Ruling | ഭാര്യ ഭർത്താവിനെ 'ഹിജ്‌ഡ' എന്ന് വിളിക്കുന്നത് ക്രൂരതയാണെന്ന് ഹൈകോടതിയുടെ നിർണായക വിധി
● പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്
● ഇരുവരും കഴിഞ്ഞ ആറ് വർഷമായി വേർപിരിഞ്ഞു താമസിക്കുന്നു
● വിവാഹം വേർപെടുത്താനുള്ള കുടുംബ കോടതിയുടെ വിധി ശരിവച്ചു
ചണ്ഡീഗഡ്: (KVARTHA) വിവാഹമോചന കേസിൽ നിർണായക വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈകോടതി. ഭാര്യ തന്റെ ഭർത്താവിനെ 'ഹിജ്‌ഡ' അഥവാ ട്രാൻസ്‌ജെൻഡർ എന്ന് വിളിക്കുന്നത് മാനസിക ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി. ജൂലായ് 12-ന് കുടുംബകോടതി ഭർത്താവിന് അനുകൂലമായി വിവാഹമോചന വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സുധീർ സിംഗ്, ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഭാര്യ തന്റെ മകനെ 'ഹിജ്‌ഡ' എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഭർത്താവിന്റെ അമ്മ വാദിച്ചിരുന്നു. ഈ വിഷയം കോടതിയിൽ എത്തിയപ്പോൾ, കോടതി ഭാര്യയുടെ ഈ പ്രവർത്തിയെ ക്രൂരതയായി കണക്കാക്കി. ഭർത്താവിനെ 'ഹിജ്‌ഡ' എന്ന് വിളിക്കുകയും അമ്മയെ 'ട്രാൻസ്‌ജെൻഡറിന് ജന്മം നൽകിയ' വ്യക്തിയായി ചിത്രീകരിക്കുകയും ചെയ്യുന്നത് വളരെ വേദനിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് കോടതി പറഞ്ഞു. വിവിധ കുടുംബ കോടതികളുടെ വിധികളും സുപ്രീം കോടതിയുടെ നിർദേശങ്ങളും ഉദ്ധരിച്ചുകൊകൊണ്ടാണ് ഹൈകോടതി വിധി പറഞ്ഞത്.
2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ ദൈനംദിന ജീവിത ശൈലിയും പെരുമാറ്റവും വിവാഹജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിച്ചെന്നാണ് ഭർത്താവിന്റെ വാദം. ഭാര്യ വൈകി ഉണരുകയും രോഗിയായ അമ്മയ്ക്ക് ഭക്ഷണം നൽകുന്നില്ലെന്നും ഭർത്താവ് ആരോപിച്ചിരുന്നു. അശ്ലീല ഗെയിമുകളും മൊബൈൽ ഗെയിമുകളും ഭാര്യയുടെ ജീവിതത്തിൽ വളരെ പ്രധാന പങ്കു വഹിച്ചിരുന്നുവെന്നും അതിന് അവൾ അടിമയായിരുന്നുവെന്നുമാണ് മറ്റൊരു ആരോപണം.
പ്രത്യേകിച്ച്, ലൈംഗികതയുമായി ബന്ധപ്പെട്ട ഗെയിമുകളിൽ ഭാര്യക്ക് അമിത താല്പര്യമായിരുന്നുവെന്നും അത് ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഭർത്താവ് വ്യക്തമാക്കി. ലൈംഗിക ബന്ധത്തിന്റെ ദൈർഘ്യം കൃത്യമായി രേഖപ്പെടുത്താൻ ഭാര്യ തന്നോട് ആവശ്യപ്പെടാറുണ്ടെന്നും ഭർത്താവ് ആരോപിച്ചു. ഒരു സമയം കുറഞ്ഞത് 10-15 മിനിറ്റെങ്കിലും ലൈംഗിക ബന്ധം തുടരണമെന്നും രാത്രിയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചെയ്യണമെന്നും ഭാര്യ നിർബന്ധിച്ചിരുന്നതായി ഭർത്താവ് പറഞ്ഞു.
താൻ അവളോട് മത്സരിക്കാൻ ശാരീരികമായി അപ്രാപ്തനാണെന്ന് ഭാര്യ പരിഹസിച്ചു. തന്റെ ജീവിതപങ്കാളിയായി തന്നെ കാണാൻ തനിക്ക് താൽപര്യമില്ലെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവൾ വ്യക്തമാക്കിയെന്നും ഭർത്താവ് ചൂണ്ടിക്കാട്ടി. എന്നാൽ ഭാര്യ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട്, തന്നെ ഭർത്താവ് ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയതായി പ്രതികരിച്ചു. അമ്മായിയപ്പന്മാർ തനിക്ക് ലഹരി മരുന്നുകൾ നൽകിയെന്നും, അത് കാരണം ബോധരഹിതയായെന്നും ആഭിചാര ക്രിയകൾ നടത്തിയതായും ആരോപിച്ചു.
വാദങ്ങൾ കേട്ട കോടതി ഭാര്യയുടെ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ ഈ കാര്യത്തിൽ വിചാരണ ചെയ്തിട്ടില്ലാത്തതിനാൽ ഭാര്യയുടെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹൈകോടതിയുടെ നിരീക്ഷിച്ചു. കൂടാതെ, ഭാര്യ ഗാർഹിക പീഡനം ആരോപിച്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയതായും ഹൈകോടതി ചൂണ്ടിക്കാട്ടി. അപ്പീലിലോ പുനഃപരിശോധനയിലോ ഈ വിധി മാറ്റിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ആറ് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയില്ലെന്നും കോടതി പറഞ്ഞു. അതനുസരിച്ച്, വിവാഹം വേർപെടുത്താനുള്ള കുടുംബ കോടതിയുടെ വിധി ശരിവയ്ക്കുകയും ഭാര്യയുടെ അപ്പീൽ തള്ളുകയും ചെയ്തു.
#IndianLaw #FamilyCourt #Divorce #GenderIdentity #MentalHealth #HumanRights