Rights | സ്വത്തിൽ ഹിന്ദു മതത്തിൽപ്പെട്ട സ്ത്രീയുടെ അവകാശികളെ നിർണയിക്കുന്നത് എങ്ങനെ? നിയമം അറിയാം


● അവകാശികളെ അഞ്ച് വിഭാഗമായി തരം തിരിച്ചിരിക്കുന്നു
● വിൽപ്പത്രം തയ്യാറാക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും
● സ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് നിയമപരമായ പരിഹാരം തേടാം
മിൻ്റു തൊടുപുഴ
(KVARTHA) ഇന്ന് മതപരമായ ഒരുപാട് ഭരണഘടനാപരമായ നിയമങ്ങൾ നമ്മുടെ ഇടയിലുണ്ട്. ഇതാണ് ഇവിടുത്തെ കോടതിയും മുഖവിലയ്ക്കെടുക്കുന്നത്. അതിൻ്റെ ചട്ടക്കൂടുകളിൽ നിന്ന് മാത്രമേ മതമില്ലാത്ത ആളുകൾ ഒഴിച്ച് എല്ലാവർക്കും മുൻപോട്ട് പോകുവാൻ സാധിക്കു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമവും ഒക്കെ ഈ പറയുന്നതിൻ്റെ പരിധിയിൽ വരുന്നതാണ്. അതൊക്കെ ഇപ്പോൾ വലിയ ചർച്ചകളും ആയിക്കൊണ്ടിരിക്കുന്നു.
കുടുംബത്തിലെ വസ്തു വിൽപ്പനപോലെയുള്ള കാര്യങ്ങൾ നിസാരമാക്കി ഓരോരുത്തരും ചെയ്യുമ്പോൾ പിന്നീട് മതപരമായി വരുമ്പോൾ അത് പലർക്കും വലിയ പ്രശ്നമായി വരാറുണ്ട്. ഇങ്ങനെതന്നെ പല മതങ്ങളിലും പലതായ നിയമസംവിധാനങ്ങളുടെ ആവരണങ്ങൾ ഉണ്ട്. അതുപോലെ ഒന്നാണ് ഹിന്ദു സ്ത്രീയുടെ അവകാശികളെ എങ്ങനെയാണ് നിർണയിക്കുന്നത് എന്നതുപോലെയുള്ള കാര്യങ്ങൾ. അതിനെ സംബന്ധിച്ച് അഡ്വ. കെ ബി മോഹനൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്നത്: 'വിൽപ്പത്രം എഴുതി വയ്ക്കാതെ ഭവാനിയമ്മ മരണപ്പെടുമ്പോൾ ഏകമകൾ മതപരിവർത്തനം നടത്തി അന്യ മതസ്ഥനെ വിവാഹം ചെയ്തു ദൂരസ്ഥലത്തായിരുന്നു. ഭർത്താവ് നേരത്തെ തന്നെ മരിക്കുകയും, വേറെ മക്കളാരും തന്നെ ഇല്ലാത്ത ഭവാനിയമ്മ മകളുമായി നല്ല ബന്ധത്തിലല്ലായിരുന്നു. ഭവാനി അമ്മയ്ക്ക് ഉണ്ടായിരുന്ന 53 സെന്റ് വസ്തുവകകൾ പങ്കുവെച്ചെടുക്കുന്നതിൽ ബന്ധുക്കളുടെ ഇടയിൽ തർക്കം ഉടലെടുത്തു. The Hindu Succession Act,1956 അനുസരിച്ചു മരണപെട്ട ഹിന്ദു സ്ത്രീയുടെ അവകാശികളെ അഞ്ച് വിഭാഗമായി തരം തിരിച്ചിരിക്കുന്നു.
1. ഭർത്താവ്, മക്കൾ, മുൻപ് മക്കൾ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവരുടെ മക്കൾ. 2. ഭർത്താവിന്റെ അനന്തരാവകാശികൾ. 3. മാതാവ്, പിതാവ്. 4. പിതാവിന്റെ അനന്തരാവകാശികൾ 5. മാതാവിന്റെ അനന്തരാവകാശികൾ. സെക്ഷൻ 15 (2)(a) പ്രകാരം ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ പിതാവിൽ നിന്നോ, അമ്മയിൽ നിന്നോ, പാരമ്പര്യമായി ലഭിച്ച ഏതെങ്കിലും തരത്തിലുള്ള സ്വത്ത്, മരിച്ചയാളുടെ ഏതെങ്കിലും മകന്റെയോ മകളുടെയോ അല്ലെങ്കിൽ മുൻപ് മരിച്ചുപോയ ഏതെങ്കിലും മകന്റെയോ മകളുടെയോ മക്കൾ ഉൾപ്പെടെയുള്ളവരുടെ അഭാവത്തിൽ പിതാവിന്റെ അവകാശികൾക്ക് ലഭിക്കും.
ഭർത്താവിൽ നിന്നോ, അവരുടെ ടെ അമ്മായിഅച്ഛനിൽ നിന്നോ പാരമ്പര്യമായി ലഭിച്ച ഏതെങ്കിലും സ്വത്ത്, മരിച്ചയാളുടെ മക്കളുടെയോ, മരിച്ചുപോയ ഏതെങ്കിലും മകന്റെയോ മകളുടെയോ മക്കൾ ഉൾപ്പെടെയുള്ളവരുടെ അഭാവത്തിൽ ഭർത്താവിന്റെ അനന്തരാവകാശികൾക്ക് ലഭിക്കും. ഹിന്ദു മതത്തിൽ നിന്നും വേറൊരു മതത്തിലേക്ക് മതപരിവർത്തനം നടത്തിയ മകൾക്കോ, അവരുടെ മക്കൾക്കോ അമ്മയുടെ സ്വത്തിൽ അനന്തരാവകാശമുണ്ടായിരിക്കുന്നതല്ല (സെക്ഷൻ 26)'.
ഈ വിഷയത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർക്ക് വലിയ അറിവ് പകരുന്ന കുറിപ്പാണിത്. നമ്മുടെ നിയമങ്ങൾ നിസാരമല്ല. അതിന് അതിൻ്റേതായ പ്രാധാന്യം ഉണ്ട്. ഒരോ മതത്തിനും അവരവരുടെ മതത്തിന് അനുയോജ്യമായ രീതിയിൽ നിയമങ്ങൾ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. വിലപ്പെട്ട അറിവ് പകരുന്ന ഈ ലേഖനം മറ്റുളവരുമായി പങ്ക് വെക്കുക.
#HinduSuccessionAct #WomensRights #InheritanceRights #IndianLaw #LegalAdvice