Breast Milk | മുലപ്പാല്‍ കുറവാണെങ്കില്‍ പരിഹാരമുണ്ട്; ഈ ഭക്ഷണ സാധനങ്ങള്‍ പതിവാക്കിയാല്‍ മതി

 

ന്യൂഡെൽഹി: (KVARTHA) മനുഷ്യരുടെ നിലനിൽപിന്‌ അടിസ്ഥാനം മാതാവിന്റെ മുലപ്പാലാണ്. ജീവന്റെ ആദ്യഘട്ടങ്ങളിൽ കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഇത് അത്യന്താപേക്ഷിതമാണ്. അമ്മയുടെ സ്നേഹവും, രോഗപ്രതിരോധശേഷിയും ഏറ്റുവാങ്ങുന്ന അമൃതാണ് മുലപ്പാൽ. അതേസമയം സ്ത്രീകളിൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് ആവശ്യത്തിന് പാൽ ഇല്ലാതെ വരിക, കുഞ്ഞിന് പാൽ തികയാതെ വരിക, പാൽ കുറവ് മൂലം കുഞ്ഞിന്റെ ആരോഗ്യം മോശമാവുക തുടങ്ങിയവ.

Breast Milk | മുലപ്പാല്‍ കുറവാണെങ്കില്‍ പരിഹാരമുണ്ട്; ഈ ഭക്ഷണ സാധനങ്ങള്‍ പതിവാക്കിയാല്‍ മതി

 മുലപ്പാൽ കൂടാൻ ആദ്യത്തെ വഴി കുഞ്ഞിന് പാൽ കൊടുക്കുക എന്നത് തന്നെയാണ്. മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനം കൂടുതൽ പാൽ സ്തനങ്ങളിൽ ഉത്പാദിപ്പിക്കാൻ സഹായകമാകും. പ്രസവാനന്തര രക്തസ്രാവം നിയന്ത്രിക്കാനും ഗർഭപാത്രം ചുരുങ്ങാനും മുലയൂട്ടൽ സഹായിക്കുന്നു. സ്തനാർബുദ സാധ്യതയും കുറയ്ക്കുന്നു. മുലയൂട്ടുന്ന അമ്മമാർ പോഷക സമ്പുഷ്ടമായ ആഹാരങ്ങളിലൂടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. പാൽ വർധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ദൈനംദിന ആഹാര ശീലങ്ങളിൽ ചേർക്കാവുന്നതാണ്. ചില ഭക്ഷണങ്ങൾ മുലപ്പാൽ വർധിക്കാൻ സഹായിക്കും.

ഈസ്ട്രജൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുള്ള പെരുംജീരകം മുലപ്പാൽ വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദഹന പ്രക്രിയ എളുപ്പമാക്കാനും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം കുറയ്ക്കാനും പെരും ജീരകം ഗുണകരമാണ്. ഇരുമ്പ്, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളെല്ലാം അടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബീറ്റാകരോട്ടിൻ, റൈബോഫ്ലേവിൻ എന്നിവ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. മുലയൂട്ടുന്ന സ്ത്രീകൾ ദിവസവും ഇലക്കറികൾ ​കഴിക്കുന്നത് നല്ലതാണെന്നും പറയുന്നു.

ഉലുവയും മുലപ്പാൽ വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ്. മുലപ്പാൽ കൂട്ടാൻ സഹായിക്കുന്ന ഈസ്ട്രജൻ സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. ഉലുവ കഞ്ഞിയും മറ്റും സാധാരണ പ്രസവിച്ച സ്ത്രീകൾ കുടിക്കാറുണ്ട്. ബാര്‍ലിയും മുലപ്പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാൻ സഹായിക്കും. ഇതിലെ ബീറ്റാ ഗ്ലൂക്കോണ്‍ മുലപ്പാല്‍ കൂട്ടാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റു അനേകം ആരോഗ്യ ഗുണങ്ങളും ബാർലിയിൽ നിന്ന് ലഭ്യമാണ്.

കൂടാതെ, ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കാം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ​ഗുണകരമാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള വെളുത്തുള്ളി മുലപ്പാൽ കൂട്ടാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഓട്സും മുലപ്പാൽ വർധിപ്പിക്കാൻ നല്ലൊരു ഭക്ഷണമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. ഓട്സ് പാൽ ചേർത്തോ അല്ലാതെയോ കഴിക്കാം. സ്ത്രീകളിൽ പ്രസവശേഷം കണ്ട് വരാറുള്ള പ്രമേഹം തടയാനും ഓട്സ് ഗുണകരമാണ്. മുലപ്പാൽ കുറയുന്ന പക്ഷം ആദ്യം തന്നെ ഡോക്ടറെ കണ്ട് അഭിപ്രായം ചോദിക്കുന്നതാണ് ഉചിതം. സ്വന്തം മുലപ്പാൽ തന്നെയാണ് കുഞ്ഞിന് ഏറ്റവും നല്ലത് എന്ന് ഓർക്കുക.

Keywords: News, Malayalam News, Health, National, Breast Milk, Health, Lifestyle, Vgitables, Foods to Help Increase Breast Milk
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia