ആന്ധ്രയിലെ മുന്‍ കോണ്‍ഗ്രസ് എം.പിയുടെ മകളെ അജ്ഞാത ദമ്പതികള്‍ തട്ടികൊണ്ടുപോയി

 


ആന്ധ്രയിലെ മുന്‍ കോണ്‍ഗ്രസ് എം.പിയുടെ മകളെ അജ്ഞാത ദമ്പതികള്‍ തട്ടികൊണ്ടുപോയി
H.G Ramulu
ബാംഗ്ലൂര്‍ : ആന്ധ്രയിലെ മുന്‍ കോണ്‍ഗ്രസ് എം.പി എച്ച്.ജി രാമുലുവിന്റെ മകളെ അജ്ഞാത ദമ്പതികള്‍ നഗത്തിലെ വ്യാപാര സമുച്ചത്തില്‍ നിന്ന് തട്ടികൊണ്ടുപോയി ബന്ദിയാക്കി 40 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. 

രാമുലുവിന്റെ മകള്‍ വിഷ്ണുവാനന്ദ(47)യെയാണ് തട്ടികൊണ്ടുപോയത്. ജയനഗറിലെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തിങ്കളാഴ്ച വൈകിട്ട് സംഭവം നടന്നത്. വിഷ്ണുവാനന്ദ ഹോട്ടലുടമയായ ഭര്‍ത്താവിനൊപ്പം ഹൈദരബാദിലാണ് താമസം. ഭര്‍ത്താവ് രവികുമാറിനൊപ്പം ബാംഗ്ലൂരില്‍ താമസിക്കുന്ന മകളെ കാണാനാണ് ഇവിടെ എത്തിയത്. ബന്ധുവായ ഡോളിയും കൂടെയുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി മൂവരും ബസില്‍ ഹൈദരബാദിലേക്ക് ബസില്‍ മടങ്ങേണ്ടതുമായിരുന്നു.

ഇതിന് മുമ്പ് ഷോപ്പിംഗിനായി വിഷ്ണുവാനന്ദയും ഡോളിയും ജയനഗര്‍ വ്യാപാര സമുച്ചയത്തിലെത്തി. ഇവിടെ വെച്ച് നിങ്ങള്‍ രാമുലുവിന്റെ മകളല്ലേയെന്ന് ചോദിച്ച് വന്ന ഒരു മധ്യവയസ്‌ക്കനും കൂടെ ഒരു സ്ത്രീയും ഇവരെ സമീപിച്ചു. ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ഇവര്‍ തമ്മില്‍ സംഭാഷണവും തുടങ്ങി. അതിനിടയില്‍ ബന്ധുവായ ഡോളി ഷോപ്പിംഗ് തുടര്‍ന്നു. പുറത്തിറങ്ങിയപ്പോഴാണ് വിഷ്ണുവാനന്ദയെയും ദമ്പതികളെയും സ്ഥലത്ത് കാണാതായത്. പന്തികേട് തോന്നിയ ഡോളി ഷോപ്പിംഗ് കോംപ്ലക്‌സിലാകെ തിരഞ്ഞുനടന്നു. മൊബൈലിലേക്ക് നിരന്തരം വിളിച്ചിട്ടും ഫലമുണ്ടായില്ല.

വിഷ്ണുവാനന്ദയെ കണ്ടെത്താനുള്ള ശ്രമം വിഫലമായപ്പോള്‍ ഡോളി രവികുമാറിനെ വിളിച്ച് വിവരമറിയിച്ചു. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം വിഷ്ണുവാനന്ദ ഭര്‍ത്താവ് രവികുമാറിനെ ഫോണില്‍ വിളിച്ചു. തന്നെ അജ്ഞാതരായ ദമ്പതികള്‍ കാറില്‍ തട്ടികൊണ്ടുപോയി അപരിചിതമായ ഒരു സ്ഥലത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അറിയിച്ചു. കന്നട സംസാരിക്കുന്ന ദമ്പതികള്‍ തന്നെ വിട്ടുകിട്ടണമെങ്കില്‍ 40 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്ന് ഭീഷണിപ്പെടുത്തുന്നതായി വിഷ്ണുവാനന്ദ പറഞ്ഞ ഉടന്‍ ദമ്പതികള്‍ ബലം പ്രയോഗിച്ച് മൊബൈല്‍ ഓഫാക്കി. രണ്ട് മിനിറ്റോളം സംഭാഷണം നീണ്ടതായി രവികുമാര്‍ പറയുന്നു.

പോലീസ് ക്രൈം ജോ. കമ്മീഷണര്‍ പ്രണബ് മൊഹന്തി, സിറ്റി പോലീസ് കമ്മീഷണര്‍ സോണിയ നാരംഗ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മുന്‍. എം.പിയുടെ മകളെ കണ്ടെത്താന്‍ രണ്ട് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷ്ണുവാനന്ദയെയും മറ്റുമറിയുന്ന ആരെങ്കിലുമായിരിക്കും റാഞ്ചല്‍ നാടകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അതേ സമയം തങ്ങളുടെ കുടുംബത്തിനിടയില്‍ തര്‍ക്കങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് രവി കുമാറും ജയനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ രാമുലുവും പറഞ്ഞു.

Keywords:  Bangalore, Woman, Kidnap, National 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia