Aadhar Card | നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? എളുപ്പത്തിൽ ഇങ്ങനെ അറിയാം


ന്യൂഡെൽഹി:(KVARTHA) ആധാർ കാർഡ് ഇന്ന് നമ്മുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. സർക്കാർ സേവനങ്ങൾ, സബ്സിഡികൾ, ബാങ്കിംഗ് ഇടപാടുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഇത് ആവശ്യമാണ്. എന്നാൽ, ഈ പ്രധാനപ്പെട്ട രേഖ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ടോ? താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.
ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കുക:
* യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക: https://uidai(dot)gov(dot)in
* My Aadhaar എന്നതിൽ Aadhaar Services എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* Aadhaar Authentication History തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ആധാർ നമ്പറും സ്‌ക്രീനിൽ കാണുന്ന ക്യാപ്ച്ച (CAPTCHA ) കോഡും നൽകുക.
* തുടർന്ന് 'Send OTP' ടാബിൽ ക്ലിക്ക് ചെയ്യുക. എസ്എംഎസ് വഴി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒറ്റത്തവണ പാസ്‌വേഡും (OTP) ലഭിക്കും.
* ഒ ടി പി ഉപയോഗിച്ച് ലോഗിൻ ചെയ്ത്, നിങ്ങളുടെ ഓതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കുക.
ഇതിൽ നിങ്ങളുടെ ആധാർ കാർഡ് എപ്പോൾ, എവിടെയാണ് ഉപയോഗിച്ചതെന്ന് കാണിക്കും. തീയതി, സമയം, സ്ഥലം, ഏജൻസി എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ അറിവില്ലാതെ ആധാർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഇതിൽ നിന്ന് മനസിലാക്കാവുന്നതാണ്.
നിങ്ങളുടെ ആധാർ നമ്പർ വിജയകരമായും പരാജയപ്പെട്ടും ഉപയോഗിച്ച എല്ലാ സ്ഥലങ്ങളും കാണിക്കുന്നു. ഈ ലിസ്റ്റ് പിഡിഎഫ് ഫയലായി ഡൗൺലോഡ് ചെയ്യാനും കഴിയും. ഇത് തുറക്കാൻ, പാസ് വേർഡായി വ്യക്തിയുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങൾ വലിയക്ഷരത്തിലും തുടർന്ന് ജനന വർഷവും നൽകുക. (ഉദാഹരണം - പേര്: സുരേഷ് കുമാർ ജനിച്ച വർഷം: 1990 പാസ്‌വേഡ്: SURE1990). കഴിഞ്ഞ ആറ് മാസത്തിനുള്ളിലുള്ള വിവരങ്ങൾ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പരാതി നൽകുക:
നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടതായി നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, യുഐഡിഎഐയിൽ പരാതി നൽകുക. 1947 എന്ന നമ്പറിൽ വിളിച്ചോ help(at)uidai(dot)gov(dot)in എന്ന വിലാസത്തിൽ അവർക്ക് ഇമെയിൽ അയച്ചോ നിങ്ങൾ ബന്ധപ്പെടാവുന്നതാണ്.