Crisis | ബംഗ്ലാദേശ് പ്രക്ഷോഭം: ഇന്‍ഡ്യന്‍ ഹൈകമീഷനില്‍ നിന്നുള്ള 190 ജീവനക്കാരേയും കുടുംബത്തേയും എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചു

 
Bangladesh, India, diplomats, evacuation, political unrest, Dhaka, Air India, Sheikh Hasina, Muhammad Yunus

Photo Credit: Facebook / Dr S. Jaishankar

മുപ്പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിലവില്‍ അവിടെ തുടരുന്നുണ്ട്.  ധാക്കയ്ക്ക് പുറമെ, ചിത്തഗോങിലും രാജ് ഷാഹിയിലും ഖുല്‍നയിലും സില്ലെറ്റിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

ന്യൂഡെല്‍ഹി: (KVARTHA) ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ ധാക്കയിലെ ഇന്‍ഡ്യന്‍ ഹൈകമീഷനില്‍ നിന്നുള്ള 190 ജീവനക്കാരേയും അവരുടെ കുടുംബത്തേയും നാട്ടിലെത്തിച്ചു. എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. ഹൈകമീഷന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമല്ലാത്ത ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയുമാണ് തിരിച്ചെത്തിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബാക്കിയുള്ള നയതന്ത്ര വിദഗ്ധര്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.  ഹൈകമീഷനിലെ മുപ്പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് നിലവില്‍ അവിടെ തുടരുന്നത്. ധാക്കയ്ക്ക് പുറമെ, ചിത്തഗോങിലും രാജ് ഷാഹിയിലും ഖുല്‍നയിലും സില്ലെറ്റിലും ഇന്‍ഡ്യയ്ക്ക് അസിസ്റ്റന്റ് ഹൈകമീഷനുകളോ കോണ്‍സുലേറ്റുകളോ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏകദേശം 10,000 ഇന്‍ഡ്യക്കാര്‍ നിലവില്‍ ബംഗ്ലാദേശില്‍ താമസിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ അവരുമായി സര്‍കാര്‍ തുടര്‍ചയായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അതുവരെ അവിടെനിന്നും പെട്ടെന്നു തന്നെ അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വീടുകള്‍ അടക്കമുള്ളവയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെക്കുറിച്ച് നിലവിലെ താത്കാലിക സര്‍കാരുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍കാരിനെ നയിക്കാന്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തിരുന്നു. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സര്‍കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിക്കുകയും ചെയ്തു. നിലവില്‍ പാരീസിലുള്ള യൂനുസ് വൈകാതെ ധാക്കയില്‍ എത്തും. സര്‍കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും. 

ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ 'പാവങ്ങള്‍ക്കുള്ള ബാങ്കര്‍' എന്നറിയപ്പെടുന്ന യൂനുസ്, ഇടക്കാല സര്‍കാരിനെ നയിക്കണമെന്നത് പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യമായിരുന്നു. ഈ ആവശ്യത്തിനാണ് വിദ്യാര്‍ഥികളും ബംഗ്ലാദേശ് സൈനിക മേധാവികളും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായത്.

യൂനുസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇടക്കാല സര്‍കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി യോഗത്തിന് ശേഷം വിദ്യാര്‍ഥി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇടക്കാല സര്‍കാരിന്റെ ഭാഗമാകാന്‍ 10-14 പ്രമുഖ വ്യക്തികളുടെ പേരുകളും പ്രക്ഷോഭകര്‍ നല്‍കിയിട്ടുണ്ട്.

ശെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ശെയ്ഖ് ഹസീന നിലവില്‍ ഇന്‍ഡ്യയില്‍ അഭയം തേടിയിരിക്കയാണ്. ഹസീനയ്ക്ക് അഭയം നല്‍കാന്‍ തയാറല്ലെന്ന് യുകെ അറിയിച്ചിരുന്നു. ഇതോടെ ഇവര്‍ ഇന്‍ഡ്യയില്‍ തുടരുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia