Ceasefire | ഒരാഴ്ചത്തെ ആശങ്കകൾക്ക് വിരാമം; ഹമാസ് 3 ഇസ്രാഈലി ബന്ദികളെ മോചിപ്പിച്ചു; പകരം 369 ഫലസ്തീനികൾ ജയിലിൽ നിന്ന് പുറത്തിറങ്ങും

 
Hamas releases Israeli prisoners in Gaza
Hamas releases Israeli prisoners in Gaza

Photo Credit: X/ Nesrin Akman

● ഗസ്സയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായാണ് മോചനം.
● ബന്ദി മോചനം ഹമാസിന്റെ ശക്തിപ്രകടനമായി മാറി.
● ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം 25 ആയി ഉയർന്നു

ഗസ്സ: (KVARTHA) ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനും പിരിമുറുക്കങ്ങൾക്കുമൊടുവിൽ, ഹമാസ് മൂന്ന് ഇസ്രാഈലി ബന്ദികളെ മോചിപ്പിച്ചു. റഷ്യൻ-ഇസ്രാഈലി പൗരനായ അലക്സാണ്ടർ ട്രോഫനോവ്, അർജന്റീനിയൻ-ഇസ്രാഈലി പൗരനായ യെയർ ഹോൺ, അമേരിക്കൻ-ഇസ്രാഈലി പൗരനായ സാഗുയി ഡെക്കൽ-ചെൻ എന്നിവരെയാണ് മോചിപ്പിച്ചത്. ഇതിന് പകരമായി ഇസ്രാഈൽ 369 ഫലസ്തീനികളെ മോചിപ്പിക്കും.

ഗസ്സയിലെ വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തിൽ അടുത്ത ആഴ്ച ഇസ്രാഈലുമായി പരോക്ഷ ചർച്ചകൾ ആരംഭിക്കുമെന്ന് ഹമാസ് അറിയിച്ചു. ദിവസങ്ങൾ നീണ്ട സംഘർഷഭരിതമായ ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ തകരുമെന്ന ഭീഷണി ഉയർന്നിരുന്ന സാഹചര്യത്തിലാണ് ഈ മോചനം. ഇസ്രാഈൽ കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹമാസ് ബന്ദി മോചനം നിർത്തിവെച്ചിരുന്നു.


പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപും, ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എല്ലാ ബന്ദികളെയും കൈമാറാൻ ഹമാസ് തയാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ബന്ദികളെ മോചിപ്പിച്ചത് ഇസ്രാഈലിനുള്ള ഒരു പുതിയ സന്ദേശമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. 

ബന്ദി മോചന വേദി ഹമാസിന്റെ ശക്തി പ്രകടനത്തിന്റെ കൂടി വേദിയായി മാറി. നൂറുകണക്കിന് ഫലസ്തീനിയൻ സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവർ മോചനം കാണാൻ സുരക്ഷാ വലയത്തിന് പിന്നിൽ തടിച്ചുകൂടിയിരുന്നു.

റെഡ് ക്രോസ് ജീവനക്കാർ ആദ്യം ഹമാസ് അംഗങ്ങളുമായി മോചനത്തിൻ്റെ രേഖകളിൽ ഒപ്പുവച്ചു. തുടർന്ന് ബന്ദികളെ ഒരു കാറിൽ വിടുതൽ പോയിന്റിലേക്ക് കൊണ്ടുവന്നു. മോചിപ്പിക്കുന്നതിന് തൊട്ടുമുന്‍പ്, ഹമാസ് അവരെ ഖാൻ യൂനിസിലെ വേദിയിൽ നിർത്തി, അവിടെ അവർ രേഖകളിൽ ഒപ്പുവച്ചു. ബന്ദികൾക്ക് അവിടെയുണ്ടായിരുന്ന ആളുകളോട് സംസാരിക്കാൻ മൈക്രോഫോണുകൾ നൽകി. അതിനുശേഷം അവരെ റെഡ് ക്രോസിന് കൈമാറി.

ശനിയാഴ്ചത്തെ കൈമാറ്റത്തോടെ, വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം 25 ആയി ഉയർന്നു. വരും ദിവസങ്ങളിൽ ഹമാസും ഇസ്രാഈലും തമ്മിൽ കൂടുതൽ ചർച്ചകൾ നടക്കുമോയെന്ന് വ്യക്തമല്ല. എന്നിരുന്നാലും, രണ്ടാംവട്ട ചർച്ചയോട് ഇസ്രാഈൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക  

After a week of uncertainty, Hamas released three Israeli captives and in exchange, Israel will free 369 Palestinians. Ceasefire talks are expected to continue.

#Hamas, #IsraeliPrisoners, #PalestinianPrisoners, #Ceasefire, #PeaceTalks, #MiddleEast

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia