Reform | ഇപിഎഫ്ഒ പെൻഷൻകാർക്ക് സന്തോഷവാർത്ത: 2025 ജനുവരി 1 മുതൽ ഇന്ത്യയിലെ ഏത് ബാങ്കിൽ നിന്നും ഏത് ശാഖയിൽ നിന്നും പെൻഷൻ ലഭിക്കും
കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സംവിധാനം രാജ്യത്തെ 78 ലക്ഷത്തിലധികം ഇപിഎസ് പെൻഷൻകാർക്ക് വളരെ ഉപകാരപ്രദമായിരിക്കും
ന്യൂഡൽഹി: (KVARTHA) ഇപിഎസ് പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷവാർത്ത. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനായി കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സംവിധാനത്തിനുള്ള (CPPS) നിർദേശത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി. ഇനി മുതൽ, ഏത് ബാങ്കിലെ ഏത് ശാഖയിൽ നിന്നും പെൻഷൻ തുക നേരിട്ട് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ സംവിധാനം പെൻഷണർമാർക്ക് വളരെ ഉപകാരപ്രദമായിരിക്കും.
2025 ജനുവരി ഒന്ന് മുതൽ പുതിയ സംവിധാനം ആരംഭിക്കും. ഇപിഎഫ്ഒയുടെ പുതിയ കമ്പ്യൂട്ടർ സംവിധാനമായ സെൻട്രലൈസ് ഐടി എനേബിൾഡ് സിസ്റ്റത്തിൻ്റെ (CITES 2.01) ഭാഗമായാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റ് സംവിധാനത്തിലേക്ക് (ABPS) ഇതിലൂടെ വഴിയൊരുക്കും.
കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സംവിധാനം രാജ്യത്തെ 78 ലക്ഷത്തിലധികം ഇപിഎസ് പെൻഷൻകാർക്ക് വളരെ ഉപകാരപ്രദമായിരിക്കും. പുതിയതരം കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പെൻഷൻ കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും.
പെൻഷൻകാരൻ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴോ അവരുടെ ബാങ്കോ ബ്രാഞ്ചോ മാറുമ്പോഴോ പോലും പെൻഷൻ പേയ്‌മെൻ്റ് ഓർഡറുകൾ (പിപിഒ) ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ട ആവശ്യമില്ലാതെ ഇന്ത്യയിലുടനീളം പെൻഷൻ വിതരണം ചെയ്യുന്നത് സിപിപിഎസ് ഉറപ്പാക്കും. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന പെൻഷൻകാർക്ക് ഇത് വലിയ ആശ്വാസമാകും.
'കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻറ് സിസ്റ്റം ഇപിഎഫ്ഒയുടെ നവീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തെ ഏത് ബാങ്കിൽ നിന്നും ഏത് ശാഖയിൽ നിന്നും പെൻഷൻകാർക്ക് പെൻഷൻ ലഭ്യമാക്കുന്നതിലൂടെ, ഈ സംരംഭം പെൻഷൻകാർ നേരിടുന്ന ദീർഘകാല വെല്ലുവിളികൾക്ക് പരിഹാരം കാണുകയും, തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ഒരു വിതരണ സംവിധാനം ഉറപ്പാക്കുകയും ചെയ്യുന്നു', കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഇപ്പോൾ നിലവിലുള്ള പെൻഷൻ വിതരണ സംവിധാനം ഓരോ സോൺ/റീജിയണൽ ഓഫീസും കുറച്ച് ബാങ്കുകളുമായി മാത്രം കരാർ ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് കാരണം പലപ്പോഴും പെൻഷൻ വിതരണം വൈകുകയും, പെൻഷൻകാർക്ക് ബാങ്കിൽ പോയി പരിശോധനകൾ നടത്തേണ്ടി വരികയും ചെയ്യുന്നു.
ഈ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ സിപിപിഎസ് സംവിധാനം എല്ലാവർക്കും ഒരേ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. ഈ പുതിയ സംവിധാനത്തിൽ പെൻഷൻ തുക പെൻഷൻ തുടങ്ങുന്ന ഉടൻ തന്നെ പെൻഷൻകാരുടെ അക്കൗണ്ടിൽ എത്തും. അതായത്, പെൻഷൻകാർക്ക് ബാങ്കിൽ പോയി പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല. കൂടാതെ, ഈ പുതിയ സംവിധാനം കാരണം പെൻഷൻ വിതരണത്തിൽ വലിയ തോതിൽ ചിലവ് കുറയുമെന്നും ഇപിഎഫ്ഒ പ്രതീക്ഷിക്കുന്നു.
#EPFO #pension #CPPS #CITS2.01 #ABPS #directcredit #pensioners #bankaccount #goodnews