കാബൂളില്‍ നില വഷളാകുന്നതിനിടെ കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം ഇന്‍ഡ്യന്‍ പൗരന്മാര്‍; സുരക്ഷിതരായി എങ്ങനെ വിമാനത്താവളത്തിലെത്തിക്കും എന്ന കാര്യത്തില്‍ ആശങ്ക
Aug 16, 2021, 21:58 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.08.2021) കാബൂളില്‍ നില വഷളാകുന്നതിനിടെ കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം ഇന്‍ഡ്യന്‍ പൗരന്മാരെന്ന് എന്‍ ഡി ടി വി റിപോര്‍ട് ചെയ്യുന്നു. ഇവരെ സുരക്ഷിതരായി എങ്ങനെ വിമാനത്താവളത്തിലെത്തിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ച അര്‍ധസൈനികരുമുള്‍പെടെയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപോര്‍ട്. കാബൂള്‍ വിമാനത്താവളത്തില്‍ ഇന്‍ഡ്യന്‍ വിമാനം പാര്‍ക് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥരെ സുരക്ഷിതരായി എങ്ങനെ വിമാനത്താവളത്തിലെത്തിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു.
കാബൂളില്‍ നിന്ന് ഒരു ഇന്‍ഡ്യന്‍ വ്യോമസേന വിമാനം തിങ്കളാഴ്ച ന്യൂ ഡെല്‍ഹിയില്‍ എത്തിയിരുന്നു. അതില്‍ എംബസി ജീവനക്കാര്‍ ഉള്‍പെടെ 45 ഇന്‍ഡ്യക്കാര്‍ ഉണ്ടായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
അതിനിടെ കാബൂളില്‍ താലിബാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കാബൂളില്‍ കുടുങ്ങിയ ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രടെറി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ വഷളാകുന്നത് മനസിലായിട്ടും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളില്‍ ഇവരെ തിരികെ കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാ ട്രാന്‍സിറ്റ് വിമാനങ്ങളെയും വഴിതിരിച്ചുവിടാന്‍ ആവശ്യപ്പെട്ടു, കാബൂള്‍ വ്യോമമേഖലയിലൂടെയുള്ള ഏത് ഗതാഗതവും നിയന്ത്രണാതീതമായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.
അഷ്റഫ് ഗനി രാജ്യം വിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകളാണ് കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. ഇവരില്‍ അഫ്ഗാനികളും വിദേശികളുമുണ്ട്. അഭയം തേടി മറ്റുരാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി ഇവര്‍ വിമാനത്തില്‍ ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ജനങ്ങള്‍ കൂട്ടത്തോടെ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയതോടെ അഫ്ഗാനിസ്ഥാന്‍ യാത്രാ വിമാന സര്‍വീസുകളുടെ വ്യോമപാത അടച്ചിരിക്കുകയാണ്.
അഫ്ഗാന്‍ വ്യോമപാത അടച്ചതോടെ യുഎസില്‍ നിന്ന് വരുന്ന എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരും. എഐ-126(ചികാഗോ-ന്യൂഡെല്‍ഹി) എഐ-174 (സാന്‍ഫ്രാന്‍സിസ്‌കോ- ന്യൂഡല്‍ഹി) എന്നീ വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഒരു ഗള്‍ഫ് രാജ്യത്തേക്ക് വഴി തിരിച്ചുവിട്ടതായുള്ള റിപോര്‍ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്‍ഡ്യയില്‍ നിന്ന് യുഎസിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് പുതിയ പാത തീരുമാനിക്കുന്നതിന്റെ ജോലികളിലാണ് എയര്‍ ഇന്‍ഡ്യയും.
Keywords: IAF Evacuates 45 Indians From Kabul Mission, More Await Rescue: Sources, Kabul, Afghanistan, Trending, Flight, Airport, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.