ന്യൂഡെല്‍ഹി: (www.kvartha.com 26.07.2021) 22-ാം കാര്‍ഗില്‍ വിജയ ദിനത്തില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച 527 ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് രാഷ്ട്രം. വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ വര്‍ഷത്തെ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദ്രാസിലേക്ക് എത്തിയില്ല.
'അവരുടെ ത്യാഗങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്നു. അവരുടെ വീര്യം നമ്മള്‍ ഓര്‍ക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് കാര്‍ഗിലില്‍ ജീവന്‍ ത്വജിച്ച എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ് ദിനത്തില്‍ ആദരാഞ്ജലി അര്‍പിക്കുന്നു. അവരുടെ ധൈര്യം ഓരോ ദിവസവും നമ്മളെ പ്രചോദിപ്പിക്കുന്നു.'-മോദി ട്വീറ്റില്‍ അനുസ്മരിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പിക്കാതിരുന്നത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍ കെ മാഥൂര്‍, ലഡാക് എം പി ജെ റ്റി നംഗ്യാല്‍ എന്നിവര്‍ ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പിച്ചു.
ഡെല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട്, കരസേന മേധാവി ജനറല്‍ എം എം നരവനെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൂരിയ, നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ ജി അശോക് കുമാര്‍, സി ഐ എസ് സി വൈസ് അഡ്മിറല്‍ അതുല്‍ ജെയ്ന്‍ എന്നിവരും സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
കാര്‍ഗിലില്‍ മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പാകിസ്ഥാന് മേല്‍ ഇന്‍ഡ്യ വിജയക്കൊടി നാട്ടിയത്. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്‍ഡ്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാര്‍ഗിലിലേത്.
കാര്‍ഗിലെ മലമുകളില്‍ അപരിചിതരമായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപെടുത്തി. ആട്ടിടയന്മാര്‍ അത് ഇന്‍ഡ്യന്‍ സൈന്യത്തെ അറിയിച്ചു. തെരിച്ചിലിന് പോയ 56 ബ്രിഗേഡിലെ സൈനികര്‍ തിരിച്ചെത്തിയത് രക്തത്തില്‍ കുളിച്ച്. രണ്ടാം തിരച്ചില്‍ സംഘത്തിലെ നിരവധിപേര്‍ മരിച്ചു. നിരീക്ഷണ പറക്കല്‍ നടത്തിയ യുദ്ധവിമാനങ്ങള്‍ പാക് സേന വെടിവെച്ചിട്ടു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ 'ഓപെറേഷന്‍ വിജയ്' എന്ന് പേരിട്ട് സൈനിക നടപടി.
മഞ്ഞുകാലത്ത് മലമുകളില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്‍വാങ്ങും. അത് മുതലെടുത്താണ് 1999 ഏപ്രില്‍ മാസത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് പതിനഞ്ച് കിലോമീറ്ററോളും ദൂരം പാക് സൈന്യം എത്തിയത്. കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ലേ ദേശീയപാതക്ക് അരികിലെ ടൈഗര്‍ ഹില്‍, തോലോലിംഗ് മലനിരകളില്‍ പാക് സൈന്യം താവളമുറപ്പിച്ചു.
മലമുകളില്‍ പാക് സൈന്യവും താഴെ ഇന്‍ഡ്യന്‍ സൈന്യവും. തുടക്കത്തില്‍ എല്ലാ പ്രതിരോധ നീക്കങ്ങളും പരാജയപ്പെട്ടു. ജൂണ്‍ മാസത്തോടെ പ്രത്യാക്രമണം ശക്തമാക്കി. ബോഫേഴ്‌സ് പീരങ്കികള്‍ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിച്ചു. രാവും പകലുമില്ലാത്ത പോരാട്ടം. ജീവന്‍ വെടിയാന്‍ സന്നദ്ധരായി മലമുകളില്‍ വലിഞ്ഞു കയറിയ ഇന്‍ഡ്യയുടെ ധീരന്‍മാര്‍ പാക് ബങ്കറുകള്‍ ഓരോന്നായി തകര്‍ത്തു. ഒടുവില്‍ തോലിംഗും ട്രൈഗര്‍ ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. മലമുകളില്‍ ത്രിവര്‍ണ പതാക പാറിച്ചു.
അപ്പോഴേക്കും 72 ദിവസത്തോളം നീണ്ട പോരാട്ടത്തില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാര്‍. 1999 ജൂലൈ 14 ന് ഇന്‍ഡ്യ പാകിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാര്‍ഗിലിലെ യുദ്ധവിജയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ധീരസൈനികരുടെ ഓര്‍മ
പുതുക്കുകയാണ് രാഷ്ട്രം.
Keywords:
News, National, India, New Delhi, War, Army, Soldiers, Prime Minister, President, Ram Nath Kovind, Narendra Modi, India honors fallen heroes on Kargil Vijay Diwas, PM Modi pays tribute to martyrs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.