Governance | ബംഗാള്‍ ഗവര്‍ണര്‍ പുതിയ ദൗത്യവുമായി ഗ്രാമങ്ങളിലേക്ക്; ഗോത്രസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക ലക്ഷ്യം


● 'സാന്താലി' നൃത്തപ്രകടനവുമായാണ് ഗോത്രസമൂഹം ഗവര്‍ണറെ വരവേറ്റത്.
● റെഡ് ക്രോസ് സൊസൈറ്റി തദ്ദേശീയര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.
● അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.
കൊല്‍ക്കത്ത: (KVARTHA) ബംഗാളില്‍ 'അമര്‍ഗ്രാം' ദൗത്യവുമായി രാജ്ഭവനില്‍ നിന്ന് ഗോത്രസമൂഹത്തിലേക്കിറങ്ങി ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. സാംസ്‌കാരിക പാരമ്പര്യം നിറഞ്ഞ് തുളുമ്പുന്ന 'സാന്താലി' നൃത്തപ്രകടനവുമായാണ് ഗോത്രസമൂഹം ഗവര്‍ണറെ വരവേറ്റത്.
സുന്ദര്‍ബന്‍ മേഖലയിലെ ബാങ്ക്ര ഗ്രാമത്തില്‍ നിന്നാണ് കഴിഞ്ഞദിവസം ദൗത്യം ആരംഭിച്ചത്. പൂര്‍ബ ബര്‍ദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശത്തേക്ക് ഇത് നീണ്ടപ്പോള്‍ മന്ത്രിമാരെപ്പോലും നേരില്‍ കണ്ടിട്ടില്ലാത്ത വനവാസികള്‍ക്ക് വിസ്മയവും പുത്തന്‍ ഉണര്‍വും പകര്‍ന്നു.
പ്രോട്ടോക്കോള്‍ ചട്ടവട്ടങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ ഗ്രാമത്തിലൂടെ നടന്ന് സമൂഹത്തിന്റെ ദൈനംദിന ജീവിതം നിരീക്ഷിച്ചു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ചോദിച്ചറിയുകയും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ഗോത്ര കുടുംബങ്ങള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
ഗവര്‍ണര്‍ ചെയര്‍മാനായ ഈസ്റ്റേണ്‍ സോണല്‍ കള്‍ച്ചറല്‍ സെന്ററിന്റെ (EZCC) നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ തദ്ദേശീയ പ്രതിഭകളെ ആദരിക്കുന്നതിനും അതുല്യമായ കലാപാരമ്പര്യം ആഘോഷിക്കുന്നതിനും അവസരമൊരുക്കി. ഗവര്‍ണര്‍ അധ്യക്ഷനായ റെഡ് ക്രോസ് സൊസൈറ്റി തദ്ദേശീയര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. അവരുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗോത്രസമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും സദ്ഭാവന ഉണര്‍ത്തുന്നതിനും പ്രാദേശിക സമൂഹങ്ങളും ഭരണകൂടവും തമ്മിലുള്ള പരസ്പര ധാരണ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് 'അമര്‍ ഗ്രാം' പരിപാടിയെന്ന് ബംഗാളിലെ മാധ്യമങ്ങളും സാമൂഹിക നിരീക്ഷകരും ഒരുപോലെ അഭിപ്രായപ്പെട്ടു.
ബംഗാളില്‍ ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ ആനന്ദബോസ് തുടങ്ങിവെച്ച 'ജന്‍രാജ്ഭവന്‍' സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് മൂന്നാം വര്‍ഷത്തിന്റെ തുടക്കത്തില്‍ രൂപം നല്‍കിയ 'അമര്‍ഗ്രാം'. 'ജന്‍രാജ്ഭവ'ന്റെ ഭാഗമായി ഗവര്‍ണര്‍ പദവിയുടെ ഒന്നാം വാര്‍ഷികത്തില്‍ തുടക്കം കുറിച്ച 'ആംനെ സാംനെ' സംരംഭത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ ഗ്രാമസമ്പര്‍ക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനില്‍ ഒരു 'അമര്‍ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെല്‍' സ്ഥാപിച്ചിട്ടുണ്ട്.
'ഫയലില്‍ നിന്ന് വയലിലേക്ക്' പരിപാടി'യിലൂടെ കേരളത്തില്‍ സര്‍ക്കാരിനെ ജനങ്ങളിലേക്ക് ചലിപ്പിച്ച ജനകീയ കളക്ടറായിരുന്നു സി വി ആനന്ദബോസ്.
#GovernorOutreach, #TribalWelfare, #BengalNews, #AnandBose, #CulturalPrograms, #Amrgram