ട്രംപിന്റെ മുഷ്‌കിനെ നേരിടാൻ ഇതര രാജ്യങ്ങളുമായി ഇന്ത്യ കൈകോർക്കുമ്പോൾ: കര പിടിക്കുമോ മോദിയുടെ 'സർജിക്കൽ സ്ട്രൈക്ക്'?


● ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
● പ്രതിസന്ധി മറികടക്കാൻ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
● നാൽപ്പതോളം രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ സാധ്യത.
● യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാർ ഉറപ്പിക്കാൻ ശ്രമം.
ഭാമനാവത്ത്
(KVARTHA) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക ഇറക്കുമതി തീരുവ ചുമത്തിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗഹൃദരാജ്യമെന്ന് ഇന്ത്യ വിശ്വസിച്ച അമേരിക്കയിൽനിന്ന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുമുതൽ ആരംഭിച്ചതാണ് അമേരിക്കയുമായുള്ള വാണിജ്യബന്ധങ്ങൾ. എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെയാണ് ട്രംപ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അധിക ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയത്.

അമേരിക്കയുടെ ഈ ഭീഷണി മറ്റു പല രാജ്യങ്ങൾക്കും നേരിടേണ്ടിവരുന്നുണ്ട്. ഇറക്കുമതി തീരുവ ഗണ്യമായി ഉയർന്നതോടെ വലിയ സാമ്പത്തിക ഭീഷണി നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും.
ഏറ്റവും ഒടുവിൽ ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് അതീവ പ്രാധാന്യമാണുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാൽത്തന്നെ വിഷയങ്ങൾ വലിയ തോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
അധിക തീരുവയെച്ചൊല്ലി ഇന്ത്യ-അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെയാണ് നരേന്ദ്ര മോദിയുടെ ജപ്പാൻ, ചൈന സന്ദർശനം. ജപ്പാൻ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ആഗോള സഹകരണത്തിന് ഊന്നൽ നൽകുന്നതാണെന്നും മോദി പറഞ്ഞു.
ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദർശനങ്ങൾ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളും സന്ദർശനത്തിൽ ചർച്ചയാകും.
ജപ്പാനിൽ നടന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും കയറ്റുമതി വർധിപ്പിക്കുന്ന വിഷയങ്ങളും പ്രധാനമായും ചർച്ച ചെയ്തു. ജപ്പാൻ സന്ദർശനത്തിന് ശേഷം ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ചൈനയിലെത്തും.
അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ പ്രത്യേക ചർച്ചകളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്.
ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന ആലോചന ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കിടയിൽ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ സൃഷ്ടിച്ച സാഹചര്യം കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. വാണിജ്യ മന്ത്രാലയം വ്യവസായികളുമായി കൂടിയാലോചനകൾ തുടരുകയാണ്.
അമേരിക്കയിൽനിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുക എന്ന നിർദേശമാണ് വ്യവസായികൾ പ്രധാനമായും മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
നാൽപ്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടെ യാഥാർഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്തുനിന്ന് സജീവമായിട്ടുണ്ട്.
ലോകം ഇതുവരെ ദർശിക്കാത്ത തരത്തിലുള്ള സാമ്പത്തിക 'ഒളിയുദ്ധമാണ്' അമേരിക്ക നടത്തുന്നത്. ഇതിനെ മറികടക്കാൻ മറ്റ് രാജ്യങ്ങളുമായി കൈകോർക്കേണ്ടത് അനിവാര്യമാണ്. അമേരിക്കയ്ക്ക് പുറത്തും രാജ്യങ്ങളുണ്ടെന്ന് ട്രംപിനെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.
ഇന്ത്യൻ നയതന്ത്രം ആ ദിശയിലേക്കാണ് മുന്നോട്ടുപോകുന്നത്. അമേരിക്കൻ സാമ്പത്തിക മുഷ്‌കിനെതിരെ അതേ നാണയത്തിൽ മറുപടി കൊടുക്കണമെന്നാണ് രാജ്യത്തിന്റെ പൊതുവികാരം.
ട്രംപിൻ്റെ താരിഫ് ഭീഷണിയെ നേരിടാനുള്ള ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: India plans to counter Trump's tariff threats with alliances.
#IndiaUSRelations #TradeWar #NarendraModi #ShanghaiSummit #GlobalTrade #Geopolitics