ബിഹാറിലെ 'ബാഹുബലി'യും ലാലുവിന്റെ വലംകൈയ്യുമായ മുഹമ്മദ് ശഹാബുദ്ദീന്‍ അന്തരിച്ചു

 


പട്‌ന: (www.kvartha.com 01.05.2021) ബിഹാറിലെ 'ബാഹുബലി' നേതാവും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വലംകൈയുമായ മുഹമ്മദ് ശഹാബുദ്ദീന്‍ (53) കോവിഡ് ബാധിച്ചു മരിച്ചു. തിഹാര്‍ ജയിലിലായിരുന്ന ശഹാബുദ്ദീനെ ഒരാഴ്ച മുന്‍പാണു കോവിഡ് ബാധിച്ച് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കു മാറ്റിയത്.

ബിഹാറിലെ സിവാന്‍ മേഖല അടക്കിവാണ ശഹാബുദ്ദീനു രാഷ്ട്രീയ പിന്‍ബലമേകിയത് ലാലു പ്രസാദ് യാദവാണ്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി മുപ്പതിലേറെ കേസുകളില്‍ പ്രതിയായ ശഹാബുദ്ദീന്‍ ബിഹാറില്‍ ലാലു ഭരണം അവസാനിച്ചതോടെ അഴിക്കുള്ളിലായി.

യാദവ മുസ്ലിം വോടു ബാങ്ക് രാഷ്ട്രീയത്തില്‍ ലാലു ഉയര്‍ത്തിക്കാട്ടിയതും ശഹാബുദ്ദീനെയായിരുന്നു. സിവാന്‍ മണ്ഡലത്തില്‍ നിന്നു നാലു തവണ ലോക്‌സഭയിലേക്കും (1996, 98, 98, 2004) സിവാനിലെ സിരാദയി മണ്ഡലത്തില്‍ നിന്നു രണ്ടു തവണ നിയമസഭയിലേക്കും (1990, 95) തെരഞ്ഞെടുക്കപ്പെട്ടു.

നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് സിവാന്‍. ജന്മിമാരുടെ ഭൂമി കൊടി നാട്ടി പിടിച്ചെടുത്തു കര്‍ഷകര്‍ക്കു നല്‍കുകയായിരുന്നു സിപിഐ (എംഎല്‍) ലിബറേഷന്‍ പ്രക്ഷോഭ ശൈലി. നക്‌സല്‍ ഭീഷണി നേരിടുന്ന ഭൂപ്രഭുക്കന്മാരുടെ രക്ഷകനായാണ് ശഹാബുദ്ദീന്‍ അവതരിച്ചത്. നക്‌സലുകളും ശഹാബുദ്ദീന്റെ സംഘവുമായുള്ള ഏറ്റുമുട്ടലുകള്‍ സിവാനെ നടുക്കിയ കാലം. പതിനഞ്ചോളം സിപിഐ (എംഎല്‍) ലിബറേഷന്‍ പ്രവര്‍ത്തകരെയാണു ഷഹാബുദ്ദീന്‍ സംഘം സിവാനില്‍ വകവരുത്തിയത്.

ശഹാബുദ്ദീന്റെ ഗുണ്ടാധിപത്യത്തെ ചോദ്യം ചെയ്ത യുവ നേതാവ് ചന്ദ്രശേഖറിന്റെ വധം (1997) ബിഹാറില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അധ്യക്ഷനായ ചന്ദ്രശേഖറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഡെല്‍ഹിയിലും വിദ്യാര്‍ഥികള്‍ ജയിലിലിറങ്ങി. സിപിഐ (എംഎല്‍) ലിബറേഷന്‍ പ്രവര്‍ത്തകനായിരുന്ന ഛോട്ടേലാല്‍ ഗുപ്തയുടെ തട്ടിക്കൊണ്ടു പോകല്‍ തിരോധാന കേസിലാണ് ശഹാബുദ്ദീന്‍ ആദ്യമായി ജയിലിലായത്.

സിവാനില്‍ ശഹാബുദ്ദീന്‍ സംഘത്തിന്റെ ഗുണ്ടാപ്പിരിവിനു വഴങ്ങാത്തതിന്റെ പേരിലാണു കടയുടമകളായ മൂന്നു സഹോദരന്മാര്‍ക്കു ജീവന്‍ നഷ്ടമായത്. സതീഷ് രാജിനെയും ഗിരീഷ് രാജിനെയും സഹോദരനായ രാജീവ് റോഷന്റെ കണ്‍മുന്നിലിട്ട് ആസിഡൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. 
ബിഹാറിലെ 'ബാഹുബലി'യും ലാലുവിന്റെ വലംകൈയ്യുമായ മുഹമ്മദ് ശഹാബുദ്ദീന്‍ അന്തരിച്ചു
സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട രാജീവ് റോഷനെ സഹോദരന്മാരുടെ കൊലക്കേസില്‍ കോടതിയില്‍ സാക്ഷിമൊഴി നല്‍കാനെത്തേണ്ടതിനു രണ്ടു ദിവസം മുന്‍പു വെടിവച്ചു കൊന്നു. ഷഹാബുദ്ദീന് എതിരായ വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ഭയപ്പെട്ടിരുന്നു.

ആശുപത്രിയിലേക്കു മാറ്റിയ ശഹാബുദ്ദീന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാര്‍ത്തയുടെ പേരിലാണ് മാധ്യമ പ്രവര്‍ത്തകനായ രാജീവ് ദേവ് രഞ്ജനെ ശഹാബുദ്ദീന്‍ സംഘം കൊലപ്പെടുത്തിയത്. ബിഹാറില്‍ ജയിലിനുള്ളില്‍ നിന്ന് തന്റെ അധോലോക സംഘത്തെ നിയന്ത്രിച്ചിരുന്ന ശഹാബുദ്ദീന്റെ ചെയ്തികള്‍ അതിരുവിട്ടപ്പോഴാണ് ഡെല്‍ഹിയിലെ തിഹാറിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്.

Keywords:  Former RJD MP Mohammad Shahabuddin dies due to COVID-19, Patna,Bihar, News, Politics, Criminal Case, Jail, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia