Tragedy | ഹിമാചലിലെ ദുരന്തം ഹൃദയം നടുക്കും; ഒരു ഗ്രാമം മുഴുവൻ ഒഴുകിപ്പോയി! ഒരു വീട് മാത്രം ബാക്കി

 

 
himachal pradesh cloudburst devastation village washed away

Image Credit: X /Jitesh Sirswa

കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു

ഷിംല: (KVARTHA) ഹിമാചൽ പ്രദേശിലെ നിർമാന്ദ്, സൈഞ്ജ്, മലാന എന്നിവിടങ്ങളിലും മാണ്ടി ജില്ലയിലെ പദ്ദറിലും ഷിംല  ജില്ലയിലെ റാമ്പൂർ ഭാഗത്തും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ മേഘവിസ്ഫോടനത്തിന് കാരണമായ ഭീകരമായ മഴ പെയ്തത് ബുധനാഴ്ച രാത്രിയാണ്. ഇതുവരെ എട്ട് പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ഷിംല യിലെ സമേജ് ഗ്രാമത്തെ മുഴുവൻ ഇല്ലാതാക്കിയ ഈ ദുരന്തത്തിൽ ഒരു വീട് മാത്രമാണ് ബാക്കിയുള്ളത്. 

സമേജ് ഗ്രാമവാസി ആയ അനീത ദേവി ഈ ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊണ്ട് തന്റെ വേദനാജനകമായ അനുഭവം പങ്കിട്ടു. 'മഴ പെയ്ത ജൂലൈ 31 നു രാത്രി ഉറക്കത്തിൽ നിന്ന് ഒരു ശബ്ദം കേട്ട് ഉണർന്നു. പുറത്തു നോക്കിയപ്പോൾ ഗ്രാമം മുഴുവൻ ഒലിച്ചുപോയിരുന്നു. ഞങ്ങൾ ഗ്രാമത്തിലെ ഭഗവതി കാളി മാതാ ക്ഷേത്രത്തിലേക്ക് ഓടി അവിടെ രാത്രി മുഴുവൻ ചിലച്ചു', അനീത ദേവിയെ ഉദ്ധരിച്ച്  എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

himachal pradesh cloudburst devastation village washed away

കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. എല്ലാം തകർന്നപ്പോഴും തങ്ങളുടെ വീട് മാത്രം രക്ഷപ്പെട്ടുവെന്നും മറ്റെല്ലാം കൺമുന്നിൽ ഒലിച്ചുപോയതായും അനീത ദേവി വെളിപ്പെടുത്തി.

അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനായ ബക്ഷിറാം ഭീകരമായ ആ രാത്രിയെക്കുറിച്ച് ഓർത്തെടുത്തു. തന്റെ കുടുംബത്തിലെ 14 മുതൽ 15 വരെ ആളുകളെ വെള്ളം കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു. 'രാത്രി രണ്ടു മണിക്ക് വെള്ളപ്പൊക്കത്തെക്കുറിച്ച് വാർത്ത കിട്ടി. ഞാൻ അന്ന് റാമ്പൂരിലായിരുന്നു, അങ്ങനെ രക്ഷപ്പെട്ടു. രാവിലെ നാലു മണിക്ക് ഇവിടെ എത്തിയപ്പോൾ എല്ലാം നശിച്ചിരുന്നു. ഇപ്പോൾ എന്റെ ബന്ധുക്കളെ തിരയുകയാണ്, ആരെങ്കിലും ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ', അദ്ദേഹം പറഞ്ഞു.

മൂന്ന് ജില്ലകളിൽ കാണാതായ 45 പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ശനിയാഴ്ചയും നടക്കുകയാണ്. സൈന്യം, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), ഇന്തോ-തിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ് (എസ്ഡിആർഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), പൊലീസ്, ഹോം ഗാർഡ്സ് എന്നിവയിൽ നിന്നുള്ള 410 രക്ഷാപ്രവർത്തകർ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ  പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia