ഇത്രകാലം എന്റെ കുഞ്ഞുങ്ങളുടെ എല്ലാ കാര്യവും നോക്കിയത് അവരാരായിരുന്നു; ഒരു വീട്ടുജോലിക്കാരിയായി കാണാന്‍ കഴിയില്ല; അവര്‍ എന്റെ കുടുംബാംഗം തന്നെയാണ്; ഗൗതം ഗംഭീറിന് കയ്യടി നല്‍കി രാജ്യം; മാതൃകയെന്ന് മന്ത്രി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.04.2020) ലോക്ഡൗണിനിടെ അന്തരിച്ച വീട്ടുജോലിക്കാരിയായ സ്ത്രീക്ക് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറിന് കയ്യടി നല്‍കി രാജ്യം. കഴിഞ്ഞ ആറു വര്‍ഷമായി തന്റെ വീട്ടില്‍ ജോലികളില്‍ സഹായിച്ചിരുന്ന ഒഡീഷക്കാരിയായ സരസ്വതി പാത്രയുടെ അന്ത്യകര്‍മങ്ങളാണ് ഗംഭീര്‍ നിര്‍വഹിച്ചത്.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയിലേക്കു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് ഗംഭീര്‍ തന്നെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഗംഭീറിന്റെ നടപടി മാതൃകാപരമാണെന്ന് ഒഡീഷയില്‍നിന്നുള്ള കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു.

ഇത്രകാലം എന്റെ കുഞ്ഞുങ്ങളുടെ എല്ലാ കാര്യവും നോക്കിയത് അവരാരായിരുന്നു; ഒരു വീട്ടുജോലിക്കാരിയായി കാണാന്‍ കഴിയില്ല; അവര്‍ എന്റെ കുടുംബാംഗം തന്നെയാണ്; ഗൗതം ഗംഭീറിന് കയ്യടി നല്‍കി രാജ്യം; മാതൃകയെന്ന് മന്ത്രി

'രോഗപീഡകളുടെ കാലത്ത് സരസ്വതിയെ (ഗംഭീറും കുടുംബവും) നല്ലപോലെ പരിചരിച്ചു. മരണത്തിനുശേഷം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം ഒഡീഷയിലെ വീട്ടിലെത്തിക്കാനാകാത്ത സാഹചര്യത്തില്‍ സ്വയം അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മരണത്തിലും അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കി' ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ കുറിച്ചു.

'അദ്ദേഹത്തിന്റെ ഈ കാരുണ്യം സ്വന്തം വീടുവിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപജീവനം തേടുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് മനുഷ്യരാശിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കും. മാത്രമല്ല, സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നും അദ്ദേഹത്തിന് ആദരവും നേടിക്കൊടുക്കും.' പ്രധാന്‍ ട്വീറ്റ് ചെയ്തു. നേരത്തെ, തന്റെ കുഞ്ഞുമക്കളെ പരിപാലിച്ച സരസ്വതി വീട്ടുജോലിക്കാരി അല്ലെന്നും കുടുംബാംഗമാണെന്നും ഗംഭീര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.


'എന്റെ കുഞ്ഞുമക്കളുടെ എല്ലാ കാര്യങ്ങളും ഇത്രകാലം നോക്കിയത് വെറും വീട്ടുജോലിയായി മാത്രം കാണാനാകില്ല. അവര്‍ എന്റെ കുടുംബാംഗമായിരുന്നു. അവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടത് എന്റെ കര്‍ത്തവ്യമായിത്തന്നെ കാണുന്നു. വംശത്തിനും വര്‍ഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം. നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അതു മാത്രമാണ് മാര്‍ഗം. ഇന്ത്യയെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പവും അതാണ്. ഓം ശാന്തി!' ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

Keywords:  Gambhir performs last rites of domestic help, New Delhi, News, Cricket, Gautham Gambhir, Dead Body, Minister, Twitter, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia