Criticism | അവന്‍ ഞങ്ങള്‍ക്ക് ആരുമല്ല, മരിച്ചാലും ജീവിച്ചാലും ഞങ്ങള്‍ക്ക് അവനെ ആവശ്യമില്ലെന്ന് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട ഗുര്‍മൈല്‍ സിങ്ങിന്റെ കുടുംബം
● പൊലീസ് പ്രതി ചേര്‍ത്തവരില്‍ 19കാരനായ ധര്‍മരാജ് രാജേഷ് കശ്യപും ഉണ്ട്
● ഞായറാഴ്ച രാവിലെയാണ് പ്രതികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടത്
● ലോറന്‍സ് ബിഷ്ണോയ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മുംബൈ: (KVARTHA) മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാളായ ഗുര്‍മൈല്‍ സിങ്ങിന്റെ കുടുംബം. അവന്‍ ഞങ്ങള്‍ക്ക് ആരുമല്ലെന്നും മരിച്ചാലും ജീവിച്ചാലും ഞങ്ങള്‍ക്ക് അവനെ ആവശ്യമില്ലെന്നും 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെതന്നെ അവനുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. വാര്‍ത്താ മാധ്യമമായ ഐഎഎന്‍എസിനോട് പ്രതികരിക്കുകയായിരുന്നു കുടുംബം.
'അവന്‍ ഞങ്ങള്‍ക്ക് ആരുമല്ല. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അവനുമായുള്ള എല്ലാ ബന്ധവും വേര്‍പ്പെടുത്തിയതാണ്. അവന്‍ മരിച്ചാലും ജീവിച്ചാലും ഞങ്ങള്‍ക്ക് അവനെ ആവശ്യമില്ല'- എന്ന് ഗുര്‍മൈലിന്റെ മുത്തശ്ശി പറഞ്ഞു.
23കാരനായ ഗുര്‍മൈല്‍ ബാല്‍ജിത്ത് സിങ്ങ്, 19കാരനായ ധര്‍മരാജ് രാജേഷ് കശ്യപ് എന്നിവരെയാണ് ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം കൊലപാതക ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദീഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് ശനിയാഴ്ച രാത്രി 9.30 ഓടെ സിദ്ദീഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദീഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നഗരത്തില്‍ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് കൊലപാതകമുണ്ടായത്. ഈ വര്‍ഷം അവസാനം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ ഈ രാഷ്ട്രീയ പ്രമുഖന്റെ കൊലപാതകം സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. കേസില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഏക് നാഥ് ഷിന്ദെ പറഞ്ഞു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
#GurmailSingh #BabaSiddique #Maharashtra #MumbaiCrime #Politics #LawrenceBishnoi