ഇമ്രാന്‍ ഖാന് മാനസിക വിഭ്രാന്തി, ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്നും മുന്‍ഭാര്യ രെഹം ഖാന്‍
Apr 1, 2022, 17:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.04.2022) പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാനസിക വിഭ്രാന്തിയാണെന്നും ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്നും മുന്‍ഭാര്യ രെഹം ഖാന്‍. ഇന്‍ഡ്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍ ഖാനെതിരെ കടുത്ത വിമര്‍ശനമാണ് രെഹം ഖാന്‍ നടത്തിയത്. പാകിസ്താന്റെ വിധി നിര്‍ണയിക്കുന്ന അവിശ്വാസ പ്രമേയത്തിലെ വോടെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെയാണ് രെഹംഖാന്റെ അഭിമുഖം.
രെഹം ഖാന്റെ വാക്കുകള്‍:
'മറ്റുള്ളവരെ പോലെ ഇമ്രാന്‍ ഖാന്‍ പെരുമാറും എന്ന് കരുതുന്നത് മണ്ടത്തരമാണ്. അയാള്‍ക്ക് എല്ലാ കാലത്തും മാനസിക വിഭ്രാന്തിയുണ്ടായിരുന്നു'. അവിശ്വാസ വോടെടുപ്പില്‍ പരാജയപ്പെടും എന്ന് ഉറപ്പായിട്ടും ഇമ്രാന്‍ ഖാന്‍ എന്തുകൊണ്ട് രാജി വെക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു രെഹം ഖാന്റെ മറുപടി.
എപ്പോഴും മുഖസ്തുതി കേള്‍ക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം. എപ്പോഴും തന്റെ പേരും കയ്യടികളും മാത്രം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍. മര്യാദയോടെ രാജിവെച്ച് പോകാന്‍ അദ്ദേഹത്തോട് പലരും ഉപദേശിച്ചിരുന്നു. പക്ഷെ മര്യാദ അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഉള്ള വാക്കാണെന്ന് താന്‍ കരുതുന്നില്ല. താന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചതുമുതല്‍ മര്യാദ അദ്ദേഹത്തില്‍ കണ്ടിട്ടില്ല.
നാല് വര്‍ഷത്തോളം രാജ്യത്തിന് ദുരിതം മാത്രം നല്‍കാന്‍ ഇമ്രാന്‍ ഖാനെ എന്തിന് അനുവദിച്ചു എന്ന് തന്നെ മനസ്സിലാവുന്നില്ല. തന്നെ അധികാരത്തില്‍ നിന്നിറക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടന്നുവെന്ന കഥ ഇമ്രാന്‍ ഖാന്‍ സ്വയം സൃഷ്ടിച്ചതാണ്. ഒരു ബി ഗ്രേഡ് സിനിമയുടെ കഥയ്ക്ക് സമാനമാണിതെന്നും രെഹം ഖാന്‍ പരിഹസിച്ചു.
ബ്രിടീഷ്-പാകിസ്താനി വംശജയും മാധ്യമ പ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ രെഹം ഖാന്‍ 2014-ലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബറില്‍ ഇരുവരും വിവാഹമോചിതരായി. തന്റെ മുന്‍ ഭര്‍ത്താവിന്റെ കടുത്ത വിമര്‍ശകയായാണ് രെഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണരീതിയെയും പൊതുസമൂഹത്തിലെ അഭിപ്രായങ്ങളേയും നിരന്തരം വിമര്‍ശിച്ചിരുന്നു.
Keywords: Imran Khan is delusional, doesn't listen to advice, says ex-wife Reham Khan, New Delhi, News, Media, Pakistan, Prime Minister, Allegation, Criticism, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.