Visit | അന്ന് വിമർശനം, ഇപ്പോൾ പിന്നാലെ! മാലിദ്വീപിന് ചൈനയേക്കാൾ ഇന്ത്യ ഇപ്പോൾ പ്രധാനമായി, കാരണമെന്ത്? മുയിസു ഇന്ത്യയിലെത്തുമ്പോൾ


● മാലദ്വീപ് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
● ഇന്ത്യ മാലദ്വീപിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്.
● സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയുടെ സഹായം ആവശ്യമാണ്.
● 1200 ദ്വീപുകൾ ഉള്ള മാലദ്വീപ്, അടിസ്ഥാനം സൗകര്യങ്ങൾക്കായി ഇന്ത്യയെ ആശ്രയിക്കുന്നു.
ന്യൂഡൽഹി: (KVARTHA) മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഞായറാഴ്ച മുതലുള്ള അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനം രാജ്യാന്തര തലത്തിൽ നിരവധി ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു. മാലദ്വീപിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി നടത്തുന്ന ഈ സന്ദർശനം അനവധി കാരണങ്ങളാൽ പ്രാധാന്യമർഹിക്കുന്നുണ്ട്.
ഇന്ത്യയ്ക്കുള്ള പ്രാധാന്യം
സമീപകാലത്ത് ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ അധികാരത്തിൽ വന്ന മാറ്റങ്ങൾ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാലദ്വീപുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് അനിവാര്യമായി മാറിയിരിക്കുന്നു. മാലദ്വീപ് പ്രസിഡന്റ് തന്റെ സന്ദർശനത്തിൽ ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടേക്കുമെന്നുള്ള സൂചനകളും ഉണ്ട്. കടം വീട്ടാനാവാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മാലദ്വീപിന് ഇന്ത്യയുടെ സഹായം അനിവാര്യമാണ്.
ചരിത്രപരമായ പശ്ചാത്തലം
മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെങ്കിലും മാലദ്വീപിന് ഇന്ത്യയെ അവഗണിക്കാനാവില്ലെന്നും വിദഗ്ധർ പറയുന്നു. മാലദ്വീപിന്റെ സെപ്റ്റംബർ മാസത്തെ വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 440 ദശലക്ഷം ഡോളറായി കുറഞ്ഞത് ഇതിന് തെളിവാണ്.
മുയിസു ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് തുർക്കിയിലേക്കും ചൈനയിലേക്കും സന്ദർശനം നടത്തിയിരുന്നു. ഇത് ഇന്ത്യയ്ക്ക് ഒരു നയതന്ത്രപരമായ 'അപമാനമായി' കണക്കാക്കപ്പെട്ടു. മാലദ്വീപിലെ മുൻ നേതാക്കളൊക്കെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഇന്ത്യയിലേക്കാണ് ആദ്യമായി സന്ദർശനത്തിന് വരാറുണ്ടായിരുന്നത്.
മാലദ്വീപിൽ മുയിസു അധികാരത്തിൽ വന്നതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മാലദ്വീപ് മന്ത്രിമാരും മറ്റ് നേതാക്കളും മോശമായ പരാമർശങ്ങൾ നടത്തിയപ്പോൾ ഇന്ത്യയുമായി തർക്കമുണ്ടായി. ഇതിനെ തുടർന്ന് സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിൽ വരണമെന്ന് ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അതിന് ശേഷം മാലദ്വീപിനെയും ലക്ഷദ്വീപിനെയും താരതമ്യം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ വിവാദമുണ്ടായി.
ചൈനയുമായി കൂടുതൽ അടുക്കുന്ന നീക്കങ്ങൾ മുയിസുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. മുയിസുവിൻ്റെ ഭരണകൂടം ചൈനീസ് ഗവേഷണ കപ്പൽ ജിയാങ് യാങ് ഹോങ്-3 യെ അതിൻ്റെ തുറമുഖം സന്ദർശിക്കാൻ അനുവദിച്ചതും ഇന്ത്യയെ ചൊടിപ്പിച്ചു. എന്നാൽ, ഈ വർഷം ജൂണിൽ തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി.
അതിന് ശേഷം ഓഗസ്റ്റിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ മാലദ്വീപ് സന്ദർശനവും ഉഭയകക്ഷി ബന്ധത്തിന് പുതുജീവൻ നൽകിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു പ്രധാന മാറ്റമാണ്, കാരണം അടുത്തിടെ ബംഗ്ലാദേശിലെ ഇന്ത്യയുടെ ഉറ്റസുഹൃത്ത് ഷെയ്ഖ് ഹസീനയുടെ സർക്കാർ നീക്കം ചെയ്യപ്പെട്ടു. നേപ്പാളിൽ ഇന്ത്യയുടെ നയങ്ങളെ വിമർശിച്ച കെപി ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായി.
സാമ്പത്തിക ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും
മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞത് മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ മാലദ്വീപ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടും.
കഴിഞ്ഞ വർഷം, മാലദ്വീപിലേക്ക് വരുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 50,000 കുറഞ്ഞു, ഇതുമൂലം മാലദ്വീപിന് ഏകദേശം 150 ദശലക്ഷം ഡോളറിൻ്റെ നഷ്ടമുണ്ടായി. ഇന്ത്യയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ മാലദ്വീപ് 'നഷ്ടപ്പെട്ട പറുദീസ' ആയി മാറുമെന്നുള്ള തിരിച്ചറിവ് തന്നെയായിരിക്കാം മുയിസുവിന്റെ മനസിലുള്ളത്.
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മാലിദ്വീപിൽ ഏകദേശം 1200 ദ്വീപുകളുണ്ട്. ഈ ദ്വീപസമൂഹത്തിലെ ജനസംഖ്യ അഞ്ച് ലക്ഷത്തിലധികം മാത്രമാണ്, അതേസമയം ഇന്ത്യയിലെ ജനസംഖ്യ 140 കോടിയാണ്. ഒരു ചെറിയ ദ്വീപ് രാഷ്ട്രമെന്ന നിലയിൽ, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്കായി മാലിദ്വീപ് പ്രധാനമായും ആശ്രയിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെയാണ്.
#Maldives #India #Diplomacy #EconomicCrisis #ForeignRelations #TourismImpact