Vaccination | ഗര്‍ഭാശയമുഖ കാന്‍സറിനെതിരെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സൗജന്യ വാക്‌സിന്‍ നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍; യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒമ്പതിനും 14 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ വഴി ഗര്‍ഭാശയമുഖ കാന്‍സറിനെതിരെ വാക്സിന്‍ (Cervical Cancer Vaccine) നല്‍കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭാശയമുഖ കാന്‍സര്‍ ചികിത്സയ്ക്കായി രാജ്യത്തെ ശാസ്ത്രജ്ഞര്‍ എച്ച്പിവി വാക്‌സിന്‍ തയ്യാറാക്കിയിട്ടുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ കുത്തിവയ്പ് നല്‍കാനുള്ള സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
            
Vaccination | ഗര്‍ഭാശയമുഖ കാന്‍സറിനെതിരെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സൗജന്യ വാക്‌സിന്‍ നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍; യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ രണ്ടാമത്തെ അര്‍ബുദമാണ് ഗര്‍ഭാശയമുഖ കാന്‍സര്‍. ആഗോളതലത്തില്‍ സെര്‍വിക്കല്‍ കാന്‍സര്‍ മൂലമുള്ള ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയിലാണ്. രാജ്യത്ത് ഒരു വര്‍ഷം 80,000 സ്ത്രീകളാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്.

വാക്‌സിനേഷനായുള്ള ഗവണ്‍മെന്റിന്റെ പദ്ധതികള്‍

പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ വാക്സിന്‍ ആദ്യം നല്‍കും. കാമ്പയിന്‍ നടക്കുന്ന ദിവസം സ്‌കൂളില്‍ വരാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വാക്സിനേഷന്‍ എടുക്കണം. ഒമ്പത് മുതല്‍ 14 വരെ പ്രായമുള്ള സ്‌കൂളിന് പുറത്തുള്ള പെണ്‍കുട്ടികളെ കാമ്പയിനുകളും മൊബൈല്‍ ടീമുകളും മുഖേന വാക്സിനേഷന്റെ ഭാഗമാക്കും. രജിസ്‌ട്രേഷനായി യു വിന്‍ (U-WIN) ആപ്പ് ഉപയോഗിക്കും.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍

പദ്ധതി വിജയകരമാക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് ഈ വാക്സിന്‍ നല്‍കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജില്ലാ വാക്സിനേഷന്‍ ഓഫീസറുമായി സഹകരിക്കുകയും ഡിഎമ്മിന്റെ നേതൃത്വത്തില്‍ വാക്സിനേഷനുള്ള ജില്ലാ ടാസ്‌ക് ഫോഴ്സിന്റെ ശ്രമങ്ങളുടെ ഭാഗമാക്കുകയും ചെയ്യും. വാക്‌സിനേഷനായി എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളുടെയും മാനേജ്‌മെന്റ് ബോര്‍ഡുകളുമായി ബന്ധപ്പെടുകയും അവരോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

എല്ലാ സ്‌കൂളിലും വാക്സിനേഷനായി കോ-ഓര്‍ഡിനേറ്ററെ നിയോഗിക്കും. വാക്‌സിനേഷന്‍ പ്രക്രിയയില്‍ സഹകരണത്തോടെ യു-വിന്‍ ആപ്പില്‍ പെണ്‍കുട്ടികളുടെ എണ്ണം അപ്ലോഡ് ചെയ്യും. സ്‌കൂള്‍ അധ്യാപകര്‍ സ്‌പെഷ്യല്‍ പാരന്റ് ടീച്ചര്‍ മീറ്റിംഗിലൂടെ എല്ലാ രക്ഷിതാക്കള്‍ക്കും എച്ച്പിവി വാക്‌സിനേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി അവബോധം വര്‍ധിപ്പിക്കും. വാക്‌സിനേഷനായി മൈക്രോ പ്ലാനിംഗ് നടത്തുകയും ജിഎല്‍എസ് മാപ്പിംഗ് വഴി എല്ലാ സ്‌കൂളുകളുടെയും ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കുകയും ചെയ്യും.

തടയാവുന്ന രോഗം

ഗര്‍ഭാശയമുഖ അര്‍ബുദം തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണ്. മിക്ക സെര്‍വിക്കല്‍ കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസുമായി (HPV) ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ വാക്‌സിന്‍ നല്‍കിയാല്‍ സെര്‍വിക്കല്‍ കാന്‍സറിന്റെ മിക്ക കേസുകളും തടയാനാവും. സെര്‍വിക്കല്‍ കാന്‍സര്‍ ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച ആഗോള തന്ത്രത്തിന്റെ ഭാഗങ്ങളിലൊന്നാണ് വാക്‌സിനേഷനിലൂടെയുള്ള പ്രതിരോധം.

Keywords:  Latest-News, National, Top-Headlines, Vaccine, Health, Cancer, School, Government-of-India, New Delhi, Govt to provide cervical cancer vaccine to girls in schools.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia