Lifestyle | മക്കളെയോർത്ത് ടെൻഷനിക്കേണ്ട! മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ ബാക്കി ഭാഗം ആസ്വാദ്യകരമാക്കാൻ 10 വഴികൾ


തങ്ങൾ കണ്ണിലുണ്ണി പോലെ നോക്കിയ പ്രിയ മക്കളുടെ അസാന്നിധ്യം അവരെ വളരെയേറെ വേദനിപ്പിക്കുന്നു എന്നതാണ് സത്യം. എന്നാൽ ശരിയായി ചിന്തിച്ചാൽ, പ്രാക്ടിക്കൽ ആയി പ്രവർത്തിച്ചാൽ ഇതിന് ഒരടിസ്ഥാനമില്ലെന്ന് തെളിയും
മിന്റാ സോണി
(KVARTHA) ഇന്ന് മക്കളെ ഒക്കെ പഠിപ്പിച്ച് ജോലിക്കാരാക്കി വീട്ടിൽ അവരുടെ വരവും പ്രതീക്ഷിച്ചിരിക്കുന്ന ധാരാളം മാതാപിതാക്കൾ ഉണ്ട്. അവരുടെ വയസ് ഒരു 50 ഉം 60 ഉം വയസിന് മുകളിൽ ആകാം. ഇവരുടെ പല മക്കളും വിദേശത്തോ അല്ലെങ്കിൽ അന്യസംസ്ഥാനത്തോ മറ്റോ ആകും തൊഴിൽ എടുക്കുന്നത്. അവിടെ മക്കൾ ഒരോരുത്തരും വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാകും. തീർച്ചയായും അവർക്ക് വളരെ വേഗമൊന്നും കുടുംബത്തിൽ എത്തപ്പെടാൻ സാധിച്ചെന്നും വരില്ല. ആ സമയം മക്കളെ ഓർത്ത് നൊമ്പരപ്പെടുന്ന ഒരുപാട് പ്രായമായ മാതാപിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട്.
തങ്ങൾ കണ്ണിലുണ്ണി പോലെ നോക്കിയ പ്രിയ മക്കളുടെ അസാന്നിധ്യം അവരെ വളരെയേറെ വേദനിപ്പിക്കുന്നു എന്നതാണ് സത്യം. എന്നാൽ ശരിയായി ചിന്തിച്ചാൽ, പ്രാക്ടിക്കൽ ആയി പ്രവർത്തിച്ചാൽ ഇതിന് ഒരടിസ്ഥാനമില്ലെന്ന് തെളിയും. മനസ് സന്തോഷമാകുകയും ചെയ്യും. മക്കളെ ജോലിക്കാരാക്കി, വിവാഹിതരാക്കി, ഉദ്യോഗത്തിൽ നിന്ന് വിരമിച്ച മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ ബാക്കി ഭാഗം എങ്ങനെ ആസ്വാദ്യവും സന്തോഷകരവും ആക്കാം. ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ നടത്തിയ ഒരു സർവേയിൽ ഉയർന്നുവന്ന പ്രധാനപ്പെട്ട കുറച്ച് പൊതു അഭിപ്രായങ്ങളാണ് ഇവിടെ കുറിക്കുന്നത്. എല്ലാവരും ഇങ്ങനെയാണ് എന്നൊന്നും അർത്ഥമില്ല.
1) ജീവിതത്തിന്റെ അവസാനഭാഗം മക്കളോടൊപ്പം ജീവിക്കാം എന്ന് മോഹിക്കരുത്, ചിന്തിക്കരുത്. (നിങ്ങളുടെ സർവ സ്വാതന്ത്രവും നഷ്ടപ്പെടും
2) നിങ്ങളുടെ പേരക്കിടാങ്ങളിൽ നിങ്ങൾക്ക് ഒരു അവകാശവും ഇല്ല എന്നുള്ള കാര്യം മറക്കരുത്. മക്കളെ വളർത്തുന്നതിൽ മകനോ മകൾക്കോ ഒരു ഉപദേശവും നൽകരുത്. നിങ്ങളുടെ ഉപദേശവും അനുഭവസാക്ഷ്യങ്ങളും അവർ ഒരിക്കലും പരിഗണിക്കില്ല.
3) അകന്നിരിക്കുക ബന്ധങ്ങൾ എപ്പോഴും മധുരമുള്ളതായിരിക്കും. എന്റെ കുട്ടികൾ എന്ന് ആവശ്യമില്ലാതെ വേവലാതിപ്പെടേണ്ട. അവർ ചിറക് വളർന്ന പറവകളായി എന്ന് തിരിച്ചറിഞ്ഞ് മനസ്സമാധാനത്തോടെ ഇരിക്കുക.
4) ആസ്തിയില്ലാത്തവനുള്ളതല്ല ഈ ലോകം. കയ്യിൽ കാശില്ലെങ്കിൽ മക്കളിൽ നിന്ന് സ്നേഹമോ ബഹുമാനമോ തീർച്ചയായും ലഭിക്കില്ല. സ്വന്തം സ്വത്തുക്കൾ നീക്കിയിരുപ്പ് മുതലായവ മരണം വരെ ഭാഗിച്ച് കൊടുക്കരുത്. മുഴുവൻ പങ്ക് വെച്ചാൽ അവസാനം നിങ്ങൾ പെരുവഴിയിലാകും.
5) ജീവിതകാലം മുഴുവൻ അവരുടെ നന്മയ്ക്ക്, ഉയർച്ചയ്ക്ക് വേണ്ടി പല ബുദ്ധിമുട്ടുകൾ വിഷങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ടാവും. ആ കാര്യങ്ങൾ ആവർത്തിച്ച് പറയരുത്. നിങ്ങൾ നിങ്ങളുടെ കടമ ചെയ്തു. അത്രതന്നെ.
6) കൂട്ടുകുടുംബ വ്യവസ്ഥ മറന്നുപോയ ഒരു തലമുറയിലാണ് നാം ജീവിക്കുന്നതെന്ന് മറക്കരുത്. വേണ്ടിവന്നാൽ വർഷത്തിലൊരിക്കൽ പാരിതോഷികങ്ങളുമായി അവരെ കാണാൻ പോവൂ, ഒന്നോ രണ്ടോ ദിവസം സന്തോഷത്തോടെ താമസിക്കൂ. കൂടുതൽ കൂടെ നിൽക്കരുത്.
7) മരുമക്കളുടെ മുന്നിൽ നിങ്ങൾ (ഭാര്യ ഭർത്താവിനെ, ഭർത്താവ് ഭാര്യയെ) കുറ്റപ്പെടുത്തി സംസാരിക്കരുത്. നിങ്ങളിൽ ഒരാളെ മറ്റൊരാൾ കുറ്റപ്പെടുത്തി സംസാരിച്ചാൽ ഉടൻ പ്രതികരിക്കണം. മക്കളുടെ വീട്ടിലേക്ക് പോകുമ്പോൾ നിങ്ങൾക്കാവശ്യമുള്ള മരുന്നുകൾ, സോപ്പ്, ചീർപ്പ് മുതലായ വ്യക്തിപരമായ അവശ്യസാധനങ്ങൾ തീർച്ചയായും കൊണ്ടുപോകണം.
8) മക്കളുടെ ആഡംബര ജീവിതത്തെ വിമർശിക്കരുത്. സമ്പാദ്യം കരുതിവെക്കണമെന്ന് ഉപദേശിച്ച് അപമാനിതരാകരുത്. അവരുടെ ജീവിതം നിങ്ങളുടെ ജീവിതത്തെപ്പോലെ ദുരിതപൂർണമല്ല. അവരുടേത് ആധുനിക കോർപ്പറേറ്റ് ജീവിതമാണ്. നിങ്ങൾ ആയിരം രൂപയെ വളരെ വലുതായി കണ്ടു. അവർ ലക്ഷങ്ങളുമായി നിത്യം ഇടപഴകുന്നവർ.
9) അധികം സ്നേഹം, ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നത് മോശമാണ്. അവരുടെ മക്കളെ എങ്ങനെ വളർത്തണം എന്നവർക്കറിയാം. അവരെ ഒരിക്കലും ഉപദേശിക്കരുത്.
10) നിങ്ങളെക്കാളും അറിവിലും ബുദ്ധിയിലും അവർ മികച്ചവരാണെന്ന കാര്യം മനസ്സിലാക്കുക. എത്ര അറിവുണ്ടെങ്കിലും അനുഭവമുണ്ടെങ്കിലും സ്വയം വിഡ്ഢിയാണെന്ന് നടിച്ചോളൂ. എങ്കിലേ സംതൃപ്തമായി ജീവിക്കാൻ സാധിക്കുകയുള്ളൂ. അധികം ഉപദേശിക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല. ഉന്നത വിദ്യാഭ്യാസമുണ്ടെങ്കിലും, ഉന്നത പദവിയിൽ നിന്ന് വിരമിച്ചതാണെങ്കിലും അവർക്ക് മുന്നിൽ നിങ്ങൾ വെറും ചോദ്യചിഹ്നങ്ങൾ.. തലയാട്ടുന്ന പാവകൾ മാത്രം.
ജീവിതത്തിന്റെ സായാഹ്നം സന്തോഷകരമാക്കാൻ ഈ പത്ത് കാര്യങ്ങൾ പ്രയോജനപ്പെടും. എല്ലാവരും ഇങ്ങനെയാണ് എന്നൊന്നും അർത്ഥമില്ല. എല്ലാവർക്കും ഇത് ഇഷ്ടപ്പെടണമെന്നും ഇല്ല. ഇതൊക്കെ സാഹചര്യങ്ങളെ ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ചില മാതാപിതാക്കൾ മക്കളോടൊപ്പം സന്തോഷിച്ചു കഴിയുന്നുമുണ്ട്. എന്നാൽ നേരെ മറിച്ച് ഇതിൽ കുറച്ച് സത്യമില്ലേയെന്നും ചിന്തിച്ചു പോകുക സ്വഭാവികം. വിദേശ രാജ്യങ്ങളിൽ ഒക്കെ മക്കൾ പ്രായമാകുമ്പോഴാണ് മാതാപിതാക്കൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ആ സമയം സ്വതന്ത്രമായി ഉല്ലസിക്കുന്ന പ്രായം ചെറുപ്പമായി നിലനിർത്തുന്ന മാതാപിതാക്കളെയും കാണാം.
ആ തലത്തിലേയ്ക്ക് നമ്മൾ എത്തിയിട്ടില്ലെന്നതാണ് ഇവിടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഇതൊക്കെ വലിയ വിഷയമായി എടുക്കുന്നതാണ് എല്ലാ ദുഖങ്ങൾക്കും കാരണം. ഒരോന്നിനെയും അതിൻ്റേതായ രീതിയിൽ ചിന്തിച്ചാൽ എല്ലാം നിസ്സാരങ്ങളായി തോന്നും. അത് നമ്മുടെ ഒരോരുത്തരുടെയും മനോഭാവത്തെ ആശ്രയിച്ചിരിക്കും ഇരിക്കുക. അതിനാൽ പ്രായമാകുന്തോറും നല്ല മനോഭാവം വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം. ഇതിലെ നല്ല പോയിൻ്റുകൾ ജീവിതത്തിൽ കൊണ്ടുവരാനും ശ്രദ്ധിക്കുക. പിന്നെ ഓരോ മക്കളും മനസ്സിലാക്കണം, മാതാപിതാക്കളെ നോക്കുക എന്നത് ഒരു പുണ്യമാണെന്ന്, അത് നമ്മുടെ സംസ്ക്കാരത്തിൻ്റെ ഭാഗമാണെന്ന്.