INDIA Bloc | 'അത് ബിജെപി സർക്കാരിൻ്റെ പണി', പ്രതിപക്ഷം രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്ന മോദിയുടെ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് ഇൻഡ്യ മുന്നണി

 


ന്യൂഡെൽഹി: (KVARTHA) പ്രതിപക്ഷം അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർവച്ച് തകർക്കുമെന്ന ഉത്തർപ്രദേശിലെ രാഹുൽ-അഖിലേഷ് സഖ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തോട് പ്രതികരിച്ച് ഇൻഡ്യ മുന്നണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ വിമർശിച്ച നേതാക്കൾ എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും രാജ്യം ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും പറഞ്ഞു.
  
INDIA Bloc | 'അത് ബിജെപി സർക്കാരിൻ്റെ പണി', പ്രതിപക്ഷം രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്ന മോദിയുടെ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് ഇൻഡ്യ മുന്നണി

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി (എസ്‌പി) തലവൻ ശരദ് പവാർ എന്നിവർ സംയുക്തമായി മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ചത്. ബുൾഡോസർ ഓടിക്കുന്നത് കോൺഗ്രസിൻ്റേതല്ലെന്നും ബിജെപി സർക്കാരിൻ്റെ പണിയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഞങ്ങൾ ആരുടെയും മേൽ ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് കള്ളം പറയുന്ന സ്വഭാവമാണ് മോദിക്കുള്ളതെന്നും ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. പ്രകോപനപരമായ പ്രസംഗങ്ങൾക്കെതിരെ നടപടിയുണ്ടാകണം. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ നിർമ്മാണം ഇൻഡ്യ മുന്നണി സർക്കാർ പൂർത്തിയാക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തൻ്റെ പാർട്ടിയെ 'നക്ലി' (വ്യാജ) ശിവസേന എന്ന് വിളിച്ചതിന് ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും കടന്നാക്രമിച്ച താക്കറെ, ബിജെപി ആർഎസ്എസിനെ 'നക്ലി സംഘ്' എന്നും വിളിക്കുമെന്ന് വിമർശിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇൻഡ്യ മുന്നണി സർക്കാർ മുംബൈയുടെയും മഹാരാഷ്ട്രയുടെയും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്നും പറഞ്ഞു. ക്ഷേത്രങ്ങൾ മാത്രമല്ല, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ തങ്ങളുടെ സർക്കാർ സംരക്ഷിക്കുമെന്ന് ശരദ് പവാറും വ്യക്തമാക്കി.

Keywords : News, News-Malayalam-News, national, Politics, Lok-Sabha-Election-2024, INDIA Bloc Leaders React To PM Modi’s ‘They Will Bulldoze Ram Mandir’ Comment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia