Bhole Baba | ഹാഥ്‌റസിൽ 121 പേർ മരിച്ച ദുരന്തം: 'ഭോലെ ബാബ' എന്ന നാരായണ സാകർ ഹരിയുടെ നിഗൂഢ ലോകം!

 
Bole Baba
Bole Baba


മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഇയാൾ 1990-കളിൽ ആത്മീയതയിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങി

 

ഹാഥ്‌റസ്: (KVARTHA) ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തത്തിൽ മരണം 121 ആയി ഉയർന്നിരിക്കുകയാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും നിലനിൽക്കുകയാണ്. സ്ത്രീകളാണ് കൂടുതലും ഇരയായത്. ആൾദൈവമായ ഭോലെ ബാബ ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച നടത്തിയ മത പരിപാടിക്കിടെയാണ് ദാരുണ അപകടം. 

സംഭവത്തിന് പിന്നാലെ ഭോലെയെ കാണാനില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'ഭോലെ ബാബ' എന്നറിയപ്പെടുന്ന നാരായണ സാകർ ഹരി എന്ന സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ലോകം സങ്കീർണവും വിവാദപരവുമാണ്. പരിപാടിക്ക് ശേഷം ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ഇയാളുടെ  കാൽപാദത്തിന്റെ അരികിൽ നിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

ഭോലെ ബാബ ആരാണ്?

സൂരജ്‌പാൽ ജാദവ് എന്ന നാരായണ സാകർ ഹരി, ഉത്തർപ്രദേശിലെ കസഗഞ്ച് സ്വദേശിയാണ്. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഇയാൾ 1990-കളിൽ ആത്മീയതയിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങി. 'ഭോലെ ബാബ' എന്ന പേരിൽ 'സത്സംഗങ്ങൾ' (മതപ്രഭാഷണങ്ങൾ) നടത്താൻ തുടങ്ങി, പ്രധാനമായും ദരിദ്രരും താഴ്ന്ന വരുമാനക്കാരും ഉൾപ്പെടുന്ന വലിയ അനുയായികളെ ആകർഷിച്ചു.

അതേസമയം, ഏകദേശം 28 വർഷം മുമ്പ് ഒരു പീഡനക്കേസിൽ പ്രതിയായതിനാൽ പൊലീസിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. പിന്നാലെ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. എന്നിരുന്നാലും, ഇതിന് മുമ്പ് സൂരജ്പാൽ ജാതവ് 18 ഓളം പൊലീസ് സ്റ്റേഷനുകളിലും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സൂരജ്‌പാൽ പീഡനക്കേസിൽ ദീർഘകാലം ഇറ്റാ ജയിലിൽ കഴിഞ്ഞിരുന്നെന്നും ജയിൽ മോചിതനായ ശേഷമാണ് 'ബാബയുടെ' രൂപത്തിൽ ജനങ്ങൾക്ക് മുന്നിലെത്തിയതെന്നും ഇറ്റാവയിലെ സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറയുന്നു. പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം സൂരജ്പാൽ കോടതിയിൽ പോകുകയും ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു.  എന്നാൽ 2002-ൽ വിആർഎസ് എടുത്തു.

'സത്സംഗങ്ങൾ' ജനപ്രിയമായി

പൊലീസ് സേവനത്തിൽ നിന്ന് സ്വയം വിരമിച്ച ശേഷം, സൂരജ്പാൽ തൻ്റെ ഗ്രാമമായ നാഗ്ല ബഹാദൂർപൂരിലെത്തി,. അവിടെ കുറച്ച് ദിവസങ്ങൾ താമസിച്ച ശേഷം, താൻ ദൈവവുമായി ആശയവിനിമയം നടത്തിയെന്ന് അവകാശപ്പെടുകയും സ്വയം ഭോലെ ബാബയായി അവതരിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏതാനും വർഷങ്ങൾക്കുള്ളിൽ, ഭക്തർ ഇയാളെ പല പേരുകളിൽ വിളിക്കാൻ തുടങ്ങി, ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. ഭോലെ ബാബയുടെ 'സത്സംഗങ്ങൾ' ലളിതവും നാടോടി ശൈലിയിലുള്ളതുമായിരുന്നു. സാധാരണക്കാരന് മനസിലാക്കാൻ എളുപ്പമുള്ള ഭാഷയിൽ മനുഷ്യത്വം, സാഹോദര്യം, അക്രമരാഹിത്യം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ചു. ഭക്തർക്ക് സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തു. 

വിവാദങ്ങൾ

നാരായണ സാകറിന്റെ പ്രവർത്തനങ്ങൾ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. 'സത്സംഗങ്ങളിൽ' നടത്തുന്ന ചില ചികിത്സ രീതികളുടെ ഫലപ്രാപ്തിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കഴിവുകളും രോഗശാന്തിയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രവർത്തന രീതികൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

നാരായണ സാകർ തൻ്റെ ഭക്തരിൽ നിന്ന് സംഭാവനയോ ദക്ഷിണയോ വഴിപാടോ ഒന്നും വാങ്ങുന്നില്ല എന്നതും രസകരമാണ്, എന്നിരുന്നാലും നിരവധി ആശ്രമങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തിക ഇടപാടുകളും സുതാര്യത പാലിക്കുന്നില്ലെന്ന ആരോപണങ്ങൾ ഉണ്ട്. വൻതുക പണമൊഴുകുന്ന 'സംഭാവനകൾ' സ്വീകരിക്കുന്നുവെന്നും അതിന്റെ വിനിയോഗം സംബന്ധിച്ച് സുതാര്യതയില്ലെന്നുമുള്ള ആരോപണങ്ങൾ നിലനിൽക്കുന്നു. 

അമർഷം 

ഹാഥ്‌റസ് ദുരന്തത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ രോഷം പൊട്ടിപ്പുറപ്പെട്ടു, പലരും കർശന നടപടി ആവശ്യപ്പെടുന്നു. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പൊലീസ് എല്ലാ കോണുകളിലും അന്വേഷണം നടത്തുന്നുണ്ടെന്ന് ആക്ടിംഗ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia