SWISS-TOWER 24/07/2023

Kumaraswamy | മുഖ്യമന്ത്രിയാകണമെങ്കില്‍ ജെ ഡി എസിന്റെ 19 എം എല്‍ എമാരുടെയും പിന്തുണ നല്‍കാമെന്ന് കുമാരസ്വാമി; തിടുക്കമില്ലെന്നും ആരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവകുമാര്‍

 


ADVERTISEMENT

ഹുബ്ബള്ളി: (KVARTHA) ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കില്‍ ജെഡിഎസിന്റെ 19 എംഎല്‍എമാരുടെയും പിന്തുണ നല്‍കാമെന്ന വാഗ്ദാനവുമായി ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി. എന്നാല്‍ മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല താനുള്ളതെന്നായിരുന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇതിന് നല്‍കിയ മറുപടി.

Kumaraswamy | മുഖ്യമന്ത്രിയാകണമെങ്കില്‍ ജെ ഡി എസിന്റെ 19 എം എല്‍ എമാരുടെയും പിന്തുണ നല്‍കാമെന്ന് കുമാരസ്വാമി; തിടുക്കമില്ലെന്നും ആരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവകുമാര്‍

'കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ സംസ്ഥാനത്ത് മത്സരിച്ചത്. മികച്ച രീതിയില്‍ ഭരിക്കണം. മുഖ്യമന്ത്രിയാകാന്‍ എനിക്ക് തിടുക്കമില്ല. ഞാന്‍ ആരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല, പാര്‍ടി നേതൃത്വത്തോട് പോലും' എന്നും ശിവകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള തന്റെ പിന്തുണയും പാര്‍ടി നേതൃത്വത്തോടുള്ള കൂറും ശിവകുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. 'ഹൈകമാന്‍ഡിന്റെ ഏത് നിര്‍ദേശവും ഞങ്ങളനുസരിക്കും. സിദ്ധരാമയ്യ ഞങ്ങളുടെ നേതാവാണ്. സിദ്ധരാമയ്യയും ഇക്കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധത' എന്നും കുമാര സ്വാമിക്ക് മറുപടിയെന്നോണം ശിവകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണ ശിവകുമാറിന് പിന്തുണ വാഗ്ദാനം ചെയ്തത്. ഒരുവിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപോര്‍ടുകള്‍ക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.

'കോണ്‍ഗ്രസിലെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍, പാര്‍ടിയില്‍ എത്രപേര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയില്ല. ശിവകുമാറിന് മുഖ്യമന്ത്രിയാകാന്‍ ഞാനെന്തിനാണ് തടസം നില്‍ക്കുന്നത്. ശിവകുമാര്‍ നാളെ രാവിലെ മുഖ്യമന്ത്രിയാകട്ടെ. 19 എംഎല്‍എമാരുടെയും പിന്തുണ ഞാന്‍ ഉറപ്പാക്കാം' കുമാരസ്വാമി പരിഹാസ സ്വരത്തില്‍ പറഞ്ഞു.

കര്‍ണാടക കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടെന്ന റിപോര്‍ടുകള്‍ക്കിടെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത പ്രഭാതവിരുന്നില്‍ ഡികെ ശിവകുമാര്‍ പങ്കെടുക്കുകയും ചെയ്തു.

ബംഗ്ലൂരുവില്‍ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ 'കാവേരി'യില്‍ മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചായിരുന്നു പ്രഭാതവിരുന്ന്. സിദ്ധരാമയ്യയെ ഒപ്പം നിര്‍ത്തി ഓഫീസ് ഉദ്ഘാടനം ചെയ്തത് ശിവകുമാറാണ്. ഓഫീസില്‍ അദ്ദേഹം പൂജനടത്തുകയുംചെയ്തു. ഇരുനേതാക്കളും ഒത്തൊരുമിച്ച് നീങ്ങുകയാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 19 മന്ത്രിമാര്‍ ചടങ്ങിനെത്തി. സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെ യോഗവും ചേര്‍ന്നു.

കഴിഞ്ഞദിവസം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി താന്‍ അഞ്ചുകൊല്ലവും ഭരിക്കുമെന്ന് അവകാശവാദം നടത്തിയിരുന്നു. ഇതാണ് പാര്‍ടിയില്‍ വീണ്ടും വിഭാഗീയത വര്‍ധിക്കുന്നതിന്റെ സൂചന നല്‍കിയത്. രണ്ടരവര്‍ഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിന് നല്‍കാന്‍ പാര്‍ടി ഹൈകമാന്‍ഡ് നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിന് വിരുദ്ധമായിരുന്നു സിദ്ധരാമയ്യയുടെ അവകാശവാദം.

സംഭവം വിവാദമായതോടെ, ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ചയായാണ് ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയില്‍ ഡികെ ശിവകുമാറും മന്ത്രിമാരും ഒരുമിച്ചുകൂടിയത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചാണ് മന്ത്രിമാരുമായി ഇരുവരും ചര്‍ച നടത്തിയത്. 20 സീറ്റില്‍ വിജയമുറപ്പിക്കണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നു. സംസ്ഥാനത്തെ വരള്‍ചാ സാഹചര്യവും ചര്‍ചയായെന്ന് യോഗത്തിനുശേഷം ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
Aster mims 04/11/2022

Keywords:  'I'll arrange': Kumaraswamy's jibe on Shivakumar’s 'chief minister' ambition, Karnataka, News, Politics, Chief Minister, Inauguration, Office, Controversy, Shivakumar, Politics, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia