ഭര്‍ത്താവിന്റെ വിശ്വാസം നേടാന്‍ 10 വയസ്സുകാരിയായ മകളെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
Feb 1, 2022, 19:49 IST
ചെന്നൈ: (www.kvartha.com 01.02.2022) ഭര്‍ത്താവിന്റെ വിശ്വാസം നേടാന്‍ 10 വയസ്സുകാരിയായ മകളെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. തമിഴ്നാട് തിരുവട്ടിയൂര്‍ സ്വദേശി ജയലക്ഷ്മി (35), ഭര്‍ത്താവ് പദ്മനാഭന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള മകള്‍ പവിത്രയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വാസ്യത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. തുടര്‍ന്നാണ് ജയലക്ഷ്മിയെയും ഭര്‍ത്താവിനെയും പൊലീസ് പിടികൂടിയത്.
തിരുവട്ടിയൂര്‍ സ്വദേശിയായ ജയലക്ഷ്മി 19-ാം വയസില്‍ പാല്‍വണ്ണന്‍ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള ഒരു മകള്‍ നിലവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ്. പിന്നീട് പാല്‍വണ്ണനുമായി വേര്‍പിരിഞ്ഞ ജയലക്ഷ്മി ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം കഴിച്ചു. ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തു. ദുരൈരാജുമായുള്ള ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര.
എന്നാല്‍ ഈ വിവാഹബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. ദുരൈരാജിനെ ഉപേക്ഷിച്ച് ജയലക്ഷ്മി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുകയും പിന്നീട് ടാങ്കര്‍ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം കഴിക്കുകയും ചെയ്തു. ഒമ്പത് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഈ ബന്ധത്തില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
മദ്യപിച്ചെത്തുന്ന പദ്മനാഭന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ ഇതേച്ചൊല്ലിയാണ് വഴക്കുണ്ടാക്കിയിരുന്നത്. ഞായറാഴ്ച രാത്രിയും പതിവുപോലെ ഭാര്യയുമായി വഴക്കിട്ടു. വിശ്വാസ്യത തെളിയിക്കാന്‍ പദ്മനാഭന്‍ ഭാര്യയെ വെല്ലുവിളിക്കുകയും ചെയ്തു.
മകളെ ജീവനോടെ കത്തിച്ച് വിശ്വാസ്യത തെളിയിക്കണമെന്നായിരുന്നു പദ്മനാഭന്റെ ആവശ്യം. ഭാര്യ നിരപരാധിയാണെങ്കില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച് കൊണ്ടുവന്ന ജയലക്ഷ്മി, മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ അയല്‍ക്കാര്‍ തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ 75 ശതമാനത്തോളം പൊള്ളലേറ്റ പവിത്ര തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
Keywords: Girl found dead in house, Chennai, News, Local News, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.