Rahul Gandhi | 'അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ പാലിക്കണം'; യു എസിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കിയ കേസില്‍ പ്രതികരണവുമായി ജര്‍മനി

 


ന്യൂഡെല്‍ഹി: (www.kvartha.com) അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മനി. കേസില്‍ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ പാലിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍:

ഇന്‍ഡ്യയിലെ പ്രതിപക്ഷ കക്ഷിയിലെ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം സസ്‌പെന്‍ഡ് ചെയ്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍, വിധിക്കെതിരെ അപീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍ ഗാന്ധി.

ഈ വിധി നിലനില്‍ക്കുമോയെന്നും അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്നു സസ്‌പെന്‍ഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോള്‍ വ്യക്തമാകും. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ കേസില്‍ ബാധകമാകുമെന്ന് ജര്‍മനി പ്രതീക്ഷിക്കുന്നു- എന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട കേസ് നിരീക്ഷിച്ചു വരികയാണെന്ന് ഈയാഴ്ച ആദ്യം യുഎസ് വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള പങ്കാളിത്തമാണ് യുഎസിന് ഇന്‍ഡ്യയോടെന്നും അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മുഖ്യഘടകങ്ങളായി കണക്കാക്കി രണ്ടു രാജ്യത്തെയും ജനാധിപത്യങ്ങളെ ശക്തമാക്കാനുള്ള ശ്രമം തുടരുമെന്നും യു എസ് വ്യക്തമാക്കിയിരുന്നു.

Rahul Gandhi | 'അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ പാലിക്കണം'; യു എസിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കിയ കേസില്‍ പ്രതികരണവുമായി ജര്‍മനി

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു കേസ്. 'എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്' എന്ന പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. നീരജ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നീ പേരുകളും രാഹുല്‍ എടുത്തുപറഞ്ഞിരുന്നു.

ഇതിനെതിരെ ബിജെപി നേതാവാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച രണ്ടു വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഗുജറാതിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് വിധി.

പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. അപീല്‍ നല്‍കാന്‍ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചു.

Keywords:  'Expect Democratic Principles': Germany Reacts To Rahul Gandhi's Disqualification, New Delhi, News, Politics, Rahul Gandhi, Controversy, Press meet, Suspension, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia