തമിഴ്‌നാട്ടില്‍ അഞ്ചാം ക്ലാസുകാരി സ്‌കൂള്‍ മുറ്റത്ത് പൊള്ളലേറ്റ് മരിച്ചതില്‍ ദുരൂഹത; ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്

 


ഡിണ്ടിഗല്‍: (www.kvartha.com 17.12.2021) തമിഴ്‌നാട്ടില്‍ അഞ്ചാം ക്ലാസുകാരി സ്‌കൂള്‍ മുറ്റത്തു പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നതായി പൊലീസ്. ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു പൊലീസ് പറയുന്നു. അധ്യാപകരെയും സഹപാഠികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

കൊടൈക്കനാല്‍ പൂച്ചാലൂര്‍ സര്‍കാര്‍ സ്‌കൂളില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നൂറു കുട്ടികള്‍ മാത്രമുള്ള സ്‌കൂള്‍ മുറ്റത്തെ പാചക പുരയോടു ചേര്‍ന്ന് പെണ്‍കുട്ടി പൊള്ളലേറ്റിട്ടും സംഭവം ആരും അറിയാതിരുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അപകടമാണോ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്.

ഉച്ചഭക്ഷണത്തിനായി പതിവായി സഹോദരങ്ങളുമൊന്നിച്ചു സ്‌കൂളിനു സമീപമുള്ള വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കാന്‍ എത്തിയില്ല. അന്വേഷിച്ചെത്തിയ മാതാപിതാക്കളാണു സ്‌കൂളിന്റെ പാചക പുരയോടു ചേര്‍ന്ന് 60 ശതമാനം പൊള്ളലേറ്റു മരണത്തോടു മല്ലിടുന്ന മകളെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ഒട്ടഛത്രം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

പൊള്ളലേറ്റ സ്ഥലത്ത് പെട്രോളിന്റെ അംശം കണ്ടതു സംശയത്തിന് ഇടയാക്കി. പെണ്‍കുട്ടിയുടെ കരച്ചില്‍ സ്‌കൂളിലെ മറ്റ് കുട്ടികളോ, അധ്യാപകരോ കേട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും ഒരു ദിവസത്തിലേറെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു.

ബലാത്സംഗമോ ശാരീരിക അതിക്രമമോ ഉണ്ടായതിന് തെളിവില്ലെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവ ദിവസം സ്‌കൂളിലെത്തിയിരുന്ന അധ്യാപകരെയും സഹപാഠികളെയും മാറിമാറി ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഡിണ്ടിഗല്‍ എഡിഎസ്പി ലാവണ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.

തമിഴ്‌നാട്ടില്‍ അഞ്ചാം ക്ലാസുകാരി സ്‌കൂള്‍ മുറ്റത്ത് പൊള്ളലേറ്റ് മരിച്ചതില്‍ ദുരൂഹത; ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്


Keywords:  Girl found dead in School, Chennai, News, Local News, Dead Body, Teacher, Girl, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia