Election History | 489 സീറ്റിൽ നിന്ന് വെറും 44 ലേക്ക് കൂപ്പുകുത്തിയ കോൺഗ്രസ്; രണ്ടിൽ നിന്ന് 303 ലേക്ക് കുതിച്ച ബിജെപി! 46 സീറ്റുകൾ മാത്രമുണ്ടായിരുന്നിട്ടും പ്രധാനമന്ത്രിയായ എച്ച്‌ഡി ദേവഗൗഡ; സംഭവ ബഹുലം ഇന്ത്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ചരിത്രം; 1952 മുതൽ 2019 വരെയുള്ള ജനവിധി ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) സംഭവ ബഹുലമാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം. ഇന്ത്യൻ പാർലമെൻ്റ് ദ്വിസഭ സമ്പ്രദായമാണ് പിന്തുടരുന്നത്. ഇതിന് രണ്ട് സഭകളുണ്ട്, അതായത് രാജ്യസഭ, ലോക്‌സഭ. ലോക്‌സഭയിൽ ഭൂരിപക്ഷം നേടുന്ന പാർട്ടിക്ക് (അല്ലെങ്കിൽ സഖ്യത്തിന്) കേന്ദ്രസർക്കാർ രൂപീകരിക്കാൻ കഴിയും. അധികാര കാലാവധി പരമാവധി അഞ്ച് വർഷത്തേക്കാണ്. അതിനിടയിൽ ലോക്‌സഭയിൽ ഭൂരിപക്ഷം നഷ്ടമായാൽ രാജിവെക്കേണ്ടിയും വരും.

Election History | 489 സീറ്റിൽ നിന്ന് വെറും 44 ലേക്ക് കൂപ്പുകുത്തിയ കോൺഗ്രസ്; രണ്ടിൽ നിന്ന് 303 ലേക്ക് കുതിച്ച ബിജെപി! 46 സീറ്റുകൾ മാത്രമുണ്ടായിരുന്നിട്ടും പ്രധാനമന്ത്രിയായ എച്ച്‌ഡി ദേവഗൗഡ; സംഭവ ബഹുലം ഇന്ത്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ ചരിത്രം; 1952 മുതൽ 2019 വരെയുള്ള ജനവിധി ഇങ്ങനെ

പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അടങ്ങിയ ഭരണഘടനാ അസംബ്ലി 1947-ൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ആദ്യത്തെ പാർലമെൻ്റായി പ്രവർത്തിച്ചുകൊണ്ട് മൂന്ന് വർഷത്തോളം നിലനിന്നു. ഇന്ത്യയ്‌ക്കായി ഭരണഘടന തയ്യാറാക്കുന്നതിനായി രൂപീകരിച്ചതായിരുന്നു ഭരണഘടനാ അസംബ്ലി. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള ഭരണഘടന തയ്യാറാക്കുക എന്ന ചരിത്രപരമായ ദൗത്യം പൂർത്തിയാക്കാൻ ഭരണഘടനാ അസംബ്ലി ഏകദേശം മൂന്ന് വർഷമെടുത്തു.

ഒന്നാം ലോക്സഭ (1952-57):

ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്. 489 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടർമാരുടെ എണ്ണം ഏകദേശം 17.3 കോടിയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) 364 സീറ്റ് നേടി. മറ്റ് രണ്ട് പാർട്ടികൾ മാത്രമാണ് ഇരട്ട അക്ക സീറ്റുകൾ നേടിയത്. സിപിഐക്ക് 16 സീറ്റും സോഷ്യലിസ്റ്റ് പാർട്ടിക്ക് 12 സീറ്റും ലഭിച്ചു. കോൺഗ്രസിന് മൊത്തം വോട്ടിൻ്റെ 45 ശതമാനമാണ് ലഭിച്ചത്. ബിജെപിയുടെ മുൻ രൂപമായ ഭാരതീയ ജൻ സംഘ് (ബിജെഎസ്) മൂന്ന് സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് സ്വതന്ത്രർക്കായിരുന്നു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോകസഭ (1957-62):

494 സീറ്റുകളിൽ കോൺഗ്രസ് 371 സീറ്റുകൾ നേടി ഭരണം നിലനിർത്തി. മറ്റ് രണ്ട് പാർട്ടികൾ മാത്രമാണ് രണ്ടക്ക സീറ്റുകൾ നേടിയത്. സിപിഐ 27 സീറ്റുകളും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (PSP) 19 സീറ്റുകളും നേടി. കോൺഗ്രസിന് മൊത്തം വോട്ടിൻ്റെ 48 ശതമാനമാണ് ലഭിച്ചത്. ബിഡിജെഎസിന് നാല് സീറ്റുകൾ മാത്രമാണ് നേടാനായത്. ഇത്തവണയും കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് സ്വതന്ത്രരായിരുന്നു. ജവഹർലാൽ നെഹ്‌റു വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോക്‌സഭാ കാലത്ത് ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.

മൂന്നാം ലോക്‌സഭ (1962-67):

494 സീറ്റുകളിൽ കോൺഗ്രസ് 361 സീറ്റുകൾ നേടി. ഈ തെരഞ്ഞെടുപ്പുകളിൽ മറ്റ് നാല് പാർട്ടികൾ ഇരട്ട അക്ക സീറ്റുകൾ (സിപിഐ, ജൻ സംഘ്, സ്വതന്ത്ര പാർട്ടി, പിഎസ്പി) നേടി. കോൺഗ്രസിൻ്റെ വോട്ട് വിഹിതം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 48 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1964-ൽ അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് ഗുൽസാരി ലാൽ നന്ദയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു, പിന്നീട് ലാൽ ബഹാദൂർ ശാസ്ത്രി പിൻഗാമിയായി. അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് 1966ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റു.

നാലാം ലോകസഭ (1967-70):

ഈ തെരഞ്ഞെടുപ്പിൽ 25 കോടിയോളം വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി 520-ൽ 283 സീറ്റുകൾ നേടി തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്തി. എന്നാൽ കോൺഗ്രസിൻ്റെ വോട്ട് വിഹിതം 41 ശതമാനമായി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പുകളിൽ, മറ്റ് ആറ് പാർട്ടികൾ ഇരട്ട അക്ക സീറ്റുകൾ നേടി, സി രാജഗോപാല ചാരിയുടെ സ്വതന്ത്ര പാർട്ടി 44 സീറ്റുകൾ നേടി ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി ഉയർന്നു. ഇന്ദിരാഗാന്ധി രണ്ടാം തവണ പ്രധാനമന്ത്രിയായി.

അഞ്ചാം ലോക്‌സഭ (1971-77):

ഇന്ദിരാഗാന്ധി കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. അവരുടെ പാർട്ടി 518-ൽ 352 സീറ്റുകൾ നേടി, മൊറാർജി ദേശായിയുടെ കീഴിലുള്ള കോൺഗ്രസിൻ്റെ മറ്റൊരു വിഭാഗം 16 സീറ്റുകൾ മാത്രമാണ് നേടിയത്. ഇന്ദിരാഗാന്ധി മൂന്നാം തവണയും പ്രധാനമന്ത്രിയായി. 1975-ൽ ഈ സമയത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വന്നത്, അത് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തി.

ആറാം ലോക്സഭ (1977-79):

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസിനെ പരാജയപ്പെടുത്തി ഭാരതീയ ലോക്ദൾ (അല്ലെങ്കിൽ ജനതാ പാർട്ടി) വിജയിച്ചു. 1974 അവസാനം ഇന്ദിരാഗാന്ധിയുടെ ഭരണത്തെ എതിർത്ത സ്വതന്ത്ര പാർട്ടി ഉൾപ്പെടെ ഏഴ് പാർട്ടികളുടെ കൂട്ടായ്മയിലാണ് ഭാരതീയ ലോക്ദൾ രൂപീകരിച്ചത്. 542 സീറ്റുകളിൽ 295 സീറ്റുകൾ ബിഎൽഡി നേടിയപ്പോൾ കോൺഗ്രസിന് 154 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. മൊറാർജി ദേശായി പ്രധാനമന്ത്രിയായി. എന്നാൽ 1979-ൽ ജനതാ സഖ്യത്തിലെ രണ്ട് പാർട്ടികൾ പിന്മാറിയതിനെ തുടർന്ന് സ്ഥാനമൊഴിയേണ്ടി വന്നു. അദ്ദേഹത്തിൻ്റെ പിൻഗാമിയായി ചരൺ സിംഗ് അധികാരമേറ്റു.

ഏഴാം ലോക്‌സഭ (1980-84):

ജനതാ പരീക്ഷണം പരാജയപ്പെട്ടതിനെത്തുടർന്ന്, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് (ഐ) 529 സീറ്റുകളിൽ 353 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തി. നേരത്തെ ജനതാ സഖ്യത്തിലെ പാർട്ടികൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാനായില്ല. ഔദ്യോഗിക പ്രതിപക്ഷ നേതാവും ഉണ്ടായിരുന്നില്ല.

എട്ടാം ലോക്‌സഭ (1984-89):

ഇന്ദിരാഗാന്ധിയുടെ കൊലപാതകവും ശേഷം 1984-ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെയും പ്രക്ഷുബ്ധമായ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സഹതാപ തരംഗത്തിൽ ഇന്ദിരാഗാന്ധിയുടെ മകൻ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി വൻ വിജയത്തോടെ അധികാരത്തിലെത്തി. 514 സീറ്റിൽ 404 സീറ്റും കോൺഗ്രസ് നേടി. ഗുജറാത്തിൽ ഒന്ന്, ആന്ധ്രാപ്രദേശിൽ (ഇപ്പോൾ തെലങ്കാന) രണ്ട് സീറ്റുകൾ നേടിയാണ് ഭാരതീയ ജനതാ പാർട്ടി (BJP) ആദ്യമായി തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി

ഒമ്പതാം ലോക്സഭ (1989-91):

ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ ആദ്യമായി ഒരു തൂക്കുസഭ ഉണ്ടായി. ബൊഫോഴ്സ് അഴിമതിയും എൽ.ടി.ടി.ഇയും മറ്റ് പ്രശ്നങ്ങളും കോൺഗ്രസിനെതിരെ പ്രവർത്തിച്ചു. 529 സീറ്റിൽ കോൺഗ്രസ് 197, ജനതാദൾ 143, ബിജെപി 85 സീറ്റുകൾ നേടി. ബിജെപി മികച്ച നേട്ടമുണ്ടാക്കി. ബിജെപിയുടെയും ഇടതുപാർട്ടികളുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ ജനതാദൾ സർക്കാർ രൂപീകരിച്ചു. വിശ്വനാഥ് പ്രതാപ് സിംഗ് (വിപി സിംഗ്) പ്രധാനമന്ത്രിയായി. ജനതാദളിലെ അദ്ദേഹത്തിൻ്റെ എതിരാളിയായ ചന്ദ്രശേഖർ 1990-ൽ പിരിഞ്ഞ് സമാജ്‌വാദി ജനതാ പാർട്ടി രൂപീകരിച്ചു. ഇതേതുടർന്ന് വിപി സിംഗിന് സ്ഥാനമൊഴിയേണ്ടി വന്നു. 1990ൽ കോൺഗ്രസിൻ്റെ ബാഹ്യ പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. ഈ പരീക്ഷണവും പാളി. രണ്ട് വർഷത്തിനുള്ളിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങി.

പത്താം ലോകസഭ (1991-96):

1991ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽടിടിഇയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. മണ്ഡൽ കമ്മീഷനും രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്‌നവും അന്ന് തിരഞ്ഞെടുപ്പ് വിഷയമായി. വി.പി സിംഗ് സർക്കാർ നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മറ്റ് പിന്നാക്ക ജാതിക്കാർക്ക് (ഒബിസി) സർക്കാർ ജോലികളിൽ 27 ശതമാനം സംവരണം നൽകി. അയോധ്യയിലെ ബാബറി മസ്ജിദ് ബിജെപി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉപയോഗിച്ചു. ഈ പ്രശ്നം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നിരവധി കലാപങ്ങൾക്ക് കാരണമാവുകയും വോട്ടർമാർ ജാതി-മത അടിസ്ഥാനത്തിൽ ധ്രുവീകരിക്കപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം നേടാനായില്ല. 521 സീറ്റുകളിൽ 120 സീറ്റുകൾ ബിജെപി നേടിയപ്പോൾ 232 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പി വി നരസിംഹ റാവു ന്യൂനപക്ഷ സർക്കാരിനെ നയിച്ചു, ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി കസേരയിലെത്തുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.

പതിനൊന്നാം ലോക്‌സഭ (1996-98):

നിരവധി അഴിമതികളുടെയും മറ്റും ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസിനുള്ളിൽ പല വിഭാഗങ്ങളും ഉണ്ടായിരുന്നു. ബിജെപി വലിയ ശക്തിയായി വളർന്നു, തൂക്കുസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു. ബി.ജെ.പി 161 സീറ്റുകളും കോൺഗ്രസ് 140 ഉം ജനതാദൾ 46 ഉം നേടി. പ്രാദേശിക പാർട്ടികളുടെ കുതിപ്പ് ഈ തെരഞ്ഞെടുപ്പോടെ ആരംഭിച്ചു. പ്രാദേശിക പാർട്ടികൾ 129 സീറ്റുകൾ നേടി. അവരിൽ പ്രമുഖർ ടിഡിപി, ശിവസേന, ഡിഎംകെ എന്നിവയായിരുന്നു.

ഭരണഘടന നുസരിച്ച് രാഷ്ട്രപതി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. ബി.ജെ.പി ഒരു സഖ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും അധികം മുന്നോട്ട് പോകാനായില്ല, അടൽ ബിഹാരി വാജ്‌പേയിക്ക് 13 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പാർട്ടി വിസമ്മതിച്ചുവെങ്കിലും ജനതാദളിനും 'യുണൈറ്റഡ് ഫ്രണ്ട്' ആയി രൂപീകരിച്ച മറ്റ് ചെറിയ പാർട്ടികൾക്കും പുറത്തുനിന്നുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു. അങ്ങനെ 46 സീറ്റുകൾ മാത്രമുണ്ടായിരുന്നിട്ടും ജനതാദളിൻ്റെ എച്ച്‌ഡി ദേവഗൗഡ പ്രധാനമന്ത്രിയായി, 18 മാസം പദവിയിൽ തുടർന്ന അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ് ഐകെ ഗുജ്‌റാളിന് വഴിയൊരുക്കേണ്ടി വന്നു. ജനതാദളിലെ ഭിന്നതയെ തുടർന്ന് അദ്ദേഹത്തിന് അധികകാലം തുടരാനായില്ല.

പന്ത്രണ്ടാം ലോക്‌സഭ (1998-99):

543ൽ 182 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ് 141 സീറ്റുകളും മറ്റ് പ്രാദേശിക പാർട്ടികൾ 101 സീറ്റുകളും നേടി. ബിജെപി മറ്റ് പ്രാദേശിക പാർട്ടികളുമായി ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം (NDA) രൂപീകരിച്ചു. അടൽ ബിഹാരി വാജ്‌പേയി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിൻ്റെ സർക്കാരിന് അധികകാലം നിലനിൽക്കാനായില്ല, എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 13 മാസത്തെ ഭരണത്തിന് ശേഷം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അന്നത്തെ ഒഡീഷ മുഖ്യമന്ത്രിയും എംപിയുമായ ഡോ. ഗിരിധർ ഗമാംഗ് എൻഡിഎയ്‌ക്കെതിരെ വോട്ട് ചെയ്തപ്പോൾ വെറും ഒരു വോട്ടിന് എൻഡിഎ പരാജയപ്പെട്ടു. പൊഖ്‌റാനിലെ ആണവപരീക്ഷണങ്ങൾ, കാർഗിൽ യുദ്ധം എന്നിവ ഈ കാലഘട്ടത്തിലെ ചില പ്രധാന സംഭവങ്ങളാണ്.

പതിമൂന്നാം ലോക്‌സഭ (1999-2004):

കാർഗിൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. 182 സീറ്റുകളുമായി ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ കോൺഗ്രസിന് 114 സീറ്റുകൾ മാത്രമാണ് നേടാനായത്. പ്രാദേശിക പാർട്ടികൾ 158 സീറ്റുകൾ നേടി. ഇത്തവണ കൂടുതൽ സ്ഥിരതയുള്ള എൻഡിഎ രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞു. അടൽ ബിഹാരി വാജ്‌പേയി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായി ഒരു കോൺഗ്രസ് ഇതര സഖ്യം അഞ്ച് വർഷം ഭരിച്ചു

പതിനാലാം ലോക്‌സഭ (2004-09):

'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണത്തിനൊപ്പം ബിജെപി നേരത്തെ തിരഞ്ഞെടുപ്പിലേക്ക് പോയി. മധ്യവർഗ വോട്ടുകൾ നേടാനായെങ്കിലും ദരിദ്ര വിഭാഗങ്ങൾ കോൺഗ്രസിനും മറ്റ് പ്രാദേശിക പാർട്ടികൾക്കും വോട്ട് ചെയ്തത് എൻഡിഎയുടെ പരാജയത്തിന് കാരണമായി. ബിജെപിക്ക് 138 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് 145 സീറ്റുകളായി. മറ്റ് പാർട്ടികളുടെ പിന്തുണയോടെയും ഇടതുപാർട്ടികളുടെ ബാഹ്യ പിന്തുണയോടെയും കോൺഗ്രസ് യുപിഎ രൂപീകരിച്ചു. മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.

പതിനഞ്ചാം ലോക്‌സഭ (2009-14):

വിവരാവകാശ നിയമം (ആർടിഐ), ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎസ്) തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നടപ്പാക്കി. 2008-ൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുകയും ചെയ്തു. ഈ പശ്ചാത്തലത്തിലായിരുന്നു 2009ലെ തിരഞ്ഞെടുപ്പ്. മറുവശത്ത് എൻഡിഎയെ നയിച്ചത് എൽകെ അദ്വാനിയാണ്. കോൺഗ്രസ് 206 സീറ്റുകൾ നേടി, 2004-നെ അപേക്ഷിച്ച് വൻ മുന്നേറ്റം. ബിജെപിക്ക് 116 സീറ്റുകൾ മാത്രമാണ് നേടാനായത്. പ്രാദേശിക പാർട്ടികൾ 146 സീറ്റുകൾ നേടി. യുപിഎ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്നു. ഡോ. മൻമോഹൻ സിംഗ് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പതിനാറാം ലോക്‌സഭ (2014-19):

യുപിഎയ്ക്ക് രണ്ടാം ഭരണത്തിൽ അഴിമതിയുടെയും കുംഭകോണങ്ങളുടെയും നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നു. നരേന്ദ്രമോദിയെ ശക്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. 282 സീറ്റുകളുമായി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസിന് 44 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 1984ന് ശേഷം ആദ്യമായാണ് ഒരു പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്.

പതിനേഴാം ലോക്‌സഭ (2019-24):

വിവിധ പദ്ധതികൾ, നരേന്ദ്രമോദിയുമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരു ബദൽ നേതാവിൻ്റെ അഭാവം എന്നിവ കരുത്തായപ്പോൾ ബിജെപി വർധിച്ച ജനവിധിയോടെ വീണ്ടും ഭരണത്തിലേറി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടുകയും എൻഡിഎ സഖ്യകക്ഷികളുമായി ചേർന്ന് 350 കടക്കുകയും ചെയ്തു. ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം തുടർച്ചയായി രണ്ട് തവണ ഒറ്റകക്ഷിക്ക് ഭൂരിപക്ഷം നേടുന്ന ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വ്യക്തിയായി നരേന്ദ്ര മോദി. 52 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് പോലും പരാജയപ്പെട്ടു.

Keywords: News, National, New Delhi, Lok Sabha Election, Congress, BJP, Politics, History, Congress, History of Indian Parliament Elections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia