായി ബന്ധപ്പെട്ട നിയമങ്ങൾ
ദേശീയ പതാകയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്:
● 1950-ലെ എംബ്ബ്ലംസ് ആന്റ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട്
● 1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ ആക്ട്
● 2002-ലെ ഇന്ത്യൻ ഫ്ലാഗ് കോഡ്
ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
2002 ആണ്ടിനു മുൻപുവരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ നവീൻ ജിണ്ടാൽ എന്ന വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിക്കുകയും, പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലോടെ 2002 ജനുവരി 26-ന് കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തുകയും ചെയ്തു.
ദേശീയപതാകയ്ക്കുള്ള ബഹുമാനം
ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തുസൂക്ഷിക്കാൻ അനുശാസിക്കുന്നു. 2002-ലെ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു.
● ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു.
● പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ല.
● 2005-ലെ ഭരണഘടനാഭേദഗതി പ്രകാരം ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാം. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും വിലക്കുന്നു.
● അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്.
● തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുത്.
● പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്.
● കുങ്കുമ നിറം താഴെയായി പതാക പ്രദർശിപ്പിക്കാൻ പാടില്ല.
● ഇന്ത്യൻ ദേശീയ പതാക പ്രദർശന ചിത്രമായി സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ ഇന്ത്യൻ പതാകയോടുള്ള ● ആദരവും, പവിത്രതയും നിലനിർത്തി മാത്രമേ അത് ചെയ്യാൻ പാടുള്ളൂ.
മറ്റു ദേശീയപതാകകൾക്കൊപ്പം
ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയർത്തിയിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്. പ്രാധാന്യമുള്ള രീതിയിൽ മാത്രമേ അത് പ്രദർശിപ്പിക്കാവൂ.
● മറ്റു രാജ്യങ്ങളുടെ പതാകകൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ ഉയർത്തിയിരിക്കുമ്പോൾ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത് (കാണുന്നവർക്ക് ഇടത്തേ അറ്റത്ത്) ആയിരിക്കണം.
● ഓരോ രാജ്യങ്ങളുടേയും പതാകകൾ പ്രത്യേകം കാലുകളിലായിരിക്കണം.
● ഒന്നിനുമുകളിൽ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകൾ ക്രമീകരിക്കാൻ പാടുള്ളതല്ല.
● പതാകകളുടെ വലിപ്പം ഏതാണ്ട് ഒരുപോലെയായിരിക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.
● ഇന്ത്യയുടെ പതാക ആദ്യം ഉയർത്തുകയും അവസാനം താഴ്ത്തുകയും വേണം.
● ഐക്യരാഷ്ട്രസഭയുടെ കൊടിക്കൊപ്പം വെച്ചിരിക്കുമ്പോൾ ഇന്ത്യയുടെ പതാക ഏതു വശത്തേക്കായിരുന്നാലും കുഴപ്പമില്ല.
സദസ്സുകളിലും ചടങ്ങുകളിലും
● ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദർശിപ്പിക്കാനുദ്ദേശിക്കുന്നെങ്കിൽ, അത് നടക്കുന്ന ഹാളിൽ വേദിയുടെ വലതുവശത്തായി, അതായത് സദസ്സിന്റെ ഇടതുവശത്തു വേണം പ്രദർശിപ്പിക്കേണ്ടത്.
● വേദിയിൽ പ്രസംഗകന്റെ തൊട്ടടുത്താണെങ്കിൽ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളിൽ വേറെ എവിടെയെങ്കിലുമാണെങ്കിൽ, സദസ്യരുടെ വലതുഭാഗത്തുമാണ് പതാക പ്രദർശിപ്പിക്കേണ്ടത്.
● ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ച് തിരശ്ചീനമാക്കുകയോ തറയിൽ മുട്ടിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
● ചടങ്ങുകളിൽ ദേശീയപതാക ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളിൽ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റൻഷനി'ൽ നിൽക്കേണ്ടതാണ്.
വാഹനങ്ങളിലെ പ്രദർശനം
വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി ചുരുക്കം ചിലർക്ക് മാത്രമേയുള്ളൂ.
● കാറിന്റെ മുൻഭാഗത്തെ മൂടിക്കു പുറത്തു മധ്യത്തിലായോ മുൻഭാഗത്തു വലതുവശത്തായോ ദണ്ഡിൽ പിടിപ്പിച്ച് പതാക ബലമായി നാട്ടണം.
● ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്ടവ്യക്തി സർക്കാർകാറിൽ യാത്ര ചെയ്യുകയാണെങ്കിൽ, ത്രിവർണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.
● രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ, അവർ പോകുന്ന വിമാനത്തിൽ ദേശീയപതാക ഉപയോഗിക്കണം.
ദേശീയ ദുഃഖാചരണം
രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദുഃഖാചരണ വേളകളിൽ, ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്. ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവിൽ സൂചിപ്പിക്കാറുണ്ട്.
പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകൾ പാലിക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയർത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയിൽനിന്നും പതാക പൂർണ്ണമായും ഉയർത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള ഔദ്യോഗിക ദുഃഖാചരണവേളയിൽ ഭാരതമൊട്ടുക്ക് ത്രിവർണ്ണപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്.
ഉപയോഗശൂന്യമായ പതാകകളുടെ നിർമാർജനം
തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണിൽ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.
ഇന്ത്യൻ ദേശീയപതാകയോട് സാമ്യമുള്ള പതാകകൾ
ഇന്ത്യൻ ദേശീയപതാകയുമായി സാമ്യമുള്ള ഒന്നിലേറെ പതാകകളുണ്ട്. ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്. മുകളിൽ ഓറഞ്ച് മധ്യത്തിൽ വെള്ള താഴെ പച്ച എന്നിങ്ങനെയാണ് ഈ പതാകയുടെയും നിറവിന്യാസം.
മധ്യത്തിൽ ഒരു വൃത്തവുമുണ്ട്. ഓറഞ്ച്, വെള്ള, പച്ച നിറങ്ങൾ ലംബമായി വിന്യസിച്ചിരിക്കുന്ന ഐവറികോസ്റ്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ ദേശീയപതാകകൾക്കും ഇന്ത്യൻ പതാകയുമായി സാമ്യമുണ്ട്.
ഇന്ത്യയുടെ ദേശീയ പതാകയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Detailed article on India's National Flag Day, its history, design, and flag code.
#NationalFlagDay #IndianFlag #Tiranga #FlagCode #IndianHistory #PrideOfIndia