Formation | ഹരിയാനയില്‍ മൂന്നാം ബിജെപി സര്‍ക്കാര്‍ ഒക്ടോബര്‍ 17ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി 'നരേന്ദ്ര മോദിയും പങ്കെടുക്കും'


● പഞ്ച് കുള പരേഡ് മൈതാനിയാണ് വേദി
● മൂന്നാം തവണയും അധികാരത്തിലെത്തുമ്പോള്‍ ബിജെപിക്ക് ഇരട്ടി മധുരം
● 90 നിയമസഭാ സീറ്റുകളില്‍ 48 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തുന്നത്
ന്യൂഡെല്‍ഹി: (KVARTHA) ഹരിയാനയില്‍ മൂന്നാം ബിജെപി സര്‍ക്കാര്‍ ഒക്ടോബര്‍ 17ന് അധികാരമേല്‍ക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നയാബ് സിങ് സയ്‌നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത് രണ്ടാം തവണയാണ് നയാബ് സിങ് സയ്‌നി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മൂന്നാം തവണയും അധികാരത്തിലെത്തുന്ന ബിജെപിക്ക് ഇത് ഇരട്ടി മധുരമാണ്. കേന്ദ്രത്തിലും മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരും മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ചേരുന്ന യോഗത്തില്‍ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി സയ് നിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് ശേഷം മാര്‍ച്ചിലാണ് സയ് നി ഹരിയാന മുഖ്യമന്ത്രിയായത്.
പഞ്ച് കുള പരേഡ് മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കര്‍ഷക പ്രതിഷേധം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ്, ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എന്നാല്‍ മുന്‍വിധികളെ എല്ലാം കാറ്റില്‍ പറത്തി 90 നിയമസഭാ സീറ്റുകളില്‍ 48 സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്ത് ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തിയത്. തിരിച്ചുവരവ് ലക്ഷ്യമിട്ടിരുന്ന കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി.
ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. പിന്നാലെ ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനങ്ങളില്‍ ജിലേബി വിതരണം ചെയ്തും മറ്റും വിജയാഘോഷം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത നിമിഷം തന്നെ ഫലം ബിജെപിക്ക് അനുകൂലമായി വന്നു.
#HaryanaElections #BJPGovernment #NayabSinghSaini #NarendraModi #HaryanaPolitics #AssemblyElections