Wedding | നാടകീയതയും ആക്ഷനും നിറഞ്ഞ ത്രില്ലർ സിനിമയുടെ ക്ലൈമാക്‌സ് പോലെ ഒരു വിവാഹം; പരോളിലിറങ്ങി കുപ്രസിദ്ധ ഗുണ്ടാസംഘാംഗം താലികെട്ടിയത് 'ലേഡി ഡോണിനെ'; ഒടുവിൽ ട്വിസ്റ്റ്
Mar 14, 2024, 20:54 IST
ന്യൂഡെൽഹി: (KVARTHA) നാടകീയതയും ആക്ഷനും നിറഞ്ഞ ഒരു ത്രില്ലർ സിനിമയുടെ ക്ലൈമാക്‌സ് പോലെ, ഡെൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ കലാ ജാഥേദി എന്ന സന്ദീപും 'ലേഡി ഡോൺ' മാഡം മിൻസ് എന്ന അനുരാധ ചൗധരിയും തമ്മിലുള്ള വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദ്വാരക കോടതിയുടെ ഉത്തരവിനെത്തുടർന്ന്, കലാ ജാഥേദി പരോളിൽ ജയിലിൽ നിന്നിറങ്ങിയാണ് പൊലീസ് സംരക്ഷണയിൽ വിവാഹിതനായത്.
ഒരുകാലത്ത് ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം പൊലീസിൽ നിന്ന് രക്ഷപ്പെട്ട കലാ ജാഥേദിയും അനുരാധ ചൗധരിയും ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്‌വരയിൽ ഒരുമിച്ച് സമയം ചിലവഴിച്ചിരുന്നു. ഇതിനിടെ ഇരുവരുടെയും ഇടയിൽ പ്രണയം മുളപൊട്ടുകയും അവർ ഒരുമിച്ച് പൊലീസ് പിടിയിലാവുകയും ചെയ്തു. തിഹാർ ജയിലിൽ തടവുകാരുടെ പതിവ് കൂടിക്കാഴ്ചകൾക്കിടയിലാണ് പ്രണയം പൂവണിഞ്ഞത്. ജാമ്യത്തിലിറങ്ങിയ അനുരാധ നിയമപഠനം ആരംഭിച്ചു. ജാഥേദിയുടെ വീട്ടിൽ മാതാപിതാക്കളെ ശുശ്രൂഷിച്ചു. തുടർന്ന് വിവാഹത്തിനും ഗൃഹപ്രവേശത്തിനുമായി കോടതിയിൽ നിന്ന് കലാ ജാഥേദിക്കുവേണ്ടി പരോൾ അനുമതി വാങ്ങി.
മാർച്ച് നാലിന് അഡീഷണൽ സെഷൻസ് ജഡ്‌ജ്, സന്ദീപിന് വിവാഹത്തിന് മാർച്ച് 12 ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ആറ് മണിക്കൂറും ഗൃഹപ്രവേശനത്തിന് അടുത്ത ദിവസം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മൂന്ന് മണിക്കൂറും പരോൾ അനുമതി നൽകിയിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പൊലീസുകാർ, ഗേറ്റിൽ രണ്ട് മെറ്റൽ ഡിറ്റക്ടറുകൾ, അകത്തേക്ക് പോകുന്ന എല്ലാവരെയും പരിശോധിക്കുന്നു, മാർച്ച് 12ന് ഡെൽഹിയിലെ സന്തോഷ് ഗാർഡനിൽ എല്ലാം ഇങ്ങനെയായിരുന്നു. കനത്ത പൊലീസ് സുരക്ഷയ്ക്ക് ഇടയിലാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.
ഒടുവിൽ ട്വിസ്റ്റ്
ഹരിയാനയിലെ സോനിപത് ജില്ലയിലെ ജാഥേദിയിലെ സന്ദീപിൻ്റെ വീട്ടിലാണ് ഗൃഹപ്രവേശന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാൽ അവിടെ ട്വിസ്റ്റുണ്ടായി. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഗൃഹപ്രവേശനത്തിനുള്ള സന്ദീപിൻ്റെ പരോൾ ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സോനിപത് എസ്പി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പൊലീസിൻ്റെ ഹർജി ഇപ്പോൾ കോടതി അംഗീകരിക്കുകയും ശനിയാഴ്ച പരോളിനായി പുതിയ ഹർജി സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. വിവാഹം നടന്നെങ്കിലും ഗൃഹപ്രവേശനം മുടങ്ങിയിരിക്കുകയാണ്.
കേസുകൾ നിരവധി
ഡെൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ കവർച്ച, കൊലപാതകം, കൊള്ള, എന്നിങ്ങനെ പത്തിലധികം കേസുകൾ ജയിലിൽ കഴിയുന്ന സന്ദീപ് നേരിടുന്നുണ്ടെന്ന് ഡൽഹി പൊലീസിൻ്റെ രേഖകൾ വ്യക്തമാക്കുന്നു. ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത കൂട്ടാളിയാണ് ഇയാൾ. ഒരിക്കൽ കൊല്ലപ്പെട്ട ഗുണ്ടാസംഘാംഗം ആനന്ദ്‌പാൽ സിങ്ങിൻ്റെ വിശ്വസ്തയായിരുന്ന അനുരാധയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ആയുധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ എന്നിങ്ങനെ അര ഡസനിലധികം കേസുകളുണ്ട്.
Keywordsl: News, News-Malayalam-News, National, National-News, Homecoming rituals of ‘gangster couple’ deferred, cops cite security.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.