ഉറുദു അറിയാത്തതിനാൽ യുവാവ് കൊല്ലപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി; പിന്നാലെ യഥാർഥ വസ്തുത വിശദീകരിച്ച് കമീഷനറുടെ ട്വീറ്റ്; പൊലീസിന്റെ ഫാക്ട് ചെകും; തൊട്ടുടനെ പ്രസ്താവന തിരുത്തി മന്ത്രി; ആഞ്ഞടിച്ച് പ്രതിപക്ഷം

 



ബെംഗ്ളുറു: (www.kvartha.com 07.04.2022) യുവാവിന്റെ കൊലപാതകത്തെ ചൊല്ലിയുള്ള കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന വിവാദമായി. ബെംഗ്ളൂറിലെ ജെജെ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രു (22) എന്ന യുവാവ് ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. ഉറുദു അറിയാത്തതിനാലാണ് 22കാരൻ കൊല്ലപ്പെട്ടതെന്ന് ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
   
ഉറുദു അറിയാത്തതിനാൽ യുവാവ് കൊല്ലപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി; പിന്നാലെ യഥാർഥ വസ്തുത വിശദീകരിച്ച് കമീഷനറുടെ ട്വീറ്റ്; പൊലീസിന്റെ ഫാക്ട് ചെകും; തൊട്ടുടനെ പ്രസ്താവന തിരുത്തി മന്ത്രി; ആഞ്ഞടിച്ച് പ്രതിപക്ഷം

'ഞാൻ വിവരങ്ങൾ ശേഖരിച്ചു. അവർ അദ്ദേഹത്തോട് (ചന്ദ്രുവിനോട്) ഉറുദു സംസാരിക്കാൻ ആവശ്യപ്പെട്ടു. അവന് അറിഞ്ഞില്ല. കന്നഡയല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്ന് പറഞ്ഞപ്പോൾ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അയാൾ ഒരു ദളിതനാണ്. കേസിൽ ഇതുവരെ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്', ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്നാൽ, ബെംഗ്ളുറു പൊലീസ് കമീഷനർ കമൽ പന്ത് ഉടൻ തന്നെ ഇക്കാര്യത്തിലെ വസ്തുത വ്യക്തമാക്കി ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ ട്വീറ്റ് ചെയ്തു. 'ഏപ്രിൽ അഞ്ചിന് അർധരാത്രിയോടെ സൈമൺ രാജും ചന്ദ്രുവും മൈസൂറു റോഡിലെ ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ പോയി. തിരികെ വരുന്നതിനിടെ ഇയാളുടെ മോടോർ സൈകിൾ മറ്റൊരു ബൈകുമായി കൂട്ടിയിടിക്കുകയായിരുന്നു. ശാഹിദ് എന്ന യുവാവാണ് ആ ബൈക് ഓടിച്ചിരുന്നത്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിൽ മറ്റ് ചിലരും ചേർന്നു. വഴക്കിനിടെ ശാഹിദ്, ഇടത് തുടയ്ക്ക് സമീപം മൂർചയുള്ള ആയുധം കൊണ്ട് ചന്ദ്രുവിനെ കുത്തുകയായിരുന്നു. അതിനുശേഷം അക്രമികൾ അവിടെ നിന്ന് ഓടിപ്പോയി. ചന്ദ്രുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല. കുറ്റാരോപിതരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു', ട്വീറ്റിൽ വ്യക്തമാക്കി.

കൂടാതെ ,മന്ത്രിയുടെ പ്രസ്താവന റിപോർട് ചെയ്യുന്ന ടിവി ന്യൂസ് ചാനലുകളിൽ നിന്നുള്ള സ്‌ക്രീൻ ഷോർടുകൾ കർണാടക പൊലീസിന്റെ വെബ്‌സൈറ്റിലെ ഫാക്ട് ചെകിൽ പോസ്റ്റ് ചെയ്തു. 'മേൽപ്പറഞ്ഞ വാർത്തകൾ പോലെയുള്ള വസ്തുതകൾ പരിശോധിക്കാത്ത വാർത്തകൾ സമൂഹത്തിന് ഹാനികരമാണ്, അതിനെതിരെ നിയമനടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളിലെ പ്ലാറ്റ്‌ഫോമുകളിൽ സ്ഥിരീകരിച്ച വാർത്തകൾ പങ്കിടാനും വ്യാജ വാർത്തകൾ പങ്കിടരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു', പൊലീസ് അതിൽ പറഞ്ഞു.

തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി പ്രസ്താവന പിൻവലിച്ചു. 'എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ അപ്പോൾ നൽകി. ഇപ്പോൾ സംഭവത്തിന്റെ വിശദാംശങ്ങളുള്ളതിനാൽ, രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് കൊലപാതകം നടന്നതെന്ന് ഞാൻ വ്യക്തമാക്കുന്നു... ഭാഷയെക്കുറിച്ചും മറ്റും ഞാൻ ചില കാര്യങ്ങൾ പറഞ്ഞു, അങ്ങനെയൊന്നും അവിടെ ഇല്ലെന്ന് പൊലീസ് എന്നോട് പറഞ്ഞു', അദ്ദേഹം വിശദീകരിച്ചു. എന്തുകൊണ്ടാണ് സ്ഥിരീകരണമില്ലാതെ പ്രസ്താവന പുറപ്പെടുവിച്ചതെന്ന ചോദ്യത്തിന്, ചില ഉറവിടങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വിവരങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. 'ഇത് ബൈക് കൂട്ടിയിടിച്ചതുകൊണ്ടാണെന്നും മറ്റ് കാരണങ്ങളല്ലെന്നും എനിക്ക് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയും', മന്ത്രി വ്യക്തമാക്കി.

അതേസമയം ജ്ഞാനേന്ദ്രയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തി. ജ്ഞാനേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രിയായത് നിർഭാഗ്യകരമാണെന്നും ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നിരുത്തരവാദപരമാണെന്നും ജനതാദൾ (സെകുലർ) നേതാവ് എച് ഡി കുമാരസ്വാമി പ്രസ്താവിച്ചു.

എന്നാൽ സംഭവത്തെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുമെന്നും ഇപ്പോൾ ന്യൂഡെൽഹിയിലുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

Keywords:  ‘False’: Karnataka cops fact-check home minister’s ‘murdered over Urdu’ remark, Karnataka, National, News, Bangalore, Top-Headlines,  Murder, Minister, Man, PoliceStation, Twitter, Chief Minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia