Robbers Arrested | തമിഴ്‌നാട്ടിലെ മയിലാടുംതുറയില്‍ നിന്നും മോഷണം പോയ 4 വിഗ്രഹങ്ങളും ആഭരണങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കളും കണ്ടെത്തി; 2 പേര്‍ പിടിയില്‍
Jul 1, 2022, 12:11 IST
മയിലാടുംതുറ: (www.kvartha.com) തമിഴ്‌നാട്ടിലെ മയിലാടുംതുറയില്‍ നിന്നും മോഷണം പോയ നാലു വിഗ്രഹങ്ങളും ആഭരണങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
മയിലാടുംതുറ ഡിഎസ്പി എം വസന്തരാജിന്റെ നേതൃത്വത്തില്‍ എസ്പി എന്‍ എസ് നിഷയുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ഇളയരാജ ആത്മനാഥന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കടലങ്കുടിയില്‍ നിന്നും പ്രതികളെ പിടികൂടി അറസ്റ്റുചെയ്തത്. എ കാര്‍ത്തിക് (38), തഞ്ചാവൂര്‍ സ്വദേശി ആര്‍ ബാസ്‌കര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
20 കിലോയോളം ഭാരവും ഒരടി ഉയരവുമുള്ള ഗണേശ വിഗ്രഹം, 35 കിലോയോളം തൂക്കം വരുന്ന വെങ്കലത്തില്‍ തീര്‍ത്ത അയ്യപ്പ വിഗ്രഹം, 15 കിലോയോളം ഭാരവും 0.75 അടിയില്‍ തലയും കൈകാലുകളുമില്ലാത്ത ശ്രീ രാജരാജേശ്വരി വിഗ്രഹവും കണ്ടെടുത്തവയില്‍ ഉള്‍പെടുന്നു. എട്ട് കിലോ ഭാരവും 1/2 അടി ഉയരവുമുള്ള ഇരട്ട വിഗ്രഹവും കണ്ടെടുത്തിട്ടുണ്ട്.
2020 ഫെബ്രുവരിയില്‍ കാവേരി നദീതീരത്തുള്ള ശിവരാമപുരത്തെ പിള്ളയാര്‍ ക്ഷേത്രത്തില്‍ നിന്ന് ഗണേശ വിഗ്രഹം മോഷണം പോയിരുന്നു. 2020 ഡിസംബറില്‍ മഞ്ഞളാറിന്റെ തീരത്തുള്ള തിരുവാലങ്കാട് മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പന്റെ വിഗ്രഹവും മോഷ്ടിക്കപ്പെട്ടു.
തലയില്ലാത്തതും കൈകാലുകളില്ലാത്തതുമായ ഇരട്ട ലോഹ വിഗ്രഹങ്ങള്‍ 2021 ജനുവരിയില്‍ ശിവരാമപുരത്തെ ശ്രീരാഗവേന്ദ്ര മഠത്തില്‍ നിന്നും മോഷണം പോയതാണ്. 2021 ഒക്ടോബറില്‍ ശിവരാമപുരത്തെ ഒരു വീട്ടില്‍ നിന്നാണ് ആഭരണങ്ങളില്‍ ചിലത് മോഷണം പോയത്.
പിടിയിലായ രണ്ടുപേരും കുറച്ചുകാലമായി ഞങ്ങളുടെ നോട്ടപ്പുള്ളികളായിരുന്നു. കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തിയശേഷം വിഗ്രഹങ്ങള്‍ പ്രത്യേക കോടതിക്ക് കൈമാറും. തുടര്‍ന്ന് പുരാവസ്തു വകുപ്പ് പരിശോധിച്ചശേഷം അതത് ക്ഷേത്രങ്ങളിലേക്ക് എത്തിക്കുമെന്ന് ഡിഎസ്പി എം വസന്തരാജ് പറഞ്ഞു.
കണ്ടെടുത്ത സാധനങ്ങള്‍ എസ്പി എന്‍ എസ് നിഷ പരിശോധിക്കുകയും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.
Keywords: Four stolen idols, jewels and valuables worth lakhs recovered in Mayiladuthurai; two persons held, Chennai, News, Robbery, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.