Fact Check | മോശം പെരുമാറ്റത്തിന് മുസ്ലീം പുരുഷനെ ഹിന്ദു സ്ത്രീകള്‍ ആക്രമിച്ചോ? സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്!

 


ന്യൂഡെല്‍ഹി: (www.kvartha.com) 'ദി കേരള സ്റ്റോറി'യുടെയും അതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍, ഒരു കൂട്ടം സ്ത്രീകള്‍ പുരുഷനെ മര്‍ദിക്കുന്ന വീഡിയോ വൈറലായി. വീഡിയോയില്‍ കാണുന്നയാള്‍ മുസ്ലീം ആണെന്നും ഹിന്ദു സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ആരോപിച്ച് ഇയാളെ മര്‍ദിക്കുകയാണെന്നാണ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോ പങ്കിട്ട് കൊണ്ട് കുറിക്കുന്നത്.
           
Fact Check | മോശം പെരുമാറ്റത്തിന് മുസ്ലീം പുരുഷനെ ഹിന്ദു സ്ത്രീകള്‍ ആക്രമിച്ചോ? സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്!

'കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികള്‍ ഒരു മുസ്ലീം പുരുഷനെ അവന്റെ മ്ലേച്ഛവും ലജ്ജാകരവും മോശവുമായ പെരുമാറ്റത്തിന് ആക്രമിച്ചു. ദി കേരള സ്റ്റോറി സിനിമയ്ക്ക് ശേഷം കേരളത്തില്‍ ഉണര്‍വ് ആരംഭിച്ചിരിക്കുന്നു. തീ ആളിപ്പടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലൗ ജിഹാദ് തടയാന്‍ ഇതാണ് ശരിയായ വഴി', വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.

എന്താണ് വസ്തുത

വീഡിയോ പങ്കിട്ട് ചിലര്‍ നടത്തുന്നത് വ്യാജ പ്രചാരമെന്നാണ് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വീഡിയോ പഴയതാണെന്നും വീഡിയോയിലെ സ്ത്രീയും പുരുഷനും ക്രിസ്ത്യാനികളാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2023 ജനുവരിയില്‍ തൃശൂര്‍ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ധ്യാന കേന്ദ്രത്തിന് മുന്നില്‍ നടന്ന കൂട്ടത്തല്ലാണ് ഇതെന്നാണ് വ്യക്തമാകുന്നത്. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘര്‍ഷം. ജനുവരി ആറിന് ഷാജി എന്നയാളും കുടുംബവും ഫാം ഹൗസില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷാജിയുടെ മകനായ ഷാജന്‍ എംപറര്‍ ഇമ്മാനുവല്‍ സഭാ മേലധ്യക്ഷയുടെ വ്യാജ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഷാജിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന കേസില്‍ 59 സ്ത്രീകളില്‍ 11 പേര്‍ അറസ്റ്റിലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വര്‍ഗീയ പ്രചാരണങ്ങള്‍ തള്ളിക്കൊണ്ട് വീഡിയോയില്‍ കാണുന്ന പുരുഷനും സ്ത്രീകളും ക്രിസ്ത്യാനികളാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടെ, മോശമായി പെരുമാറിയതിന് ഹിന്ദു സ്ത്രീകള്‍ മുസ്ലീം പുരുഷനെ മര്‍ദിച്ചുവെന്ന അവകാശവാദം തീര്‍ത്തും തെറ്റാണെന്ന് വ്യക്തമാണ്.

Keywords: National News, Malayalam News, Fact Check, Viral Video, Fact Check: Old video of women assaulting a man in Kerala shared with false communal spin.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia