SWISS-TOWER 24/07/2023

ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തിറക്കി; മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍

 



ചെന്നൈ: (www.kvartha.com 02.12.2020) ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസില്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ പുറത്തുവിട്ടുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി.
Aster mims 04/11/2022
 
പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ കര്‍ണനെ അറസ്റ്റ് ചെയ്യാത്ത തമിഴ്‌നാട് പോലീസിനെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്ത് കാരണത്താലാണ് കര്‍ണനെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച കോടതി വിശദീകരണം നല്‍കാന്‍ ഡി ജി പി, ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജസ്റ്റിസ് കര്‍ണന്‍ നടത്തിയ ആരോപണങ്ങള്‍ അത്യന്തം അപകീര്‍ത്തികരമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തിറക്കി; മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍


ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നായിരുന്നു കോടതി പറഞ്ഞത്. തുടര്‍ന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്.

ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതി, ലൈംഗികാരോപണങ്ങള്‍ എന്നിവ ഉന്നയിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ യുട്യൂബിലൂടെയും പുറത്ത് വന്നിരുന്നു.

സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി വിവാദ വീഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ തുടര്‍ന്ന് അപ്ലോഡ് ചെയ്യുന്നത് തടയാനും ഫേസ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് 2017-ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇതിന് പുറമെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അടക്കം സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാര്‍ക്ക് എതിരെ ജസ്റ്റിസ് കര്‍ണര്‍ സ്വമേയധാ കേസെടുത്ത് അഞ്ച് വര്‍ഷം കഠിനതടവു വിധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണനെതിരേ കേസെടുത്തു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണന് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. മാസങ്ങളോളം നീണ്ട വാദങ്ങള്‍ക്ക് ശേഷമായിരുന്നു വിധി.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തി താന്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നെന്നും ഈ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുന്നതിനു പകരം തനിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുകയാണ് സുപ്രീം കോടതി ചെയ്തതെന്നും കര്‍ണന്‍ അന്ന് പറഞ്ഞിരുന്നു.

ജഡ്ജിമാര്‍ക്കെതിരായ കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ അന്ന് ഉത്തരവില്‍ പറഞ്ഞിരുന്നത്.

മദ്രാസ് ഹൈക്കോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലും കര്‍ണന്‍ സേവനമനുഷ്ഠിച്ചിരുന്നു.


Keywords:  News, National, India, Chennai, Justice, Judge, Arrest, Case, Court, Abuse, Former HC judge CS Karnan arrested in Chennai over remarks on judges
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia