SC | രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയില്‍ പരിഭവവുമായി കേന്ദ്രസര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍കാരിന്റെ പരിഭവം. രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെംഗ്ലൂര്‍ ആര്‍ച് ബിഷപ് ഡോ. പീറ്റര്‍ മചാഡോ ഉള്‍പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കം പോലും ക്രൈസ്തവ വേട്ടയാടല്‍ ആയി ചിത്രീകരിക്കുന്നുവെന്ന് കേന്ദ്രസര്‍കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദം അടിസ്ഥാനരഹിതം ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം തടയുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന് എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസര്‍കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്തയാണ് വ്യാഴാഴ്ച ഹാജരായത്. ഹര്‍ജിക്കാരന്‍ കോടതിയില്‍ നല്‍കിയ കണക്കുകള്‍ തെറ്റാണെന്ന് സോളിസിറ്റര്‍ ജെനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

'ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട അഞ്ഞൂറോളം സംഭവങ്ങളുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഇവയെല്ലാം സംസ്ഥാന സര്‍കാരുകള്‍ക്ക് അയച്ചുകൊടുത്തു. ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു. ബിഹാറില്‍ നോക്കിയാല്‍, ക്രിസ്ത്യാനികളായ അയല്‍ക്കാര്‍ തമ്മിലുള്ള ആഭ്യന്തര കലഹമാണ് ഹര്‍ജിക്കാരന്‍ നല്‍കിയത്. ഇത് അവര്‍ പരിഹരിച്ചു. ഈ കണക്ക് ശരിയായില്ല' എന്നും തുഷാര്‍ മേത്ത സുപ്രീം കോടതിയെ ബോധിപ്പിച്ചു.

രാജ്യത്ത് ക്രിസ്ത്യാനികള്‍ അപകടത്തിലാണെന്ന തെറ്റായ സന്ദേശമാണ് ഹര്‍ജി നല്‍കിയതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം രാത്രി വൈകിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി, മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ചു.

 
SC | രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയില്‍ പരിഭവവുമായി കേന്ദ്രസര്‍കാര്‍

Keywords: Figures showing attacks on Christians, their institutions incorrect, wrong message going to public: Centre tells SC, New Delhi, News,  Attacks on Christians, Allegation, Supreme Court, Politics, Petitioners, Message, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia