Lizards | വീട്ടിലെ പല്ലികളെ എങ്ങനെ തുരത്താം? പരീക്ഷിക്കാം ഈ കുറുക്കുവഴികള്‍


മണ്‍സൂണ്‍ സമയത്താണ് ഇവ പെറ്റുപെരുകുന്നത്. അതുകൊണ്ട് ഈ സമയങ്ങളില്‍ ഇവയുടെ ശല്യം രൂക്ഷമാകാറുണ്ട്
ന്യൂഡൽഹി: (KVARTHA) വീടിന്റെ ചുമരുളിലോ ഏതെങ്കിലും ഒരു മൂലയിലോ പല്ലികളെ കാണുന്നത് അത്ര പുതുമയുള്ള കാഴ്ചയല്ല. കാരണം ഒട്ടുമിക്ക വീടുകളിലും പല്ലികള്‍ താവളമടിക്കാറുണ്ട്. എന്നാല്‍ മഴക്കാലമായാല്‍ ഇതായിരിക്കില്ല അവസ്ഥ. മഴക്കാലത്താണ് ഇവ പെറ്റുപെരുകുന്നത്. അതുകൊണ്ട് ഈ സമയങ്ങളില്‍ ഇവയുടെ ശല്യം രൂക്ഷമാകാറുണ്ട്. ഭിത്തിയില്‍ ഓടി നടന്നും നിലത്ത് വീണുമെല്ലാം ഇവ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു.
ഇവയെ കാണുമ്പോള്‍ ആളുകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്. പല്ലികള്‍ ചില്ലരക്കാരല്ല. കാരണം മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്താന്‍ ഇവയ്ക്ക് കഴിയും. പല്ലികളുടെ മലം, ഉമിനീര്‍ എന്നിവയില്‍ കാണപ്പെടുന്ന ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. എന്നാല്‍ ഇനി ഇവയുടെ ശല്യം ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. ഇതിനായി ഈ മഴക്കാലത്ത് വീട്ടില്‍ തന്നെ ചില എളുപ്പവഴികള്‍ പരീക്ഷിക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
വെളുത്തുള്ളി
വെളുത്തുള്ളി, ഉള്ളി എന്നിവയുടെ രൂക്ഷഗന്ധം പല്ലിയെ തുരത്താന്‍ സഹായിക്കുന്നവയാണ്. ഇതിനായി നിങ്ങളുടെ വീട്ടില്‍ പല്ലികള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളില്‍ കുറച്ച് ഉള്ളി കഷ്ണങ്ങളും വെളുത്തുള്ളി അല്ലികളും വെക്കുക. അതുമല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വെളുത്തുള്ളിയുടെ നീര് വെള്ളത്തിൽ നിറച്ച് തളിക്കുക. ഈ മാര്‍ഗം പല്ലികളെ വേഗത്തില്‍ തുരത്താന്‍ സഹായിക്കുന്നു.
നാഫ്താലിന്‍ ഗുളികകള്‍
മഴക്കാലത്ത് നാഫ്തലിന്‍ ഗുളികകള്‍ വീട്ടില്‍ വെച്ചാൽ പല്ലികളെ അകറ്റാം. നാഫ്തലീനിന്റെ ഗന്ധം സഹിക്കാന്‍ പല്ലികള്‍ക്ക് കഴിയില്ല. ഈ ഗുളികകള്‍ അടുക്കളയിലെ അലമാരയിലോ സിങ്കിനു താഴെയോ വയ്ക്കുക. ഭക്ഷണ സാധനങ്ങള്‍ക്ക് സമീപം നാഫ്തലിന്‍ സൂക്ഷിക്കാന്‍ പാടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, ചെറിയ കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ ഉള്ള വീടുകളില്‍ നാഫ്തലിന്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
കുരുമുളക് സ്‌പ്രേ
പല്ലിയെ തുരത്താന്‍ കുരുമുളക് സ്‌പ്രേ ഫലപ്രദമാണ്. കുരുമുളകുപൊടിയില്‍ വെള്ളം കലര്‍ത്തി സ്‌പ്രേ ബോട്ടിലില്‍ നിറച്ച് പല്ലിയിലേക്ക് നേരിട്ട് ഒഴിക്കുകയോ പല്ലി പോകുന്ന സ്ഥലങ്ങളില്‍ തളിക്കുകയോ ചെയ്യുക. ഇതുമൂലം പല്ലികള്‍ വീടിന് പുറത്തേക്ക് പോകാം.