India | 'സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കില്ല'; കാനഡയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്‍ഡ്യയും
Sep 19, 2023, 11:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) കനേഡിയന്‍ പൗരനായ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ഡ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്‍ഡ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ പുറത്താക്കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്‍ഡ്യയും രംഗത്തെത്തി.
സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങള്‍ ഇന്‍ഡ്യ തള്ളി. കാനഡയിലെ കൊലപാതകത്തില്‍ ഇന്‍ഡ്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കാനഡയ്ക്ക് പിന്നാലെ ഇന്‍ഡ്യയും നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി.
കാനഡ പുറത്താക്കിയ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിധിനിയെയാണ് ഇന്‍ഡ്യയും പുറത്താക്കിയത്. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈകമിഷണറെ അറിയിച്ചു. രാവിലെ വിളിച്ചുവരുത്തിയാണ് ഇന്‍ഡ്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്‍ഡ്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്‍ഡ്യ വിമര്‍ശിച്ചു.
ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്‍ഡ്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പിന്നാലെയാണ് ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്.
ഇന്‍ഡ്യയും കാനഡയും പരസ്പരം നയതന്ത്രജ്ഞരെ പുറത്താക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
Keywords: News, National, National-News, India, Canada, Expel, Diplomat, Pawan Kumar Rai, Allegation, Indian Government, Assassination, Sikh Citizen, Malayalam-News, In Tit-For-Tat Move, India Expels Canadian Diplomat Amid Row.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.